/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/10/10/avihitham-movie-review-rating-2025-10-10-22-33-25.jpg)
Avihitham Movie Review
Avihitham Movie Review & Rating: സെന്ന ഹെഗ്‌ഡെയുടെ 'മെയ്ഡ് ഇൻ കാഞ്ഞങ്ങാട്' ബ്രാൻഡിൽ തിയേറ്ററുകളിലെത്തിയ 'അവിഹിതം', കാഞ്ഞങ്ങാടിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നാണ് കഥ പറയുന്നത്. എന്നാൽ ഈ പ്രമേയം കേരളത്തിന്റെ ഏതു കോണിൽ വെച്ചുപിടിപ്പിച്ചാലും അത് ആവേശത്തോടെ തഴച്ചുവളരുക തന്നെ ചെയ്യും. കാരണം, ഏത് ഗ്രാമത്തിനും പട്ടണത്തിനും പരിചിതമായ ഇതര ബന്ധങ്ങളുടെ/ അവിഹിതത്തിന്റെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്.
Also Read: Feminichi Fathima Movie Review: ഫെമിനിച്ചി ഫാത്തിമ എന്ന കിടക്ക വിപ്ലവം; റിവ്യൂ
ചിത്രം ആരംഭിക്കുന്നത് ഒരു നെൽവയലിനരികിലെ മദ്യപാന സദസ്സിന്റെ വോയ്സ് ഓവറിൽ നിന്നുമാണ്. നാട്ടിലെ സ്ത്രീകളുടെ അവിഹിത കഥകളെക്കുറിച്ചും, ഭർത്താവ് മാറിയാൽ ജാരന്മാരെ വീട്ടിൽ കയറ്റാൻ കാത്തിരിക്കുന്ന വീട്ടമ്മമാരെക്കുറിച്ചുമുള്ള അബദ്ധജൽപ്പനങ്ങളും വിടുവായത്തവുമായി അവർ ഇക്കിളിക്കഥകൾ പങ്കിടുന്നു.
ആ രാത്രിയിൽ, സദസ്സ് പിരിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന പ്രകാശൻ യാത്രാമധ്യേ ഒരു വീടിന്റെ പരിസരത്തുവെച്ച് ഇരുട്ടിന്റെ മറവിൽ പരസ്പരം ചുംബിക്കുന്ന ഒരു സ്ത്രീയേയും പുരുഷനെയും കാണുന്നു. പുരുഷനെ ആദ്യ കാഴ്ചയിൽ തിരിച്ചറിഞ്ഞെങ്കിലും, സ്ത്രീയുടെ കാര്യത്തിൽ നിഗൂഢത അവശേഷിക്കുന്നു.
Also Read: ഹോസ്റ്റലിൽ ഞങ്ങൾക്കൊരു 'ശ്രീദേവി മുറി' ഉണ്ടായിരുന്നു: ആരാധനയുടെ കഥ പറഞ്ഞ് രവി കെ. ചന്ദ്രൻ
പ്രത്യേകിച്ച് ജോലിയോ കൂലിയോ ഇല്ലാത്ത പ്രകാശൻ, ആ സ്ത്രീ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുന്നു. ഇതിനായി, നാട്ടിലെ സ്ത്രീകളുടെ നിഴൽ നോക്കി പോലും അവരുടെ അഴകളവുകൾ മനസ്സിലാക്കുന്ന തയ്യൽക്കാരൻ വേണുവിനെ കൂട്ടുപിടിക്കുന്നു. ഇവരുടെ അന്വേഷണം ഒടുവിൽ അയൽക്കാരിയും, നാട്ടിൽ നിലയും വിലയുമുള്ള കുടുംബത്തിലെ മരുമകളുമായ നിർമ്മലയിൽ ചെന്ന് അവസാനിക്കുന്നു.
Also Read: സത്യം പറ നിങ്ങൾ സിസ്റ്റേഴ്സ് അല്ലേ? വൈറലായി ഒരു റീൽ
ഈ 'ദുർനടപ്പ്' വേണ്ടപ്പെട്ടവരെ അറിയിച്ച് ആ കുടുംബത്തെ ഒരു വലിയ ആപത്തിൽനിന്ന് കരകയറ്റാൻ ഒരുകൂട്ടം നാട്ടുകാർ കച്ചകെട്ടി ഇറങ്ങുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. ഒരു സൈനിക ഓപ്പറേഷന് സമാനമായ ബ്ലൂപ്രിന്റോടും ഗൂഢാലോചനകളോടും കൂടിയുള്ള ഈ സദാചാരക്കൂട്ടത്തിന്റെ പരാക്രമങ്ങളാണ് പിന്നീടുള്ള കാഴ്ച്ചകൾ.
സെന്ന ഹെഗ്‌ഡെയും അംബരീഷ് കലത്തേരയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മലയാളി പുരുഷന്റെ മദ്യപാന ശീലങ്ങളും അതിന് എരിവ് പകരുന്ന മസാലക്കഥകളും, താൻ അനുഭവിക്കുമ്പോൾ മാത്രം വിഹിതവും മറ്റൊരാൾ അനുഭവിക്കുമ്പോൾ അവിഹിതവുമെന്നും സൗകര്യപൂർവ്വം പേരുമാറ്റി എഴുതപ്പെടുന്ന വിവാഹേതര ബന്ധവുമൊക്കെ ചിത്രം വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്നു. തെളിവുകളുടെ അഭാവത്തിൽ പോലും നിർമ്മലയെ കുറ്റക്കാരിയായി മുദ്രകുത്താനും വിചാരണ ചെയ്യാനുമുള്ള ആൺകൂട്ടത്തിന്റെ തിടുക്കമൊക്കെ യാഥാർത്ഥ്യബോധത്തോടെ തന്നെ സെന്ന ആവിഷ്കരിക്കുന്നുണ്ട്.
Also Read: സൂപ്പർസ്റ്റാറുകൾക്കു പോലും കയ്യെത്തി തൊടാനാവാത്ത റെക്കോർഡ് സ്വന്തമാക്കിയ നായിക; ആളെ മനസ്സിലായോ?
വിനീത് ചാക്യാർ, ഉണ്ണി രാജ്, രഞ്ജി കാങ്കോൽ, അമ്മിണി ചന്ദ്രാലയം, ധനേഷ് കോളിയാട്ട് എന്നിങ്ങനെ പേരറിയുന്നവരും അറിയാത്തവരുമായി വന്നുപോവുന്ന അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാവണേശ്വരം എന്ന ആ ഗ്രാമത്തിൽ യഥാർത്ഥത്തിൽ ജീവിക്കുന്ന മനുഷ്യരാണോ ഇവരെന്ന് തോന്നിപ്പിക്കുന്നത്ര സ്വാഭാവികവും തന്മയത്വവുമാണ് ഓരോ കഥാപാത്രങ്ങളുടെയും പ്രകടനം. വലിയ താരങ്ങളുടെ പിന്തുണയില്ലാതെ, കഥയുടെ കരുത്തിലും അഭിനേതാക്കളുടെ മികവിലുമാണ് ഈ ചിത്രം മുന്നോട്ടുപോവുന്നത്.
ഇ ഫോർ എക്സ്പിരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, ഹാരിസ് ദേശം, പി.ബി. അനീഷ്, സി.വി. സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ശ്രീരാഗ് സജി സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കി. സനത്ത് ശിവരാജ് ആണ് എഡിറ്റർ. ഛായാഗ്രാഹകരായ രമേശ് മാത്യൂസും ശ്രീരാജ് രവീന്ദ്രനും കാഞ്ഞങ്ങാടിന്റെ ഭൂമിശാസ്ത്രത്തെ സ്വാഭാവികതയോടെ പകർത്തിവെക്കുന്നു.
Also Read: സൽമാന്റെ കണ്ണിനടിയിലെ തടിപ്പ് മറയ്ക്കാൻ വിഎഫ്എക്സിനു നൽകിയത് 8 ലക്ഷം: വെളിപ്പെടുത്തി സംവിധായകൻ
അതേസമയം, കഥയെ സംവിധായകനും കൂട്ടരും സമീപിച്ച രീതിയിൽ വിയോജിപ്പു തോന്നിയ ഒരു ഏരിയ, ചിത്രത്തിന്റെ മുക്കാൽ പങ്കോളം കഥ മുന്നേറുന്നത് ഏകപക്ഷീയമായും പുരുഷപക്ഷത്തുനിന്നുള്ള കാഴ്ചപ്പാടുകളിലും നിന്നുകൊണ്ടാണ് എന്നതാണ്. Avihitham — Not just a man's right (അവിഹിതം — പുരുഷന്റെ മാത്രം അവകാശമല്ല) എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ആ ടാഗ് ലൈനോടെ, 'അവിഹിതം' എന്ന വിഷയത്തെ അവതരിപ്പിക്കുമ്പോൾ പോലും, കഥ ആൺ തമാശകളുടെയും മുൻവിധികളുടെയും ആംഗിളിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. എല്ലാ സ്ത്രീകളും അവസരം കിട്ടിയാൽ അവിഹിതത്തിനു തഞ്ചം പാർത്തിരിക്കുന്നവരാണെന്നൊരു ആൺ കാഴ്ചപ്പാടിന്റെ നിഴലിൽ ആണ് രാവണേശ്വരത്തെ സ്ത്രീകൾ എല്ലാം നിൽക്കുന്നത്. ഇടയ്ക്ക് എല്ലാം തെളിഞ്ഞും ഒളിഞ്ഞുമുള്ള കുത്തുകളും പല സ്ത്രീ കഥാപാത്രങ്ങൾക്കും നേരെ ഉയരുന്നുണ്ട്. ഒരു സമയത്തുപോലും ചിത്രം ഇതിന്റെ മറുവശത്തേക്ക് സഞ്ചരിക്കുന്നില്ല. ആശ്വാസകരമായൊരു ക്ലൈമാക്സിലേക്ക് ചിത്രം എത്തിച്ചേരുന്നുണ്ടെങ്കിലും, ഒരു വിഷയത്തെ പ്രത്യേകം 'സൂം ചെയ്ത് പ്രൊജക്റ്റ് ചെയ്യുമ്പോൾ' പാലിക്കേണ്ടിയിരുന്ന ബാലൻസിംഗ് തിരക്കഥയിൽ എവിടെയൊക്കെയോ നഷ്ടമാകുന്നുണ്ട്. നിർമ്മലയെ ആൾക്കൂട്ടവിചാരണ നടത്താനുള്ള ആൺകൂട്ടത്തിന്റെ ആവേശത്തിനൊപ്പം തന്നെ തിരക്കഥയും പക്ഷം പിടിക്കുന്നതുപോലെ തോന്നി.
ഈ ബാലൻസിംഗ് പ്രശ്നം മാറ്റിനിർത്തിയാൽ, 'അവിഹിതം' അത്യാവശ്യം എന്റർടെയിൻ ചെയ്യിക്കുന്ന, ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഒരു റിയലിസ്റ്റിക് ഗ്രാമീണ കഥയാണ്. വലിയ സംഭവവികാസങ്ങളില്ലാത്ത ഒരു ചെറിയ കഥാതന്തുവിനെ അതിന്റെ സൂക്ഷ്മാംശങ്ങളോടെ വികസിപ്പിച്ച്, വിരസതയില്ലാതെ ഒരു സിനിമയാക്കി മാറ്റിയ സെന്ന ഹെഗ്‌ഡെയുടെ ഉദ്യമം ശ്രദ്ധേയമാണ്.
Also Read: ഒരു സിൻഡ്രല്ല കഥപോലെ ആ തിരുവല്ലക്കാരിയുടെ ജീവിതം മാറിമറിഞ്ഞതിന്റെ 22-ാം വാർഷികം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.