/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/10/10/feminichi-fathima-review-2025-10-10-15-07-26.jpg)
Feminichi Fathima Movie Review
Feminichi Fathima Movie Review & Rating: കേരളീയ സാഹചര്യങ്ങളിലെ സ്ത്രീകളുടെ നിസ്സഹായതകളും ചെറുത്തുനിൽപ്പുകളും വിഷയമാക്കിയ ചിത്രമായിരുന്നു ജിയോ ബേബിയുടെ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.' മലയാള സിനിമയിൽ ഏറെ ചലനം സൃഷ്ടിച്ച 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' വലിയ ചർച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു.
ഒരർത്ഥത്തിൽ, അതേ ഗണത്തിൽ പെടുന്ന ചിത്രമാണ് 'ഫെമിനിച്ചി ഫാത്തിമ'യും.​ എന്നാൽ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' പോലെ 'ഫോഴ്സ്ഡ്' അല്ലാതെ രാഷ്ട്രീയം പറയുന്നു എന്നതാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത 'ഫെമിനിച്ചി ഫാത്തിമ'യുടെ ഏറ്റവും വലിയ പ്ലസായി തോന്നിയത്.
കേരളീയ സ്ത്രീജീവിതാവസ്ഥകളെ, വളരെ സ്വാഭാവികതയോടെയാണ് ഫാസിൽ മുഹമ്മദ് 'ഫെമിനിച്ചി ഫാത്തിമ'യിൽ അവതരിപ്പിക്കുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അഞ്ചു പുരസ്‌കാരങ്ങളടക്കം, നിരവധി ചലച്ചിത്രമേളകളിൽ അംഗീകാരങ്ങൾ നേടിയ ചിത്രം, ശക്തമായ രാഷ്ട്രീയം വളരെ ലളിതമായി പറഞ്ഞുപോവുകയാണ്.
Also Read: ഹോസ്റ്റലിൽ ഞങ്ങൾക്കൊരു 'ശ്രീദേവി മുറി' ഉണ്ടായിരുന്നു: ആരാധനയുടെ കഥ പറഞ്ഞ് രവി കെ. ചന്ദ്രൻ
കടലോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, യാഥാസ്ഥിതികനും മതവിശ്വാസിയുമായ ഭർത്താവ് അഷ്റഫിന്റെ (കുമാർ സുനിൽ) നിയന്ത്രണങ്ങളിൽ ജീവിക്കുന്ന ഫാത്തിമയുടെയും (ഷംല ഹംസ) കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഒരു ദിവസം മൂത്ത മകൻ കിടക്കയിൽ മൂത്രമൊഴിക്കുന്നതോടെയാണ് ഫാത്തിമയുടെ 'കിടക്കപ്രശ്നം' ആരംഭിക്കുന്നത്.
ഒരു പുതിയ കിടക്ക എന്ന ഫാത്തിമയുടെ അടിസ്ഥാനപരമായ ആഗ്രഹവും, അതിനായുള്ള അവളുടെ പോരാട്ടവുമാണ് സിനിമയുടെ കാതൽ. തീരാപ്പണികൾക്ക് ശേഷം നടുവേദനയില്ലാതെ, സമാധാനത്തോടെ ഒന്നുറങ്ങാനുള്ള അവളുടെ ആഗ്രഹം ഒരു മനുഷ്യാവകാശ പോരാട്ടമായി മാറുന്നു. ഈ 'കിടക്കപ്രശ്നം' ഫാത്തിമയുടെയുള്ളിൽ ഒരു വലിയ മാറ്റത്തിന് തിരികൊളുത്തുകയാണ്. ഒട്ടും അടിച്ചേൽപ്പിക്കാതെ, അങ്ങേയറ്റം സ്വാഭാവികതയോടെയാണ് ഓരോ കഥാമുഹൂർത്തങ്ങളും പരിണമിക്കുകയും കഥാപാത്രങ്ങൾ വികസിക്കുകയും ചെയ്യുന്നത്.
Also Read: സമൂസ വിൽപ്പനക്കാരന്റെ മകൾ, 4 വയസ്സിൽ പാടി തുടങ്ങി; ഇന്ന് കോടികളുടെ ആസ്തി
ഫാത്തിമയുടെ ലോകത്തിന് ചുറ്റും രസകരവും വൈവിധ്യമാർന്നതുമായ സ്ത്രീ കഥാപാത്രങ്ങളുടെ ഒരു നിര തന്നെയുണ്ട്. അയൽക്കാരികൾ മുതൽ, ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി കുപ്പിയും പാട്ടയും പെറുക്കുന്ന തമിഴത്തി വരെ, ഓരോ സ്ത്രീയും അതിസൂക്ഷ്മതയോടെ സിനിമയിൽ അടയാളപ്പെടുത്തപ്പെടുന്നു. യാഥാസ്ഥിതിക ചിന്തകളെ പിന്തുടരുന്നവർ, പുതിയ കാലത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നവർ, അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കുന്നതിന്റെ നിറവിൽ ജീവിക്കുന്നവർ... എന്നിങ്ങനെ വിവിധ മാനസികാവസ്ഥകളും ജീവിത സാഹചര്യങ്ങളുമുള്ള സ്ത്രീകളെ 'ഫെമിനിച്ചി ഫാത്തിമ' പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു.
പുരുഷാധിപത്യസമൂഹം സ്ത്രീകളിൽ ഏൽപ്പിക്കുന്ന പ്രഹരങ്ങൾ, അന്ധവിശ്വാസങ്ങൾ, അധികാരം ഉറപ്പിക്കാനുള്ള പ്രഹസനങ്ങൾ എന്നിവയെല്ലാം സംവിധായകൻ കൃത്യമായി വരച്ചുകാട്ടുന്നു. അഷ്റഫ് എന്ന കഥാപാത്രത്തെ പുരുഷാധിപത്യത്തിന്റെ ഒരു കാരിക്കേച്ചറായി തന്നെ കണക്കാക്കാം. സമൂഹത്തിൽ പേരും വിലയുമുള്ള ഒരു ഉസ്താദായിരുന്നിട്ടും, വീട്ടിൽ ഫാത്തിമയെ എല്ലാ കാര്യങ്ങൾക്കും അയാൾ ചൊൽപ്പടിക്ക് നിർത്തുന്നു. വീട്ടിൽ മോശമായ എന്ത് സംഭവിച്ചാലും അതിന്റെ കുറ്റപ്പെടുത്തൽ മുഴുവൻ ഏറ്റുവാങ്ങേണ്ടത് ഫാത്തിമയാണ് എന്നതാണ് ആ വീട്ടിലെ അലിഖിത നിയമം.
Also Read: സത്യം പറ നിങ്ങൾ സിസ്റ്റേഴ്സ് അല്ലേ? വൈറലായി ഒരു റീൽ
കുടുംബത്തിൽ അധികാരം ഉറപ്പിക്കാനുള്ള അയാളുടെ പ്രഹസനങ്ങളെയും, സ്വന്തം സൗകര്യങ്ങൾക്കായി മതനിയമങ്ങളെ വളച്ചൊടിക്കുന്നതിനെയും സിനിമ സർകാസത്തോടെ ചോദ്യം ചെയ്യുന്നു. ഇരട്ടത്താപ്പുകൾ തുറന്നുകാട്ടുന്നതിൻ്റെ ഉദാഹരണമാണ്, സ്വന്തം ഫേസ്ബുക്ക് 'ഇൽമ്' ആവുകയും അയൽക്കാരിയുടെ ഇൻസ്റ്റഗ്രാം 'ളുൽമ്' ആവുകയും ചെയ്യുന്നത്.
സമൂഹത്തിൽ അധികാരം സ്ഥാപിക്കുന്ന ഈ ഉസ്താദിന്, വീട്ടിൽ ഫാത്തിമയോടുള്ള ആശ്രിതത്വം എത്രത്തോളമാണ് എന്നതാണ് ഇതിലെ ഏറ്റവും വിചിത്രമായ വസ്തുത. ഫാനിടാൻ പോലും കൈപൊങ്ങാത്ത, ഒരു കുക്കർ തുറക്കാൻ പോലും ആശയക്കുഴപ്പത്തിലാവുന്ന അയാൾ, മുറ്റത്തേക്ക് ഇറങ്ങുമ്പോൾ ചെരിപ്പെടുത്തുതരാൻ പോലും ഫാത്തിമയെ ആശ്രയിക്കുന്ന ഒരു 'അൽപ്പൻ കഥാപാത്രമാണ്'.
ചിത്രത്തിന്റെ നട്ടെല്ല് ഷംലയുടെ പ്രകടനമാണ്. നിസ്സഹായതയിൽ നിന്ന് ഉയർത്തെഴുന്നേൽക്കുന്നവളാണ് ഫാത്തിമ. ഫാത്തിമയുടെ സങ്കടങ്ങളെയും ചെറുത്തുനിൽപ്പിനെയും ഷംല അങ്ങേയറ്റം സ്വാഭാവികതയോടെ അവതരിപ്പിച്ചു. പേട്രിയാര്‍ക്കിയല്‍ നിലപാടുകൾ മുറുകെ പിടിക്കുന്ന, എന്നാൽ ഒരു കുക്കർ തുറക്കാൻ പോലും അറിയാത്ത അൽപ്പനായ ഉസ്താദിനെ കുമാർ സുനിൽ ഗംഭീരമാക്കി. ചിത്രത്തിൽ ചെറുതും വലുതുമായ റോളിൽ വന്നുപോവുന്ന ഓരോ കഥാപാത്രങ്ങളും അഭിനയിക്കുകയാണെന്ന് തോന്നാത്ത വിധം സ്വാഭാവികതയോടെ തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്.
'ഫെമിനിച്ചി ഫാത്തിമ' എന്ന പേരിലേക്കുള്ള ഫാത്തിമയുടെ സഞ്ചാരമാണ് ചിത്രത്തിന്റെ കാതൽ. '"ഫെമിനിച്ചികൾ ഉണ്ടാവുന്നതല്ല, ഉണ്ടാക്കപ്പെടുന്നതാണ്!" എന്നൊരു ടാഗ് ലൈൻ ഈ സിനിമയ്ക്ക് അനുയോജ്യമായിരിക്കും. അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നിടത്ത്, അതിനെ ചോദ്യം ചെയ്യുന്നിടത്താണ് ഫാത്തിമയ്ക്ക് 'ഫെമിനിച്ചി' എന്ന വിളിപ്പേര് കിട്ടുന്നത്.
മുടി ബോബ് ചെയ്ത്, ചുണ്ടിൽ ലിപ്സ്റ്റിക്കിട്ട്, ക്ലബ്ബുകളിൽ കയറിയിറങ്ങി നടക്കുന്ന സ്ത്രീകളാണ് ഫെമിനിച്ചികൾ എന്നൊരു പൊള്ളയായ ഇമേജ് ഒരുകാലത്ത് സ്ത്രീകൾക്ക് ചാർത്തി തന്നതും മലയാള സിനിമയാണ്. അത്തരം പൊള്ളയായ നിർവചനങ്ങളെ തിരുത്തിക്കൊണ്ട്, ഫെമിനിസമെന്നാൽ അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടിയുള്ള സ്ത്രീയുടെ പോരാട്ടമാണെന്ന് ഈ സിനിമ അടിവരയിട്ട് പറയുന്നു.
ഫെമിനിസം എന്നത് സ്ത്രീകളുടെ മേൽക്കോയ്മയല്ല, മറിച്ച് മാനുഷികമായ പരിഗണനയാണ് എന്നും അതിനുവേണ്ടിയാണ് ഇന്നും എത്രയോ സ്ത്രീകൾ പോരാടുന്നതെന്നും വൃത്തിയായി പറഞ്ഞുവയ്ക്കുന്നുണ്ട് ചിത്രം. ഒപ്പം, സാമ്പത്തികമായ സ്വയംപര്യാപ്തതയാണ് സ്ത്രീകളുടെ വിമോചനമെന്നും ചിത്രം ഏറ്റവും സ്വാഭാവികമായി പറയുന്നു.
പ്രിൻസ് ഫ്രാൻസിസിന്റെ ഛായാഗ്രഹണം ആ കടലോര ഗ്രാമത്തിലെ ഏതോ ഒരു വീട്ടിലിരുന്ന് ഫാത്തിമയുടെ ജീവിതം കാണുന്നത്ര അടുപ്പം പ്രേക്ഷകന് നൽകുന്നു. കബീറിന്റെ സംഗീതവും സച്ചിൻ ജോസിന്റെ ശബ്ദരൂപകൽപ്പനയും (സിനിമയുടെ ടോണിനോട് നീതി പുലർത്തുന്നു. ഫാസിലിന്റെ മികച്ച എഴുത്ത്, സംവിധാനം, എഡിറ്റിംഗ് എന്നിവയും ആഗ്നേയുടെ കലാസംവിധാനവും സിനിമയുടെ മൊത്തത്തിലുള്ള അനുഭവത്തിന് മിഴിവേകി.
പ്രേക്ഷകരെ രസിപ്പിക്കുകയും അതേ സമയം ശക്തമായ രാഷ്ട്രീയം പറയുകയും ചെയ്യുന്ന 'ഫെമിനിച്ചി ഫാത്തിമ' മലയാള സിനിമയുടെ പുതിയ വഴിത്തിരിവുകളിൽ ഒന്നാണ്.
Also Read: സൂപ്പർസ്റ്റാറുകൾക്കു പോലും കയ്യെത്തി തൊടാനാവാത്ത റെക്കോർഡ് സ്വന്തമാക്കിയ നായിക; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.