/indian-express-malayalam/media/media_files/m0AzbrPPCcRzmmCMcuNA.jpg)
പിഎം ഇന്റേൺഷിപ് പദ്ധതി
ന്യൂഡൽഹി: പിഎം ഇന്റേൺഷിപ് പദ്ധതിയിൽ യുവാക്കൾക്ക് ഇന്നു മുതൽ അപേക്ഷിക്കാം. ഒരു കോടി യുവജനങ്ങൾക്ക് ഇന്റേൺഷിപ്പിന് അവസരം ഒരുക്കുന്ന പോർട്ടൽ ഇന്നു വൈകിട്ട് 5 മുതൽ തുറക്കും. pminternship.mca.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ചശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കും. അതിനുശേഷം ഓരോ കമ്പനിക്കും ആവശ്യമായ ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക കോർപറേറ്റ് കാര്യ മന്ത്രാലയം നൽകും. ഈ പട്ടികയിൽ നിന്ന് കമ്പനികൾ തിരഞ്ഞെടുക്കുന്നവർക്കാണ് ഇന്റേൺഷിപ്പിന് അവസരം ലഭിക്കുക.
നൂറിലധികം കമ്പനികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മുത്തൂറ്റ് ഫിനാൻസ്, ബജാജ് ഫിനാൻസ്, എൽ ആൻഡ് ടി, ഐഷർ അടക്കമുള്ള പ്രമുഖ കമ്പനികളും ഇക്കൂട്ടത്തിലുണ്ട്. രാജ്യത്തെ 650 ജില്ലകളിൽ അവസരങ്ങൾ നിലവിൽ ലഭ്യമാണ്.
ആർക്കൊക്കെ അപേക്ഷിക്കാം?
ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവർ ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം. ഐടിഐയിൽ നിന്ന് സർട്ടിഫിക്കറ്റ്, പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡിപ്ലോമ അല്ലെങ്കിൽ ബിഎ, ബിഎസ്‌സി, ബികോം, ബിസിഎ, ബിബിഎ, അല്ലെങ്കിൽ ബിഫാർമ ബിരുദം നേടിയിരിക്കണം. അപേക്ഷകർക്ക് 21 നും 24 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ ഇന്ത്യക്കാരായിരിക്കണം. മുഴുവൻ സമയ ജോലിയില്ലാത്ത, മുഴുവൻ സമയ വിദ്യാർത്ഥികൾ അല്ലാത്തവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അല്ലെങ്കിൽ വിദൂര പഠന കോഴ്സുകളിൽ എൻറോൾ ചെയ്തിട്ടുണ്ടെങ്കിൽ അപേക്ഷകർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം?
- pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിൽ, താഴേക്ക് സ്ക്രോൾ ചെയ്യുക. ഒരു രജിസ്റ്റർ ഓപ്ഷൻ കാണും. ലിങ്ക് തിരഞ്ഞെടുക്കുക, ഒരു പുതിയ പേജ് തുറക്കും.
- രജിസ്ട്രേഷൻ വിശദാംശങ്ങളും ആവശ്യമായ രേഖകളും പൂരിപ്പിച്ചശേഷം submit ബട്ടൺ ക്ലിക്ക് ചെയ്യുക.
- രജിസ്ട്രേഷനോ അപേക്ഷാ ഫീസോ ഇല്ല. അപേക്ഷകൾ നൽകുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ഒരു ബയോഡാറ്റ ക്രിയേറ്റ് ചെയ്യപ്പെടും. കുറഞ്ഞത് അഞ്ചു സ്ഥാപനങ്ങളിലേക്ക് ഒരാൾക്ക് അപേക്ഷിക്കാം.
സ്റ്റൈപൻഡ് ലഭിക്കുമോ?
12 മാസം നീളുന്ന ഇന്റേൺഷിപ് ലഭിക്കുന്നവർക്ക് സ്റ്റൈപൻഡായി പ്രതിമാസം 5000 രൂപയും ഒറ്റത്തവണ സഹായമായി 6000 രൂപയും ലഭിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.