/indian-express-malayalam/media/media_files/U9nX5c4tbBnU6pqYOJXr.jpg)
Bigg Boss Malayalam 6
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആറിൽ ആദ്യദിനം തന്നെ ശ്രദ്ധ നേടിയ കൂട്ടുക്കെട്ടുകളിൽ ഒന്നായിരുന്നു റോക്കിയും സിജോയും തമ്മിലുള്ളത്. ബിഗ് ബോസ് വീട്ടിൽ വന്നിട്ട് റോക്കി ആദ്യമായി വിശ്വാസത്തിൽ എടുത്ത സുഹൃത്ത് സിജോ ആയിരുന്നു. ആദ്യത്തെ ക്യാപ്റ്റൻസി ടാസ്കിൽ തന്നെ ഇരുവരും ഗ്രൂപ്പായി കളിക്കാനാണ് ശ്രമിച്ചത്. ഇത് വീടിനകത്ത് വലിയ സംഘർഷങ്ങൾക്കും കാരണമായി.
ഈ സീസണിലെ ശക്തരായ രണ്ടു മത്സരാർത്ഥികൾ എന്ന രീതിയിൽ ഇരുവരും വലിയ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ പോകെപോകെ, ആ സൗഹൃദത്തിനും വിശ്വാസത്തിനും ഇടിവു തട്ടുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ഞായറാഴ്ചയിലെ വാരാന്ത്യ എപ്പിസോഡിൽ, മോഹൻലാലിന്റെ മുന്നിൽവച്ച്, സിജോ പിന്നിൽ നിന്നും തന്നെ കുത്തിയെന്നും തനിക്ക് സിജോയിൽ വിശ്വാസമില്ലെന്നും റോക്കി ആരോപിച്ചിരുന്നു.
ഈ ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്കിൽ മത്സരിച്ചതും അസി റോക്കിയും സിജോയും അൻസിബയുമായിരുന്നു. റോക്കിയേയും അൻസിബയേയും തോൽപ്പിച്ച് സിജോ ഹൗസിലെ മൂന്നാമത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു.
രാവിലെ മുതൽ പല കാര്യങ്ങളിലും സിജോയും റോക്കിയും കൊമ്പുകോർക്കുന്നുണ്ടായിരുന്നു. ആ വഴക്കുകൾ രൂക്ഷമാവുകയും കയ്യാങ്കളിയിൽ എത്തിച്ചേരുകയുമായിരുന്നു. പുറത്തുവന്ന പുതിയ പ്രമോയിൽ റോക്കിയും സിജോയും ഹാളിൽ വെച്ച് വാക്കേറ്റത്തിൽ ഏർപ്പെടുന്നതും പരസ്പരം വെല്ലുവിളിക്കുന്നതും കാണാം. റോക്കി സിജോയോട് ധൈര്യമുണ്ടെങ്കിൽ ദേഹത്ത് കൈ വെച്ച് നോക്കുവെന്ന് വെല്ലുവിളിക്കുന്നുണ്ട്. കൈവെച്ചാൽ എന്ത് ചെയ്യുമെന്ന് ചോദിച്ച് സിജോ റോക്കിയുടെ താടിയിൽ പിടിക്കുന്നതും കാണാം. പിന്നാലെ സിജോയുടെ കവിളിൽ തല്ലുകയാണ് റോക്കി. പെട്ടെന്നുണ്ടായ സംഭവവികാസങ്ങളിൽ അന്താളിച്ചു നിൽക്കുകയാണ് സഹമത്സരാർത്ഥികൾ. അർജുൻ ഓടി വന്ന് റോക്കിയെ പിടിച്ചു മാറ്റുന്നതും മറ്റുള്ള മത്സരാർത്ഥികൾ ഓടി സിജോയ്ക്ക് അരികിലേക്ക് വരുന്നതും കാണാം.
എന്തായാലും വീടിനകത്ത് നടന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ഇപ്പോൾ റോക്കിയെ വീട്ടിൽ നിന്നും പുറത്താക്കാനുള്ള കാരണമായിരിക്കുന്നത്. സംഭവത്തിനു ശേഷം, സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കായി മാത്രമേ താൻ ഇതിനെ കാണുന്നുള്ളുവെന്നും തനിക്ക് പരാതിയില്ലെന്നും സിജോ ബിഗ് ബോസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ ശാരീരികമായി ഉപദ്രവിക്കുക എന്നത് ബിഗ് ബോസ് നിയമത്തിന്റെ ചട്ടലംഘനമാണ്. അതിനാൽ തന്നെ നിയമങ്ങൾ തെറ്റിച്ചാൽ ആരായാലും ബിഗ് ബോസ് വീടിനകത്ത് തുടരാനാവില്ല.
വീടിനകത്തെ പ്രശ്നങ്ങൾ കയ്യാങ്കളിയിൽ കലാശിച്ചതോടെ റോക്കിയെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചു. കൺഫെഷൻ റൂമിലെത്തിയ റോക്കി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. 'സിജോയോട് ഞാൻ പറഞ്ഞതാണ് എന്റെ ദേഹത്ത് തൊടരുതെന്ന്. ദേഹത്ത് തൊട്ടാൽ എന്റെ കൈ അറിയാതെ പൊങ്ങും. ഞാൻ ചെയ്തത് തെറ്റാണ്. അതുകൊണ്ട് ഞാൻ പോകാൻ തയ്യാറാണ്' എന്നൊക്കെ കരച്ചിലിനിടയിൽ റോക്കി പറയുന്നുണ്ടായിരുന്നു.
"എന്റെ ആറ് വർഷത്തെ സ്വപ്നമാണ് കയ്യിൽ നിന്നും പോയത്. നൂറ് ദിവസത്തേക്കുള്ള വസ്ത്രവും കൊണ്ടാണ് ഞാൻ വന്നത്. ഹീറോയായി ഹൗസിൽ നിന്നും ഇറങ്ങണമെന്നാണ് ഞാൻ വിചാരിച്ചത്. ഇപ്പോൾ ഞാൻ വെറും സീറോയായാണ് പുറത്തേക്ക് പോകുന്നത്. റോക്കി തോറ്റു," എന്നൊക്കെ കരഞ്ഞുകൊണ്ട് തന്റെ മുഖത്തടിച്ചും ഏങ്ങലടിച്ചുകരഞ്ഞുമാണ് റോക്കി മനസ്സിലെ പ്രക്ഷുബ്ധത പ്രകടിപ്പിച്ചത്. റോക്കി ഒന്നു ശാന്തമായതോടെ ബിഗ് ബോസ്, റോക്കിയെ വീടിനകത്തുനിന്നും പുറത്തേക്ക് കൊണ്ടുപോയി.
വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാവില്ലെന്ന സത്യത്തെ ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുകയാണ് റോക്കിയുടെ ബിഗ് ബോസ് പടിയിറങ്ങൽ. ദേഷ്യം നിയന്ത്രിക്കാനും സംയമനം പാലിക്കാനും ബിഗ് ബോസും മോഹൻലാലും സഹമത്സരാർത്ഥികളുമടക്കം എല്ലാവരും പലകുറി റോക്കിയെ ഉപദേശിച്ചിരുന്നു. എന്നാൽ, എല്ലാവരും ഭയന്നതു തന്നെ സംഭവിച്ചിരിക്കുകയാണ് ഇപ്പോൾ. മികച്ചൊരു ഗെയിമർ ആയിട്ടുകൂടി, തുടക്കത്തിൽ തന്നെ കാലിടറി കളം വിടുകയാണ് അസിം റോക്കി.
Read More Stories Here
- 6 വർഷത്തെ സ്വപ്നമാണ് കയ്യിൽ നിന്നും പോയത്; അലറിക്കരഞ്ഞും പതം പറഞ്ഞും റോക്കി
- സിജോയെ കയ്യേറ്റം ചെയ്തു; റോക്കി ഷോയിൽ നിന്നും പുറത്തേക്ക്
- ജാസ്മിൻ നല്ല ഗെയിമാണോ കളിച്ചത്?; പൊട്ടിത്തെറിച്ച് മോഹൻലാൽ
- പ്രെഷർ ഉണ്ടെങ്കിൽ വീട്ടിലിരിക്കണം; രതീഷിനോട് പൊട്ടിത്തെറിച്ച് ലാലേട്ടൻ
- അർജുൻ അർഹതപ്പെടാത്ത ക്യാപ്റ്റൻസിയുമായാണ് നിൽക്കുന്നത്: ഫിറോസ് ഖാൻ
- ആദ്യം ചായ ഉണ്ടാക്കാൻ പഠിക്ക്, എന്നിട്ട് ഇണ്ടാക്ക് നിലയും വിലയും: ട്രോൾമഴയിൽ നനഞ്ഞ് ബിഗ് ബോസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us