/indian-express-malayalam/media/media_files/2025/01/08/ZDds9DF45ri9TiE47uxT.jpg)
ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ വമ്പൻ ബാറ്റേഴ്സെല്ലാം കുഴങ്ങി നിന്നിടത്ത് നെഞ്ചുവിരിച്ച് നിന്നായിരുന്നു യശസ്വി ജയ് സ്വാളിന്റെ ബാറ്റിങ്. സിഡ്നി ടെസ്റ്റിൽ ഇന്ത്യയുടെ ഇന്നിങ്സിലെ ആദ്യ ഓവറിൽ ഓസീസ് സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ നാല് വട്ടമാണ് യശസ്വി ബൌണ്ടറി കടത്തിയത്. ടെസ്റ്റിൽ ഒരു ഇന്നിങ്സിലെ ആദ്യ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഓപ്പണർ. ഭയരഹിതനായി ഇങ്ങനെ ബാറ്റ് വീശിയൊരു താരത്തെ ഇന്ത്യക്ക് ഏകദിന ഫോർമാറ്റിൽ നിന്നും മാറ്റി നിർത്താനാവുമോ? ഏകദിനത്തിലെ ഇന്ത്യയുടെ രോഹിത്-ഗിൽ ഓപ്പണിങ് സഖ്യത്തെ പൊളിക്കാൻ സെലക്ടർമാർ തയ്യാറാകുമോ?
കണക്കുകളെല്ലാം യശസ്വിക്ക് അനുകൂലമാണ്. ഓസീസ് പര്യടനത്തിൽ റൺസ് കണ്ടെത്താൻ രോഹിത്തിനും ഗില്ലിനും സാധിച്ചില്ല. എന്നാൽ ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ ഇരുവരുടേയും സ്ഥാനത്തിന് ഇത് കോട്ടം തട്ടിക്കില്ല. പക്ഷേ ഇന്ത്യൻ ഏകദിന ടീമിലേക്ക് എത്താൻ അർഹനാണ് താനെന്ന് യശസ്വി തെളിയിച്ചു കഴിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേയും ഇന്ത്യൻ കുപ്പായത്തിലേയും യശസ്വിയുടെ പ്രകടനങ്ങൾ സെലക്ടർമാർക്ക് അവഗണിക്കാനാവുന്നതല്ല.
രോഹിത്-ഗിൽ സഖ്യത്തിന്റെ ഏകദിനത്തിലെ മികച്ച ഓപ്പണിങ് റെക്കോർഡ് ആണ് യശസ്വിയെ പരിഗണിക്കുമ്പോൾ സെലക്ടർമാരെ കുഴയ്ക്കുന്നത്. എന്നാൽ 23കാരന്റെ പക്വതയും റേഞ്ചും കണ്ടില്ലെന്ന് നടക്കാനുമാവില്ല. നിലവിൽ ഇന്ത്യയുടെ ഏറ്റവും ഫോമിൽ നിൽക്കുന്ന ബാറ്ററെ ചാംപ്യൻസ് ട്രോഫിയിൽ നിന്ന് മാറ്റി നിർത്തുന്നത് അനീതിയല്ലേ? മാറ്റി നിർത്തിയാൽ എത്ര നാൾ അതിനാവും?
രോഹിത്-ഗിൽ കൂട്ടുകെട്ടിന് നേർക്കും കണ്ണടയ്ക്കാനാവില്ല
25 ഏകദിനങ്ങളിലാണ് രോഹിത്തും ഗില്ലും ചേർന്ന് ഇന്ത്യക്കായി ഏകദിനത്തിൽ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇരുവരും ചേർന്ന് കണ്ടെത്തിയത് 1732 റൺസ്. ബാറ്റിങ് ശരാശരി 72.16. 16 വട്ടം ഈ സഖ്യം 50 ന് മുകളിൽ കൂട്ടുകെട്ട് കണ്ടെത്തി. ഫെബ്രുവരിയുടെ തുടക്കത്തിൽ വരുന്ന ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളിൽ ഗില്ലിനേയും യശസ്വിയേയും ഇന്ത്യക്ക് പരീക്ഷിക്കാവുന്നതാണ്. ഇവിടെ ഗില്ലിന് പിഴച്ചാൽ യശസ്വിയിലേക്ക് സെലക്ടർമാർ എത്തുമെന്ന സമ്മർദം ഗില്ലിന് മേലുണ്ട്.
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ബിസിസിഐ ആരെ തിരഞ്ഞെടുക്കും എന്നത് ഗിൽ, യശസ്വി ചർച്ചയിലെ ചിത്രം കൂടുതൽ വ്യക്തമാക്കും. കഴിഞ്ഞ വർഷം നടന്ന ശ്രീലങ്കക്കെതിരായ പരമ്പരയിൽ രോഹിത്തിന്റെ ഡെപ്യൂട്ടിയായിരുന്നു ഗിൽ. എന്നാൽ ചാംപ്യൻസ് ട്രോഫിയിൽ ഗിൽ വൈസ് ക്യാപ്റ്റന് സ്ഥാനത്തേക്ക് എത്താനുള്ള സാധ്യത വിരളമാണ്. വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഗില്ലിനെ മാറ്റിയാൽ യശസ്വിക്ക് ചാംപ്യൻസ്ട്രോഫി കളിക്കാനുള്ള​ സാധ്യതകൾ കൂടും.
യശസ്വിയെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നാൽ ആദ്യ ആറ് ബാറ്റിങ് പൊസിഷനിലെ വലംകയ്യന്മാർ മാത്രം എന്ന പോരായ്മയും ഇന്ത്യക്ക് മറികടക്കാം. മൂന്നാമനമായി കോഹ്ലിക്കും വിക്കറ്റ് കീപ്പറുടെ റോളിൽ കെ.എൽ.രാഹുലിനും ഇറങ്ങാം.
കണക്കുകളിലെ കൊമ്പൻ
2019 മുതൽ 2022 വരെ 32 ഇന്നിങ്സുകളാണ് യശസ്വി കളിച്ചത്. 53.96 എന്ന ബാറ്റിങ് ശരാശരിയിൽ നേടിയത് 1511 റൺസ്. അഞ്ച് സെഞ്ചറിയും ഏഴ് അർധ ശതകവും ഈ സമയം യശസ്വിയിൽ നിന്ന് വന്നു. നമ്പർ 3 പൊസിഷനിൽ 2019 മുതൽ 2021 വരെയാണ് യശസ്വി കളിച്ചത്. നേടിയത് 129 റൺസ്. ബാറ്റിങ് ശരാശരി 41. സ്ട്രൈക്ക്റേറ്റ് 73. 17ാം വയസിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം അഞ്ച് വർഷം പിന്നിടുമ്പോൾ 3000 ട്വന്റി20 റൺസ് ആണ് യശസ്വി വാരിക്കൂട്ടിയത്. സ്ട്രൈക്ക്റേറ്റ് 150.23.ടെസ്റ്റ് ക്രിക്കറ്റിൽ 36 ഇന്നിങ്സിൽ നിന്ന് 1798 റൺസ് ആണ് യശസ്വി ഇതുവരെ സ്കോർ ചെയ്തത്. ടെസ്റ്റിൽ ഇതിലും മികച്ച തുടക്കം ലഭിച്ചിരിക്കുന്നത് സെവാഗിനും പൂജാരയ്ക്കും മാത്രം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us