/indian-express-malayalam/media/media_files/2025/01/18/PjD68Y4f12jMgesDaNfT.jpg)
വിരാട് കോഹ്ലിയോട് തന്റെ മുന്‍ സഹതാരം ചേതേശ്വര്‍ പുജാരയുടെ പാത പിന്തുടര്‍ന്ന് കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സഞ്ജയ് മഞ്ജരേക്കര്‍. അടുത്തതായി 2025 ജുണില്‍ നടക്കുന്ന ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പായി ഫോം വീണ്ടെടുക്കാന്‍ ഇത് കോഹ്ലിയേ സഹായിക്കുമെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയ‌്‌ക്കെതിരെ കോഹ്ലിയുടെ മോശം പ്രകടനത്തിന് ശേഷമാണ് മഞ്ജരേകറുടെ ഈ അഭിപ്രായം.
പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റ് തന്നെ സെഞ്ചുറി നേടിയ 36 വയസ്സുകാരന്‍ പക്ഷേ അതിന്‍ ശേഷം കളിച്ച നാല് ടെസ്റ്റുകളില്‍ റണ്‍ നേടാന്‍ പ്രയാസപ്പെട്ടു. പരമ്പരയില്‍ ആകെ ഒമ്പത് മത്സരങ്ങളില്‍ നിന്നായി 23.75 ശരാശരിയില്‍ 190 റണ്‍ നേടാനേ താരത്തിന് കഴിഞ്ഞുള്ളു. നിരന്തരമായി ഓഫ് സ്റ്റമ്പിന് പുറത്ത് വരുന്ന പന്തുകളിലാണ് കോഹ്ലി ഔട്ടായത്.
സ്റ്റാര്‍ സ്പോര്‍ട്സിന് കൊടുത്ത അഭിമുഖത്തിലാണ് സഞ്ജയ് ഈ കാര്യം സൂചിപ്പിച്ചത്. 'കോഹ്ലി ധാരാളം റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടില്‍ ആദ്യ ടെസ്റ്റ് ജൂണിലും കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഏപ്രിലിലും ആരംഭിക്കും. പുജാര ചെയ്തതുപോലെ ഒരു കൗണ്ടി ടീമില്‍ ചേരാനും വിലയേറിയ മാച്ച് പ്രാക്ടീസ് നേടാനും അദ്ദേഹത്തിന് കഴിയും.'
'പ്രാരംഭ ടെസ്റ്റ് മത്സരങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം ഇന്ത്യക്ക് വിലയിരുത്താം. പോസിറ്റീവ് ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അദ്ദേഹത്തിന് തുടരാം. എന്നാല്‍ മുമ്പ് കണ്ടിട്ടുളത് പോലെ നമ്മള്‍ താത്പര്യപ്പെടാത്തത് കോഹ്ലി അവിടെ പോയി പാടുപെടുന്നതാണ്. അത് ഇന്ത്യന്‍ ക്രിക്കറ്റിന് നല്ലതല്ല. കൗണ്ടി ക്രിക്കറ്റ് കളിക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ വിവേകപൂര്‍ണ്ണമായ നീക്കമായിരിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡല്‍ഹിയുടെ രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള സാധ്യത ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും കഴുത്ത് വേദന മൂലം ജനുവരി 23ന് തുടങ്ങുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് താരം ബിസിസിഐയേ അറിയിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ ആദ്യമായി താരം ഒരു പരമ്പര കളിക്കുന്നത് 2014ലാണ്. എന്നാല്‍ ആദ്യ പരമ്പരയില്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ താരം 10 ഇന്നിങ്സുകളില്‍ വെറും 13.4 ശരാശരിയില്‍ 134 റണ്‍ നേടാന്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളു. പക്ഷേ 2018ല്‍ ഇംഗ്ലണ്ടില്‍ തന്റെ തിരിച്ച് വരവ് അറിയിച്ച കോഹ്ലി 10 ഇന്നിങ്സുകളില്‍ മൂന്ന് അര്‍ദ്ധ സെഞ്ചുറിയും രണ്ട് സെഞ്ചുറിയും നേടി 59.3 ശരാശരിയില്‍ 593 റണ്‍ നേടി. എറ്റവും അവസാനം ഇംഗ്ലണ്ടില്‍ 2021-22 കളിച്ചപ്പോള്‍ ഒമ്പത് ഇന്നിങ്സുകളില്‍ 249 റണ്‍ നേടാനേ കോഹ്ലിക്ക് കഴിഞ്ഞുള്ളു.
ഇംഗ്ലണ്ടില്‍ ആകെ 17 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള കോഹ്ലി അഞ്ച് അര്‍ദ്ധ സെഞ്ചുറിയും രണ്ട് സെഞ്ചുറിയും ഉള്‍പ്പടെ 33.21 ശരാശരിയില്‍ 1096 റണ്‍സാണ് നേടിയിട്ടുള്ളത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us