/indian-express-malayalam/media/media_files/2024/12/30/ZrK3mKSm39iNXqdDkyxY.jpg)
Rohit Kohli and Virat Kohli: (X)
വിരാട് കോഹ്ലി ഇന്ത്യൻ റെഡ് ബോൾ ടീമിന്റെ ക്യാപ്റ്റനായി തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ഡ്രസ്സിങ് റൂമിനുള്ളിൽ അസ്വാരസ്യങ്ങൾ പുകയുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് വിരാട് കോഹ്ലി വീണ്ടും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കും എന്ന റിപ്പോർട്ടുകൾ ശക്തമാവുന്നത്.
ബാറ്റിങ്ങിലും നായകത്വത്തിലും രോഹിത് നിരാശപ്പെടുത്തിയതോടെയാണ് ക്യാപ്റ്റൻസി മാത്രം ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ചൂടുള്ള ചർച്ചയായി മാറിയത്. സിഡ്നി ടെസ്റ്റിൽ രോഹിത് ശർമയ്ക്ക് പ്ലേയിങ്ങ് ഇലവനിൽ ഇടം ഉണ്ടാവുമോ എന്ന ചോദ്യത്തിന് നാളെ പിച്ച് പരിശോധിച്ചതിന് ശേഷം തീരുമാനം എടുക്കും എന്നാണ് പരിശീലകൻ ഗംഭീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
സിഡ്നി ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ ഇടം നേടിയില്ലെങ്കിൽ രോഹിത് വിരമിക്കൽ പ്രഖ്യാപിക്കാൻ മടിക്കില്ല. സിഡ്നി ടെസ്റ്റിൽ ജയം പിടിച്ചാൽ പരമ്പര ഇന്ത്യക്ക് 2-2ന് സമനിലയിലാക്കാം. എന്നാൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്ക് എത്താനുള്ള സാധ്യത വിരളമാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് എത്താനായാൽ ഇത് കഴിഞ്ഞിട്ട് വിരമിക്കൽ പ്രഖ്യാപിക്കാനാവും രോഹിത് ആഗ്രഹിക്കുന്നത് എന്ന റിപ്പോർട്ടുകളും വന്നിരുന്നു.
അതേ സമയം ഇന്ത്യൻ ടീമിനുള്ളിൽ ഒരു മുതിർന്ന താരം താത്കാലിക ക്യാപ്റ്റൻ എന്ന നിലയിൽ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് പെരുമാറാൻ തുടങ്ങിയിരുന്നതായും വാർത്തകൾ വന്നിരുന്നു. ടീമിലെ മറ്റ് യുവതാരങ്ങൾ ക്യാപ്റ്റൻസി ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാകപ്പെട്ടിട്ടില്ല എന്ന നിലപാടാണ് ഈ താരം സ്വീകരിച്ചത്.
ഡ്രസ്സിങ് റൂമിലെ അസ്വാരസ്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സിഡ്നി ടെസ്റ്റിന് മുൻപായുള്ള വാർത്താ സമ്മേളനത്തിൽ ഗംഭീർ തള്ളിയിരുന്നു. വാർത്താ സമ്മേളനത്തിന് മുൻപും ശേഷവും ഗംഭീർ ബുമ്രയുമായി നീണ്ട നേരം സംസാരിച്ചിരുന്നു. രോഹിത്തിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ലക്ഷ്യം വെക്കുന്നവരിൽ ബുമ്ര മുൻപിലുണ്ട്. പെർത്ത് ടെസ്റ്റിൽ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചതും ബുമ്രയ്ക്ക് മുൻതൂക്കം നൽകുന്നു. എന്നാൽ കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങി എത്തും എന്ന റിപ്പോർട്ടുകളും ശക്തമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.