/indian-express-malayalam/media/media_files/2025/01/02/CsttEviMDTKwQFOG0jKQ.jpg)
Gautam Gambhir: (Instagram)
ബോർഡർ ഗാവസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിലേക്ക് എത്തി നിൽക്കുമ്പോൾ കാര്യങ്ങൾ അത്ര സുഖകരമല്ല ഇന്ത്യൻ ടീമിൽ. രോഹിത്തിന്റേയും കോഹ്ലിയുടേയും മോശം ഫോമിനൊപ്പം ഡ്രസ്സിങ് റൂമിനുള്ളിലെ അസ്വാരസ്യങ്ങളുടെ റിപ്പോർട്ടുകളും വരുന്നു. മെൽബൺ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഡ്രസ്സിങ് റൂമിൽ പരിശീലകൻ ഗംഭീർ പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ടുകൾ.
"ഇന്ത്യൻ ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആറ് മാസം പിന്നിടുമ്പോൾ നിങ്ങളെ സ്വതന്ത്രമായി കളിക്കാൻ ഞാൻ അനുവദിച്ചു. നിങ്ങളുടെ സ്വതസിദ്ധമായ കളിക്കും നിലപാടുകൾക്കും ഒപ്പം നിൽക്കുകയാണ് ഞാൻ ചെയ്തത്. എനിക്ക് ഇപ്പോൾ മതിയായി. ഇനി ഞാൻ പറയുന്നത് പോലെ കളിക്കണം. അല്ലാത്തവർക്ക് ടീമിൽ സ്ഥാനമില്ല. ടീം ആവശ്യപ്പെടുന്നത് പോലെ കളിക്കാത്തവർക്ക് ടീമിന് പുറത്താണ് സ്ഥാനം", നിലപാട് കടുപ്പിച്ച് ഡ്രസ്സിങ് റൂമിൽ ഗംഭീർ ഇങ്ങനെ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ടീമിലെ സീനിയർ താരങ്ങൾ സാഹചര്യം ആവശ്യപ്പെടുന്ന വിധം കളിക്കാതെ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ കളി തുടർന്നതാണ് ഗംഭീറിനെ പ്രകോപിപ്പിച്ചത്. 20.4 ഓവറിലാണ് മെൽബണിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടമായത്. ബോർഡർ ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനവും ന്യൂസിലൻഡിന് എതിരെ വൈറ്റ് വാഷ് ചെയ്യപ്പെട്ടതും ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തോൽവിയും ഗംഭീറിന് മേലുള്ള സമ്മർദവും കൂട്ടുകയാണ്.
ആരുടേയും പേരെടുത്ത് പറയാതെയാണ് ഗംഭീർ ഡ്രസ്സിങ് റൂമിൽ താരങ്ങൾക്ക് അന്ത്യശാസനം നൽകിയത്. മെൽബണിൽ മോശം ഷോട്ടിന് ശ്രമിച്ചായിരുന്നു ഋഷഭ് പന്ത്, വിരാട് കോഹ്ലി ഉൾപ്പെടെ പല താരങ്ങളും പുറത്തായത്. ഇതും ഡ്രസ്സിങ് റൂമിൽ ഗംഭീർ ചൂണ്ടിക്കാണിച്ചു. ബോർഡർ ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനത്തെ തുടർന്ന് ഗംഭീറിനോടും ക്യാപ്റ്റൻ രോഹിത് ശർമയോടും ബിസിസിഐ വിശദീകരണം തേടും എന്നാണ് റിപ്പോർട്ടുകൾ.
പ്ലേയിങ് ഇലവൻ സെലക്ഷനിൽ ഉൾപ്പെടെ കൂടുതൽ കൈ കടത്താത്ത നിലപാടാണ് ഇതുവരെ ഗംഭീർ സ്വീകരിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. പല താരങ്ങളുടേയും ബാറ്റിങ് പൊസിൽനിൽ ഗംഭീറിന് വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നതായും പറയപ്പെടുന്നു. സിഡ്നി ടെസ്റ്റിൽ ഗംഭീർ തന്റെ തീരുമാനങ്ങൾ കൂടുതൽ ശക്തമായി നടപ്പാക്കും എന്ന് ഉറപ്പായി കഴിഞ്ഞു. ഇങ്ങനെ വരുമ്പോൾ പ്ലേയിങ് ഇലവനിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാവും എന്നാണ് ഇനി അറിയേണ്ടത്.
രോഹിത് ശർമയെ സിഡ്നി ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കുമോ എന്ന ചോദ്യത്തിന് പിച്ച് വിലയിരുത്തിയതിന് ശേഷം തീരുമാനം എടുക്കും എന്നാണ് ഗംഭീർ പ്രതികരിച്ചത്. പെർത്ത് ടെസ്റ്റിൽ ബുമ്ര ടീമിനെ ആധികാരിക ജയത്തിലേക്ക് നയിച്ച സാഹചര്യത്തിൽ അടുത്ത ക്യാപ്റ്റൻ എന്ന നിലയിൽ ബുമ്രയുടെ പേരാണ് ഉയർന്ന് കേൾക്കുന്നത്. ഡ്രസ്സിങ് റൂമിൽ ഒരു സീനിയർ താരം താത്കാലിക ക്യാപ്റ്റൻ എന്ന ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പെരുമാറുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതെല്ലാം റിപ്പോർട്ടുകൾ മാത്രമാണ് എന്നാണ് ഗംഭീർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.