/indian-express-malayalam/media/media_files/2025/03/26/wMS5g2O9nTg8AdJgVVU6.jpg)
വിഘ്നേഷ് പുത്തൂർ, ഉസ്താദ് ഷെരീഫ് Photograph: (ഇൻസ്റ്റഗ്രാം)
MI's Vighnesh Puthur: ഐപിഎൽ പതിനെട്ടാം സീസണിന്റെ കണ്ടെത്തലാണ് മലപ്പുറം പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് പുത്തൂർ. ചെപ്പോക്കിൽ അഫ്ഗാനിസ്ഥാൻ ഇടംകയ്യൻ റിസ്റ്റ് സ്പിന്നറെ ഉപയോഗിച്ച് സിഎസ്കെ ആക്രമിച്ചപ്പോൾ മുംബൈ ഇന്ത്യൻസ് ആവനാഴിയിലെ ആ ആയുധം പുറത്തെടുത്തു. മൂന്ന് വിക്കറ്റ് പിഴുത് വിഘ്നേഷ് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയൊന്നാകെ തന്നിലേക്ക് എത്തിച്ചു. ഇതോടെ ആരാണ് വിഘ്നേഷ് പുത്തൂർ എന്ന് ഇന്ത്യൻ ക്രിക്കറ്റ് ലോകം ഒന്നാകെ തിരയാൻ തുടങ്ങി. എങ്ങനെയാണ് വിഘ്നേഷിന്റെ ക്രിക്കറ്റിലേക്കുള്ള വരവ്? എങ്ങനെയാണ് മീഡിയം പേസറിൽ നിന്ന് ഇടംകൈ റിസ്റ്റ് സ്പിന്നറായി വിഘ്നേഷ് മാറുന്നത്? അതിന് പിന്നിൽ വിഘ്നേഷിന്റെ അയൽവാസി കൂടിയായ ഉസ്താദായ ഷെരീഫ് മുസലിയറിന് വലിയ പങ്കുണ്ട്. വിഘ്നേഷ് ഇന്ന് മുംബൈ ഇന്ത്യൻസിലേക്ക് വരെ എത്തി നിൽക്കുന്നതിന് പിന്നിലെ കഥ ഇങ്ങനെ..
കോട്ടയ്ക്കലിലെ പള്ളിയില്‍ ഉസ്താദാണ് ഇന്ന് ഷെരീഫ് മുസലിയര്‍. പത്ത് പതിമൂന്ന് വർഷം മുൻപ് നാട്ടിലെ കുട്ടികൾക്കൊപ്പം താൻ ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നതായി ഷെരീഫ് മുസലിയാർ പറയുന്നു. ആ കുട്ടികളിൽ ഒരാളായിരുന്നു വിഘ്നേഷ്. ആ കാലത്ത് വിജയൻ സാറിന്റെ ക്യാമ്പിൽ താൻ പരിശീലനം നടത്തിയിരുന്നതായി ഉസ്താദ് ഷെരീഫ് പറയുന്നു.
ക്രിക്കറ്റിൽ നമ്മൾ സാങ്കേതികമായി പഠിക്കുന്ന കാര്യങ്ങള്‍ ആരും പഠിപ്പിക്കാതെ തന്നെ വിഘ്നേഷിൽ കണ്ടു. അവന്റെ കളി കണ്ടപ്പോൾ തന്നെ തനിക്ക് അത് മനസിലായി. "കണ്ണനെന്നാണ് അവനെ വിളിക്കാറ്. വിഘ്നേഷിന്റെ വീടിന് അടുത്തായി ചെറിയ ഒരു റോഡ് ഉണ്ട്. അവിടെ വെച്ചാണ് ഞങ്ങൾ കളിച്ചിരുന്നത്. അവന്റെ കളിയിലെ പ്രത്യേകത മനസിലാക്കിയതോടെ ക്യാംപിൽ വിനയൻ സാറിനോട് ഞാൻ അവന്റെ കാര്യം പറഞ്ഞു.അച്ഛനോടും വീട്ടിലും സംസാരിച്ച് ക്യാംപിലേക്ക് ഞാൻ അവനെ എത്തിച്ചു." ഉസ്താദ് ഷെരീഫ് മുസലിയാർ പറഞ്ഞു.
മീഡിയം പേസറായിരുന്നു വിഘ്നേഷ്
"ആ സമയം വിഘ്നേഷ് മീഡിയം പേസായിരുന്നു. എനിക്ക് ലെഗ് സ്പിന്നിനോട് താത്പര്യം ഉണ്ടായിരുന്നു. ഇടംകയ്യൻ ലെഗ് സ്പിന്‍ എറിയുന്നവര്‍ കുറവാണല്ലോ. അവനോട് അത് എറിയാന്‍ പറഞ്ഞു. വിഘ്നേഷ് ഇടംകൈ ലെഗ് സ്പിൻ വളരെ നന്നായി എറിഞ്ഞു. വിഘ്നേഷിന്റെ വളർച്ചയിൽ എന്റെ ഇടപെടൽ ഇത്രമാത്രമാണ്, ഷെരീഫ് മുസലിയര്‍ പറയുന്നു.
2-3 വര്‍ഷം ക്യാംപില്‍ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു. എനിക്ക് അത്ര മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അതിനാൽ ക്രിക്കറ്റുമായി മുൻപോട്ട് പോകേണ്ട എന്ന തീരുമനിച്ചു. ഈ സമയം ജില്ലയില്‍ വിഘ്നേഷ് ക്യാപ്റ്റായി, ഷെരീഫ് മുസലിയര്‍ ഓർത്തെടുക്കുന്നു.
ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാത്ത താരം
രോഹിത് ശർമയ്ക്ക് പകരം ഇംപാക്ട് പ്ലേയറായാണ് തങ്ങളുടെ പുത്തൻ ആയുധത്തെ മുംബൈ ചെപ്പോക്കിലേക്ക് ഇറക്കിവിട്ടത്. ഓട്ടോഡ്രൈവറായ സുനിൽ കുമാറിന്റേയും ബിന്ദുവിന്റേയും മകൻ. കേരള സീനിയർ ക്രിക്കറ്റ് ടീമിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരം. കേരളത്തിനായി അണ്ടർ 14, 19 വിഭാഗങ്ങളിൽ കളിച്ചിട്ടുള്ള താരം. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് 24കാരനായ ഈ മലയാളിയെ മുംബൈ ഇന്ത്യൻസ് താര ലേലത്തിലൂടെ ടീമിലെത്തിച്ചത്.
വിഘ്നേഷിന്റെ ഫിറ്റ്നസിനെ ചൊല്ലിയും ചോദ്യം
ജോളി റോവേഴ്സ് ക്രിക്കറ്റ് ക്ലബിന് വേണ്ടിയുള്ള വിഘ്നേഷിന്റെ സ്ഥിരതയാർന്ന പ്രകടനമാണ് താരത്തെ കേരള ക്രിക്കറ്റ് ലീഗിലേക്ക് എത്തിച്ചത്. അത് വിഘ്നേഷിന്റെ കരിയറിലെ വഴിത്തിരിവായി മാറി. മുംബൈ ഇന്ത്യൻസ് നടത്തിയ ട്രയലിൽ മികവ് കാണിച്ചതോടെ അഞ്ച് വട്ടം ചാംപ്യന്മാരായ ഫ്രാഞ്ചൈസി വിഘ്നേഷിനെ റാഞ്ചി. ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്കയിലേക്കും പന്തെറിയാനായി വിഘ്നേഷ് പോയിരുന്നു. സൗത്ത് ആഫ്രിക്ക ട്വന്റി20 ലീഗിൽ എംഐ കേപ്ടൗണിന്റെ നെറ്റ് ബോളറായിരുന്നു വിഘ്നേഷ്. എന്നാൽ മുംബൈ ഇന്ത്യൻസ് വിഘ്നേഷിനെ സ്വന്തമാക്കിയതിന് പിന്നാലെ മാച്ച് കളിക്കാൻ വേണ്ട ഫിറ്റ്നസ് വിഘ്നേഷിൽ ഇല്ലെന്ന് ചൂണ്ടി കേരളത്തിൽ നിന്ന് തന്നെ പ്രതികരണങ്ങൾ വന്നിരുന്നു. ഫിറ്റ്നസ് തെളിയിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് വിഘ്നേഷിന് കേരള സീനിയർ ടീമിലേക്ക് എത്തിപ്പെടാൻ സാധിക്കാതെ പോയതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരം ആരോപണങ്ങൾ എല്ലാം കാറ്റിൽ പറത്തുകയാണ് വിഘ്നേഷ് ഇപ്പോൾ.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.