/indian-express-malayalam/media/media_files/2025/03/24/EaU7yCJPEBCKO3hbmDD5.jpg)
Vighnesh Puthur, Suryakumar Yadavs, MS Dhoni Photograph: (മുംബൈ ഇന്ത്യൻസ്, ഇൻസ്റ്റഗ്രാം, എക്സ്)
Vighnesh Puthur Mumbai Indians Vs Chennai Super Kings IPL: ഐപിഎൽ പതിനെട്ടാം സീസണിലെ ആദ്യ എൽ ക്ലാസിക്കോ. അഫ്ഗാൻ ഇടംകൈ മിസ്റ്ററി റിസ്റ്റ് സ്പിന്നർ നൂർ അഹ്മദിലൂടെയായിരുന്നു മുംബൈക്കെതിരായ ചെന്നൈ ആക്രമണം. നൂർ അഹ്മദിന്റെ ഗൂഗ്ലിയിൽ വീണത് നാല് മുംബൈ താരങ്ങൾ. എന്നാൽ ചെപ്പോക്കിൽ അതേ നാണയത്തിലാണ് മുംബൈ തിരിച്ചടിച്ചത്. മുംബൈയുടെ ആവനാഴിയിലുമുണ്ടായിരുന്നു ഒരു ഇടംകൈ മിസ്റ്ററി റിസ്റ്റ് സ്പിന്നർ, മലപ്പുറം പെരിന്തൽമണ്ണക്കാരൻ വിഘ്നേഷ് പുത്തൂർ..
ആരാണ് വിഘ്നേഷ് പുത്തൂർ? രോഹിത് ശർമയ്ക്ക് പകരം ഇംപാക്ട് പ്ലേയറായാണ് തങ്ങളുടെ പുത്തൻ ആയുധത്തെ മുംബൈ ചെപ്പോക്കിലേക്ക് ഇറക്കിവിട്ടത്. ഓട്ടോഡ്രൈവറായ സുനിൽ കുമാറിന്റേയും ബിന്ദുവിന്റേയും മകൻ. കേരള സീനിയർ ക്രിക്കറ്റ് ടീമിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരം. കേരളത്തിനായി അണ്ടർ 14, 19 വിഭാഗങ്ങളിൽ കളിച്ചിട്ടുള്ള താരം. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് 24കാരനായ ഈ മലയാളിയെ മുംബൈ ഇന്ത്യൻസ് താര ലേലത്തിലൂടെ ടീമിലെത്തിച്ചത്. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഇംപാക്ട് പ്ലേയറായി എത്തി വിഘ്നേഷിന്റെ ഐപിഎൽ അരങ്ങേറ്റം. ചെപ്പോക്കിൽ കയറി ചെന്നൈയെ വിഘ്നേഷ് വിറപ്പിച്ചു.
ക്യാപ്റ്റൻ ഋതുരാജും രചിനും ചേർന്ന് ചെന്നൈ ഇന്നിങ്സ് ഭദ്രമായി മുൻപോട്ട് കൊണ്ടുപോകുന്ന സമയം. തന്റെ ആദ്യ ഓവറിൽ വിഘ്നേഷ് ഋതുരാജിനെ വീഴ്ത്തി. രണ്ടാമത്തെ ഓവറിൽ അപകടകാരിയായ ശിവം ദുബെയെ മടക്കി. മൂന്നാമത്തെ ഓവറിൽ ദൂപക് ഹൂഡയേയും വീഴ്ത്തി വിഘ്നേഷ് മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുമെന്ന് തോന്നിച്ചു. ഒരു മലയാളി താരത്തിന് മുംബൈ ഇന്ത്യൻസിന് വേണ്ടി ഐപിഎല്ലിൽ ഇതിലും മികച്ച സ്വപ്ന തുല്യമായ അരങ്ങേറ്റം ലഭിക്കാനുണ്ടോ?
ചേർത്ത് പിടിച്ച് ധോണി
കളിയിൽ മുംബൈയെ ജയത്തിലേക്ക് എത്തിക്കാൻ വിഘ്നേഷിന് സാധിച്ചില്ല. എന്നാൽ ഇതിഹാസ താരം എംഎസ് ധോണി തോളിൽ കൈവെച്ച് ചേർത്ത് നിർത്തിയാണ് വിഘ്നേഷിനെ അഭിനന്ദിച്ചത്, വിഘ്നേഷിന്റെ വാക്കുകൾ കേട്ടത്. സഞ്ജു സാംസണിന് ശേഷം മറ്റൊരു കേരളാ താരത്തിന് ലഭിച്ച സ്വപ്ന തുല്യമായ നിമിഷം കണ്ട് മലയാളികളുടെ ഹൃദയം നിറഞ്ഞു.
ആദ്യ നാളുകളിൽ മീഡിയം പേസർ
കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമായിരുന്നു വിഘ്നേഷ്. തമിഴ്നാട് പ്രീമിയർ ലീഗിലും വിഘ്നേഷ് കളിച്ചിട്ടുണ്ട്. തന്റെ ആദ്യ നാളുകളിൽ മീഡിയം പേസറായിരുന്നു വിഘ്നേഷ്. പിന്നാലെ പരിശീലകന്റെ നിർദേശപ്രകാരം ലെഗ് സ്പിൻ പരീക്ഷിക്കുകയായിരുന്നു. ക്രിക്കറ്റ് കരിയറിനായി മലപ്പുറത്ത് നിന്ന് തൃശൂരിലേക്ക് വിഘ്നേഷ് കൂടുമാറി. കേരള കോളജ് പ്രീമിയർ ട്വന്റി20 ലീഗിൽ സെന്റ് തോമസ് കോളജിന് വേണ്ടി വിഘ്നേഷ് വിക്കറ്റ് വാരി.
ജോളി റോവേഴ്സ് ക്രിക്കറ്റ് ക്ലബിന് വേണ്ടിയുള്ള വിഘ്നേഷിന്റെ സ്ഥിരതയാർന്ന പ്രകടനമാണ് താരത്തെ കേരള ക്രിക്കറ്റ് ലീഗിലേക്ക് എത്തിച്ചത്. അത് വിഘ്നേഷിന്റെ കരിയറിലെ വഴിത്തിരിവായി മാറി. മുംബൈ ഇന്ത്യൻസ് നടത്തിയ ട്രയലിൽ മികവ് കാണിച്ചതോടെ അഞ്ച് വട്ടം ചാംപ്യന്മാരായ ഫ്രാഞ്ചൈസി വിഘ്നേഷിനെ റാഞ്ചി. ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്കയിലേക്കും പന്തെറിയാനായി വിഘ്നേഷ് പോയിരുന്നു. സൗത്ത് ആഫ്രിക്ക ട്വന്റി20 ലീഗിൽ എംഐ കേപ്ടൗണിന്റെ നെറ്റ് ബോളറായിരുന്നു വിഘ്നേഷ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us