/indian-express-malayalam/media/media_files/2025/02/15/FQGQbqcsE6AujfnuSfTm.jpeg)
ഗുജറാത്തിനെതിരെ റിച്ചാ ഘോഷിന്റെ വെടിക്കെട്ട് ബാറ്റിങ് Photograph: (ഇൻസ്റ്റഗ്രാം)
19ാം ഓവറിലേക്ക് കളി എത്തുമ്പോൾ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയിക്കാൻ വേണ്ടിയത് ആറ് റൺസ് മാത്രം. ഗുജറാത്തിന്റെ ടോട്ടിൻ എറിഞ്ഞ ഓവറിലെ മൂന്നാമത്തെ പന്ത് ഡീപ്പ് മിഡ് വക്കറ്റിന് മുകളിലൂടെ സിക്സ് പറത്തി. വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വമ്പൻ ചെയ്സിങ് ജയം പിറന്ന കളി. 12 ഓവറിന് മുൻപ് വരെ ജയം ആർസിബിക്ക് അസാധ്യം എന്ന് തോന്നിച്ചിടത്ത് നിന്നാണ് ഈ ചരിത്ര ജയത്തിലേക്ക് നിലവിലെ ചാംപ്യന്മാരെത്തിയത്. അത് ആർസിബിയുടെ പുലുക്കുട്ടിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ.
12 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് എന്ന നിലയിലായിരുന്നു ആർസിബി. പക്ഷേ റിച്ചാ ഘോഷ് അടിച്ച് തകർത്തപ്പോൾ 9 പന്തുകൾ കയ്യിലിരിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ആർസിബി ജയത്തിലേക്ക് എത്തി. 27 പന്തിൽ നിന്ന് ഏഴ് ഫോറും നാല് സിക്സും പറത്തി 64 റൺസ് ആണ് റിച്ചാ ഘോഷ് അടിച്ചെടുത്തത്. സ്ട്രൈക്ക്റേറ്റ് 237.
ഇത് ധോണിയോ ഡിവില്ലിയേഴ്സോ?
ഗുജറാത്തിന്റെ കൈകളിൽ നിന്ന് കളി തട്ടിയെടുത്തതിന് പിന്നാലെ സിക്സ് അടിച്ച് ഫിനിഷ് ചെയ്ത റിച്ചാ ഘോഷിനെ ഇന്ത്യൻ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയോടാണ് ആരാധകർ താരതമ്യം ചെയ്യുന്നത്. എം.എസ്.ധോണിയുടെ ഫിനിഷിങ്ങിനും മുകളിൽ റിച്ചയെ വയ്ക്കും എന്നാണ് ആരാധകരിൽ പലരും പറയുന്നത്.
Honestly, I rate Richa over Dhoni as a finisher. Dhoni can only dream to finish a match like this. pic.twitter.com/0WNQSL4ScV
— Kaisar (@imkaisar53) February 14, 2025
ധോണിയുടെ മിറർ ഇമേജ് ആണ് റിച്ചാ ഘോഷ് എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന മറ്റ് കമന്റുകൾ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുൻ താരം എ ബി ഡിവില്ലിയേഴ്സിനെയാണ് റിച്ചാ ഘോഷിന്റെ മാച്ച് വിന്നിങ് സിക്സ് കണ്ടപ്പോൾ തനിക്ക് ഓർമ വന്നതെന്നാണ് ആരാധകരിൽ ചിലർ പറയുന്നത്. സമ്മർദ ഘട്ടത്തിൽ പതറാതെ സ്ട്രൈക്ക്റേറ്റ് ഉയർത്തി റൺറേറ്റ് താഴാതെ കളിച്ചാണ് റിച്ചാ ഘോഷ് ടീമിനെ സീസണിലെ ആദ്യ ജയത്തിലേക്ക് എത്തിച്ചത്.
ഇതോടെ ഗൂഗിളിലും റിച്ച ഘോഷ് ട്രെൻഡിങ് ആയി മാറി. ആർസിബിക്കായുള്ള വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നാലെ റിച്ചാ ഘോഷിനെ ഗൂഗിളിൽ കൂട്ടമായി തിരഞ്ഞ് ആരാധകർ എത്തി. 21 മണിക്കൂറിനുള്ളിൽ അഞ്ച് ലക്ഷം പേരാണ് റിച്ചാ ഘോഷിനെ ഗൂഗിളിൽ തിരഞ്ഞത്. വനിതാ പ്രീമിയർ ലീഗ് ആരാധകർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നത് തകർപ്പൻ ബാറ്റിങ്ങോടെ റിച്ചാ ഘോഷ് ഗൂഗിളിൽ ട്രെൻഡിങ്ങായതിൽ നിന്ന് വ്യക്തം.
പതറാതെ അഹൂജയും
റിച്ചാ ഘോഷിനൊപ്പം കനികാ അഹൂജയും ചേർന്നതോടെയാണ് ആർസിബി ജയം വേഗത്തിലായത്. 13 പന്തിൽ നിന്ന് 30 റൺസ് ആണ് അഹൂജ അടിച്ചെടുത്തത്. 14ാം ഓവറിൽ ആർസിബി സ്കോർ 109 റൺസ് എന്ന നിലയിൽ കൂട്ടുചേർന്ന റിച്ച-അഹൂജ സഖ്യം ടീം വിജയ ലക്ഷ്യം പിന്നിടുമ്പോഴും പിരിയാതെ നിന്നു.
2021 മുതൽ ഇന്ത്യൻ ടീമിൽ സ്ഥിരം
2021ലാണ് റിച്ചാ ഘോഷിന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലായിരുന്നു ഇത്. 2022ലെ ന്യൂസിലൻഡിൽ നടന്ന വനിതാ ലോകകപ്പിലും ഇന്ത്യൻ ടീമിൽ ഈ വലംകയ്യൻ ബാറ്റർ ഇടം പിടിച്ചു. 2024ലെ വനിതാ ട്വന്റി20 ലോകകപ്പിലും റിച്ച ഇന്ത്യക്കായി കളിച്ചു. വനിതാ ട്വന്റി20യിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ അർധ ശതകം റിച്ചയുടെ പേരിലാണ്.
ഇന്ത്യക്കായി 62 ട്വന്റി20 മത്സരങ്ങളാണ് റിച്ചാ ഘോഷ് ഇതുവരെ കളിച്ചത്. 51 ഇന്നിങ്സിൽ നിന്ന് നേടിയത് 985 റൺസ്. 27 ആണ് ബാറ്റിങ് ശരാശരി. 142 സ്ട്രൈക്ക്റേറ്റ്. 32 ഏകദിന മത്സരങ്ങളും റിച ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. നേടിയത് 690 റൺസ്. 28 ആണ് ഏകദിനത്തിലെ റിച്ചാ ഘോഷിന്റ ബാറ്റിങ് ശരാശരി. സ്ട്രൈക്ക്റേറ്റ് 92.
പശ്ചിമ ബംഗാളിലെ സിൽഗുരിയിൽ നിന്ന് വരുന്ന ഈ 21കാരിയെ 1.90 കോടി രൂപ കൊടുത്താണ് ആർസിബി സ്വന്തമാക്കിയത്. വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 19 മത്സരമാണ് റിച്ച കളിച്ചത്. നേടിയത് 459 റൺസ്. 64 ആണ് ഉയർന്ന സ്കോർ. ബാറ്റിങ് ശരാശരി 38.25. സ്ട്രൈക്ക്റേറ്റ് 148. ഹണ്ട്രണ്ട് വുമണ കോംപറ്റീഷനിലും വുമൺ ബിഗ് ബാഷ് ലീഗിലും റിച്ച കളിക്കാനെത്തിയിട്ടുണ്ടെങ്കിലും വലിയ ഇംപാക്റ്റ് നിറഞ്ഞ ഇന്നിങ്സ് ഇതുവരെ കണ്ടെത്താനായിട്ടില്ല.
Read More
- ചാമ്പ്യൻസ് ട്രോഫി; വിജയികൾക്ക് ലഭിക്കുക കോടികളുടെ സമ്മാനത്തുക; പ്രഖ്യാപനവുമായി ഐസിസി
- വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം; ആര്സിബി- ഗുജറാത്ത് ആദ്യ പോരാട്ടം; മത്സരം എവിടെ എപ്പോൾ കാണാം?
- Royal Challengers Banglore: എന്തുകൊണ്ട് കോഹ്ലിയെ ആർസിബി ക്യാപ്റ്റനാക്കിയില്ല? കാരണം
- Lionel Messi Family: മെസിയും ഭാര്യയും പെൺകുഞ്ഞിനായി കാത്തിരിക്കുന്നു? അന്റോണലയുടെ പ്രതികരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.