/indian-express-malayalam/media/media_files/2025/06/05/wSYikj6c4C1rPRO60pLB.jpg)
Royal Challengers Bengaluru With Trophy Photograph: (IPL, Instagram)
RCB Victory Parade Stampede: ആർസിബിയുടെ ഐപിഎൽ കിരീട വിജയാഘോഷത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലും പതിനൊന്ന് പേരുടെ ജീവൻ നഷ്ടമായതിന്റെ ഞെട്ടലിലാണ് രാജ്യം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും സംസ്ഥാന സർക്കാരിനും എതിരെ ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങൾ കോടതിയെ സമീപിക്കണം എന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം മദൻ ലാൽ.
100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങൾ കോടതിയെ സമീപിക്കണം എന്നാണ് ഇന്ത്യയുടെ 1983ലെ ലോകകപ്പ് ജേതാവ് കൂടിയായ മദൻ ലാലിന്റെ വാക്കുകൾ. ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പരസ്പരം പഴി ചാരുകയാണ് ഫ്രാഞ്ചൈസിയും സംസ്ഥാന സർക്കാരും ബിസിസിഐയും.
Also Read: ചിന്നസ്വാമിയിലേത് ദുരന്തമല്ല, അതിനുമപ്പുറമെന്ന് സച്ചിൻ; മൗനം വെടിഞ്ഞ് കോഹ്ലിയും
"ജനങ്ങൾ ഇത് മറക്കാൻ പോകുന്നില്ല, വിരാട് കോഹ്ലിയും. പുറത്ത് ആളുകൾ മരിച്ച് വീഴുമ്പോൾ അകത്ത് വിജയാഘോഷം നടക്കുകയായിരുന്നു. ഇത് ഞെട്ടിപ്പിക്കുന്നതും ഹൃദയഭേദകവുമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾ ആർസിബിക്കും സംസ്ഥാന സർക്കാരിനും എതിരെ കോടതിയെ സമീപിക്കണം. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും വേണം. ബിസിസിഐയ്ക്കും ഈ ദുരന്തത്തിൽ പങ്കുണ്ട്," വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ മദൻ ലാൽ പറഞ്ഞു.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായാണ് കർണാടക മുഖ്യമന്ത്രി അറിയിച്ചത്. ഒരിക്കലും ഇതുപോലൊരു ദുരന്തം സംഭവിക്കാൻ പാടില്ലായിരുന്നു എന്നും സർക്കാരിന് അതീവ ദുഃഖമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണ് എന്നും അദ്ദേഹം പറഞ്ഞു.
അപകടത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തുമെന്ന് സർക്കാർ പറയുമ്പോഴും പരിപാടിയിൽ ഉടനീളമുണ്ടായ പിഴവുകളെപ്പറ്റി സംഘാടകരും അധികൃതരും ഇനിയും മിണ്ടുന്നില്ല. പോലീസ് പറയുന്നതനുസരിച്ച്, ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഒരുകിലോമീറ്റർ ചുറ്റളവിൽ ഏകദേശം 5000 പേരാണ് ഉണ്ടായിരുന്നത്. സമയം പിന്നിടും തോറും ആളുകളുടെ എണ്ണവും കൂടി വന്നു.
Also Read: 'ഓപ്പറേഷൻ സിന്ദൂർ' ആർസിബിയെ കിരീടം നേടാൻ തുണച്ചു; മുഖ്യ പരിശീലകന്റെ വെളിപ്പെടുത്തൽ
35000 ആളുകളെ മാത്രമാണ് ചിന്നിസ്വാമി സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാകുന്നത്. എന്നാൽ ഇന്നലത്തെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് രണ്ട് മുതൽ മൂന്ന് ലക്ഷത്തോളം പേരാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ വ്യക്തമാക്കുന്നു. ഇത്രയധികം ജനസാഗരത്തെ നിയന്ത്രിക്കാൻ 5,000 പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.