/indian-express-malayalam/media/media_files/2025/02/20/2XBo3slI2ToPfAWypRSg.jpg)
കേരള ക്രിക്കറ്റ് ടീം Photograph: (കേരള ക്രിക്കറ്റ് അസോസിയേഷൻ, ഇൻസ്റ്റഗ്രാം)
Ranji Trophy Final: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനൽ കളിക്കാനിറങ്ങുന്ന കേരള ടീം. കേരളത്തിനായി കളിച്ചുപോയ പല ക്രിക്കറ്റ് താരങ്ങളും വർഷങ്ങളായി മനസിൽ കൊണ്ടുനടന്നിരുന്ന സ്വപ്നം. ആ സ്വപ്നം സാക്ഷാത്കരിച്ച് തലയെടുപ്പോടെയാണ് സച്ചിൻ ബേബിയും സംഘവും നാളെ വിദർഭയ്ക്ക് എതിരെ കലാശപ്പോര് കളിക്കാനിറങ്ങുന്നത്. വിദർഭയെ വിദർഭയുടെ തട്ടകത്തിൽ നേരിടുക എന്നത് കേരളത്തിന് തീരെ എളുപ്പമല്ല. എന്നാൽ അസാധ്യമെന്ന് തോന്നിച്ചിടത്ത് നിന്ന് പലവട്ടം സീസണിൽ തിരികെ കയറി വന്ന ടീമാണ് കേരളം. ആ കേരളത്തെ നേരിടുക വിദർഭയ്ക്കും എളുപ്പമല്ല.
വിദർഭയുടെ കരുത്ത്
ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി മുതൽ രഞ്ജി ട്രോഫി ഫൈനൽ വരെ എത്തി നിൽക്കുന്ന വിദർഭയുടെ കണക്കുകൾ നോക്കിയാൽ അവർ തോൽവി വഴങ്ങിയത് ഒരു കളിയിൽ മാത്രം. കർണാടകയ്ക്ക് എതിരെ വിജയ് ഹസാരെ ട്രോഫി ഫൈനലിൽ ആയിരുന്നു അത്. വിജയ് ഹസാരെ ട്രോഫി ഫൈനലിൽ കാലിടറിയത് പോലെ രഞ്ജി ട്രോഫി ഫൈനലിലും വിദർഭയ്ക്ക് കാലിടറുമോ?
സീസണിൽ ഒൻപത് മത്സരങ്ങൾ കളിച്ചപ്പോൾ അതിൽ എട്ടിലും ജയം പിടിക്കാണ് അക്ഷയ് വഡ്കർ നയിക്കുന്ന വിദർഭയ്ക്കായി. സമനിലയിലായത് ഒരു മത്സരം. രാജസ്ഥാൻ, ഹൈദരാബാദ്, തമിഴ്നാട്, മുംബൈ ടീമുകളെ വീഴ്ത്തിയാണ് വിദർഭ ഫൈനലിൽ എത്തി നിൽക്കുന്നത്. അഞ്ച് വർഷം മുൻപാണ് ഇതിന് മുൻപ് വിദർഭ രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ടത്. ഇത്തവണ രഞ്ജി കിരീടം കൈക്കലാക്കാൻ പാകത്തിൽ റെഡ് ഹോട്ട് ഫോമിലാണ് വിദർഭ.
വമ്പൻ മാർജിനിലെ ജയങ്ങൾ
ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് കളിയിൽ നിന്ന് ആറ് ജയം നേടി വിദർഭ നോക്കഔട്ട് ഘട്ടത്തിൽ വമ്പൻ മാർജിനിലാണ് ജയം പിടിച്ചത് എന്നതും കേരളത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു. ക്വാർട്ടർ ഫൈനലിൽ തമിഴ്നാടിന് വീഴ്ത്തിയത് 198 റൺസിന്. നിലവിലെ ചാംപ്യന്മാരായ മുംബൈയെ സെമിയിൽ തോൽപ്പിച്ചത് 80 റൺസിന്.
കഴിഞ്ഞ സീസൺ ഫൈനലിൽ മുംബൈയോട് തോറ്റാണ് വിദർഭയ്ക്ക് കിരീടം നഷ്ടമായത്. എങ്കിലും റെഡ് ബോൾ ക്രിക്കറ്റിൽ വിദർഭ തകർപ്പൻ ഫോം നിലനിർത്തിയാണ് കളിക്കുന്നത്. ഒൻപത് കളിയിൽ നിന്ന് 933 റൺസ് സ്കോർ ചെയ്ത യഷ് റാത്തോഡ് ആണ് വിദർഭയെ മുൻപിൽ നിന്ന് നയിക്കുന്നത്. 58.13 ആണ് യഷിന്റെ സീസണിലെ ബാറ്റിങ് ശരാശരി. അഞ്ച് സെഞ്ചറിയും മൂന്ന് അർധ ശതകവും സീസണിൽ യഷിന്റെ ബാറ്റിൽ നിന്ന് വന്നു.
വിദർഭക്കാരുടെ റൺവേട്ട
ഈ സീസണിലെ റൺവേട്ടക്കാരിൽ മൂന്നാമതാണ് യഷിന്റെ സ്ഥാനം. വിദർഭ ക്യാപ്റ്റൻ വഡ്കറും സ്കോറിങ്ങിൽ പിന്നിൽ അല്ല. ഒൻപത് കളിയിൽ നിന്ന് സ്കോർ ചെയ്തത് 674 റൺസ്. ബാറ്റിങ് ശരാശരി 48.14. രണ്ട് സെഞ്ചുറിയും രണ്ട് അർധ ശതകവും സീസണിൽ വഡ്കറുടെ ബാറ്റിൽ നിന്ന് വന്നു. സീനിയർ താരം കരുൺ നായരും വദർഭയ്ക്കായി റൺവേട്ടയിൽ പിന്നിൽ അല്ല.
എട്ട് കളിയിൽ നിന്ന് 642 റൺസ് ആണ് വിദർഭക്കായി കരുൺ നായർ സീസണിൽ സ്കോർ ചെയ്തത്. മൂന്ന് സെഞ്ചുറിയും ഒരു അർധ ശതകവും ഇതിൽ ഉൾപ്പെടുന്നു. ഇവർക്കൊപ്പം ഡാനിഷ് മലേവർ 557 റൺസുമായും ധ്രുവ് ഷോറേ 446 റൺസുമായും ബാറ്റിങ് കരുത്ത് കാണിച്ച് നിൽക്കുന്നു.
ഒൻപത് കളി 66 വിക്കറ്റ്
ബോളിങ്ങിലേക്ക് വന്നാലും വിദർഭയുടെ കരുത്ത് വ്യക്തം. ഒൻപത് കളിയിൽ നിന്ന് 66 വിക്കറ്റ് ആണ് ദുബെ വീഴ്ത്തിയത്. രഞ്ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം എന്ന റെക്കോർഡിന് തൊട്ടരികിലാണ് ദുബെ. 2018-19 സീസണിൽ എട്ട് കളിയിൽ നിന്ന് 68 വിക്കറ്റ് വീഴ്ത്തിയ ബിഹാറിന്റെ അഷുതോഷിനെയാണ് ദുബെയ്ക്ക് മറികടക്കേണ്ടത്.
ചെറുത്ത് നിൽപ്പിന്റെ കരുത്തുമായി കേരളം
ചെറുത്ത് നിൽപ്പിന്റെ കരുത്തും ഭാഗ്യവുമെല്ലാം ഒപ്പം നിന്നതോടെയാണ് ആദ്യ രഞ്ജി ട്രോഫി ഫൈനലിലേക്ക് കേരളം എത്തിയത്. ക്വാർട്ടറിൽ മുഹമ്മദ് സൽമാനും സച്ചിൻ ബേബിയും ചേർന്ന് അവസാന വിക്കറ്റിൽ കണ്ടെത്തിയ 81 റൺസോടെ ഒരു റൺസ് ലീഡിന്റെ ബലത്തിൽ സെമിയിലേക്ക്. സെമിയിൽ രണ്ട് റൺസ് ലീഡിന്റെ ബലത്തിൽ ഫൈനലിലേക്ക്. പക്ഷേ ഈ മത്സരങ്ങളിലെല്ലാം കേരള താരങ്ങളിൽ നിന്ന് വന്ന കഠിനാധ്വാനം കാണാതെ വിടാനാവില്ല. ജമ്മു കശ്മീരിന് എതിരെ ക്വാർട്ടറിൽ കേരളം സമനില പിടിച്ചത് അവസാന ദിനം ചോരയും നീരും ഒഴുക്കി ബാറ്റിങ്ങിൽ പിടിച്ചു നിന്നാണ്.
സൽമാൻ നിസാർ ആണ് കേരളത്തിന്റെ റൺവേട്ടയിൽ മുൻപിൽ. എട്ട് മത്സരങ്ങളിൽ നിന്ന് സൽമാൻ നേടിയത് 607 റൺസ്. രണ്ട് സെഞ്ചുറിയും മൂന്ന് അർധ ശതകവും സൽമാന്റെ ബാറ്റിൽ നിന്ന് വന്നു. 601 റൺസ് ആണ് മുഹമ്മദ് അസ്ഹറുദ്ദീൻ കണ്ടെത്തിയത്. ഒരു വട്ടം സീസണിൽ അർധ ശതകം കണ്ടെത്തിയ സൽമാൻ നാല് അർധ ശതകത്തിലേക്കും എത്തി. പുനെയിൽ ക്വാർട്ടറിൽ ജമ്മുകശ്മീരിന് മുൻപിൽ അവസാന ദിനം പ്രതിരോധ കോട്ട തീർത്തത് ഇരുവരുമാണ്.
സെമി ഫൈനിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 341 പന്തുകൾ നേരിട്ട് മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ 177 റൺസ് ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ്. ബോളിങ്ങിലേക്ക് വരുമ്പോൾ 38 വിക്കറ്റുമായി സക്സേനയാണ് കേരള താരങ്ങളിൽ മുൻപിൽ. വിദർഭയുടെ മുൻ താരം ആദിത്യാ സർവാതെയാണ് സക്സേനയ്ക്ക് കേരള ടീമിൽ നിന്ന് പിന്തുണ നൽകുന്ന മറ്റൊരു ബോളർ. 30 വിക്കറ്റ് ആണ് സർവാതെ ഈ സീസണിൽ വീഴ്ത്തിയത്.
പിച്ച് റിപ്പോർട്ട്
തുടക്കത്തിൽ വിദർഭയിലെ പിച്ചിൽ നിന്ന് ബൗൺസും ടേണും ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാൽ മുംബൈക്ക് എതിരെ സെമി ഫൈനലിൽ കണ്ടത് പോലെ മത്സരം പുരോഗമിക്കുംതോറും പിച്ചിന്റെ അവസ്ഥ മോശമാവും. ഇത് മൂന്നാം ദിനം മുതൽ അപ്രതീക്ഷിത ബൗൺസിനും കൂടുതൽ സ്പിന്നിനും കാരണമാവും.
ടോസ് നേടുന്ന ടീം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. കളിയുടെ തുടക്കത്തിൽ പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കും എന്നതിനാലാണ് ഇത്. നാലാം ഇന്നിങ്സിൽ എതിർ ടീമിനെ ഓൾഔട്ട് ആക്കാനുള്ള സാധ്യതയും പിച്ചിലുണ്ട്.
വിദർഭ സാധ്യത പ്ലേയിങ് ഇലവൻ: ആഥർവ തയ്ഡേ, ധ്രുവ് ഷോറെ, ഡാനിഷ് മലേവർ, കരുൺ നായർ, യഷ് റാത്തോഡ്, അക്ഷയ് വഡ്കർ, ഹർഷ് ദുബെ, ദർശൻ നഷകൻഡേ, പാർഥ് രേഖഡെ, നചികേത് ഭൂട്ടേ, യഷ് താക്കൂർ.
കേരള സാധ്യത പ്ലേയിങ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, വരുൺ നായനാർ, സച്ചിൻ ബേബിഷ ജലജ് സക്സേന, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, അഹ്മദ് ഇമ്രാൻ, ആദിത്യാ സർവാതെ, എം.ഡി.നിധീഷ്, ബേസിൽ
കേരള-വിദർഭ രഞ്ജി ട്രോഫി ഫൈനൽ എന്ന്?
ഫെബ്രുവരി 26 മുതൽ മാർച്ച് രണ്ട് വരെയാണ് രഞ്ജി ട്രോഫി ഫൈനൽ. രാവിലെ 9.30നാണ് മത്സരം ആരംഭിക്കുന്നത്. ടോസ് ഒൻപത് മണിക്ക്.
കേരള-വിദർഭ രഞ്ജി ട്രോഫി ഫൈനൽ വേദി?
നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് രഞ്ജി ട്രോഫി ഫൈനൽ മത്സരം.
കേരള-വിദർഭ രഞ്ജി ട്രോഫി മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എവിടെ?
ജിയോഹോട്സ്റ്റാർ ആപ്പിൽ രഞ്ജി ട്രോഫി ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് ലഭ്യമാണ്.
Read More
- Women Premier League: സൂപ്പർ ഓവർ ത്രില്ലറിൽ യുപി; ആർസിബിയെ വീഴ്ത്തി തകർപ്പൻ ജയം
- Champions Trophy: പാക്കിസ്ഥാനും ബംഗ്ലാദേശും പുറത്ത്; ഇന്ത്യയും ന്യൂസിലൻഡും സെമിയിൽ
- ധോണിക്കൊപ്പം ബാറ്റിൽ ഒപ്പിടാൻ ഞാൻ ആയെന്ന് തോന്നിയില്ല: വൈറൽ വീഡിയോയ്ക്ക് മറുപടിയുമായി സഞ്ജു സാംസൺ
- വരും വർഷങ്ങളിൽ ഇന്ത്യൻ ബാറ്റിങ്ങിനെ ശുഭ്മാൻ ഗിൽ നയിക്കും: സഞ്ജയ് ബംഗാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.