/indian-express-malayalam/media/media_files/2025/02/10/hQp46wHfQvnyOLhUBtUF.jpg)
കട്ടക്കിൽ കോഹ്ലിയുടെ വിക്കറ്റിെ ചൊല്ലി വിവാദം: (എക്സ്)
കട്ടക്കിൽ കത്തിക്കയറി രോഹിത് ശർമ സെഞ്ചുറിയോടെ ഫോമിലേക്ക് തിരികെ എത്തി. എന്നാൽ വിരാട് കോഹ്ലിയോ? ഗിൽ പുറത്തായതിന് പിന്നാലെ വൺഡൌണായി ക്രീസിലേക്ക് എത്തിയ കോഹ്ലിയിലേക്ക് വലിയ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിയത്. ഒരു ഫോർ അടിച്ച് കോഹ്ലി ഫോമിലേക്ക് വരുന്നു എന്ന സൂചനയും നൽകി. എന്നാൽ അഞ്ച് പന്തിൽ നിന്ന് എട്ട് റൺസ് എടുത്ത് ഇന്ത്യൻ മുൻ ക്യാപ്റ്റൻ നിരാശപ്പെടുത്തി.
എന്നാൽ കോഹ്ലിയുടെ പുറത്താകലാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ നാഗ്പൂർ ഏകദിനം ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് കോഹ്ലിക്ക് നഷ്ടമായിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ആദ്യ ടെസ്റ്റിൽ സെഞ്ചുറി നേടിയതൊഴിച്ചാൽ മോശം പ്രകടനങ്ങളാണ് കോഹ്ലിയിൽ നിന്ന് വന്നത്. രഞ്ജി ട്രോഫിയിൽ 12 വർഷത്തിന് ശേഷം ഡൽഹിക്കായി കളിക്കാൻ ഇറങ്ങിയിട്ടും കോഹ്ലിക്ക് തിളങ്ങാനായില്ല. റെയിൽവേസ് പേസർ ഹിമാൻഷു കോഹ്ലിയുടെ ഓഫ് സ്റ്റംപ് ഇളക്കി.
എന്നാൽ റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് മാറി ഏകദിനത്തിലേക്ക് എത്തുമ്പോൾ കോഹ്ലി റൺസ് കണ്ടെത്തും എന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. പക്ഷേ ഇന്ത്യൻ ഇന്നിങ്സിന്റെ 20ാം ഓവറിലെ ആദിൽ റാഷിദിന്റെ മൂന്നാമത്തെ പന്തിൽ കോഹ്ലിയുടെ വിക്കറ്റ് വീണു. ഡിആർഎസിലെ പിഴവാണോ കോഹ്ലിയുടെ വിക്കറ്റ് ഇവിടെ നഷ്ടപ്പെടുത്തിയത് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ആദിൽ റാഷിദിന്റെ ഡെലിവറിയിൽ പ്രതിരോധിക്കാനായിരുന്നു കോഹ്ലിയുടെ ശ്രമം. എന്നാൽ കോഹ്ലിയെ കബളിപ്പിച്ച് പന്തിൽ ടേൺ കണ്ടെത്താൻ റാഷിദിനായി. കോഹ്ലിയുടെ ബാറ്റിലുരസിയാണ് പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തിയത് എന്ന് പറഞ്ഞ് ഇംഗ്ലണ്ട് കളിക്കാരിൽ നിന്ന് വലിയ അപ്പീൽ വന്നു. എന്നാൽ ഓൺഫീൽഡ് അംപയർ നോട്ട്ഔട്ട് വിധിച്ചു.
ഇതോടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ ഡിആർഎസ് എടുത്തു. അൾട്രാ എഡ്ജിൽ സ്പൈക്ക് കണ്ടതോടെ തേർഡ് അംപയർ ഓൺ ഫീൽഡ് അംപയറുടെ തീരുമാനം തിരുത്തി കോഹ്ലിക്ക് നേരെ ഔട്ട് വിധിച്ചു. എന്നാൽ ബിഗ് സ്ക്രീനിൽ റിപ്ലേ കണ്ടതോടെ കോഹ്ലിയുടെ മുഖത്തും ഞെട്ടൽ പ്രകടമായിരുന്നു.
പന്ത് തന്റെ ബാറ്റിലുരസിയിട്ടില്ല എന്ന നിലയിലാണ് ബിഗ് സ്ക്രീനിൽ ഔട്ട് വിധിച്ചതോടെ കോഹ്ലി പ്രതികരിച്ചത്. അൾട്രാ എഡ്ജ് പരിശോധനയിൽ ഉണ്ടായ സാങ്കേതിക പിഴവാണോ ഇതെന്ന ചോദ്യമാണ് ഇതോടെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. സാങ്കേതിക പിഴവ് ഉണ്ടായിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്ന നിലയിലാണ് കോഹ്ലി ക്രീസിൽ നിന്ന് പ്രതികരിച്ചത്.
Virat Kohli "Aayein baigan" version pic.twitter.com/J4jN7dMAX4
— a (@kollytard) February 9, 2025
എന്നാൽ കോഹ്ലിയുടെ ബാറ്റിൽ ചെറുതായി പന്ത് ഉരസി എന്ന് വ്യക്തമാണ് എന്നാണ് വിദഗ്ധരിൽ നിന്ന് ഉൾപ്പെടെ ഉയരുന്ന അഭിപ്രായം. ഇത് കോഹ്ലി പോലും അറിഞ്ഞിട്ടുണ്ടാവില്ല എന്നും വാദങ്ങൾ ശക്തമാണ്. എന്നാൽ കോഹ്ലി ഇവിടെ ഔട്ട് ആയിരുന്നില്ല എന്ന വാദവുമായി പ്രതികരണങ്ങൾ ശക്തമായിട്ടുണ്ട്.
വിരാട് കോഹ്ലി കാൽമുട്ടിലെ നീരിനെ തുടർന്നാണ് നാഗ്പൂർ ഏകദിനത്തിൽ കളിക്കാതിരുന്നത്. കട്ടക്കിൽ കോഹ്ലി പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തിയപ്പോൾ ഓപ്പണർ യശസ്വി ജയ്സ്വാളിനാണ് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായത്. ആദ്യ ഏകദിനത്തിൽ ശ്രേയസ് അയ്യർ ടീം പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് കൌണ്ടർ അറ്റാക്കിലൂടെ പോസിറ്റീവായി കളിച്ച് അർധ ശതകം നേടി. ഇതോടെ ശ്രേയസിനെ രണ്ടാം ഏകദിനത്തിൽ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കാൻ ടീം മാനേജ്മെന്റിന് സാധിച്ചില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.