scorecardresearch

അടിമുടി നാണംകെട്ട് ഇംഗ്ലണ്ട്; ഏകദിന പരമ്പരയും പിടിച്ച് ഇന്ത്യ

ഫോമിലേക്കുള്ള തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് രോഹിത് ശർമ നിറഞ്ഞാടിയപ്പോൾ കട്ടക്കിൽ ജയിച്ച് അനായാസം ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. നാല് വിക്കറ്റിനാണ് ഇന്ത്യൻ ജയം

ഫോമിലേക്കുള്ള തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ച് രോഹിത് ശർമ നിറഞ്ഞാടിയപ്പോൾ കട്ടക്കിൽ ജയിച്ച് അനായാസം ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി. നാല് വിക്കറ്റിനാണ് ഇന്ത്യൻ ജയം

author-image
Sports Desk
New Update
Rohit Sharma, Shreyas Iyer

രോഹിത് ശർമ,​ ശ്രേയസ് അയ്യർ: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)

ഏകദിന പരമ്പരയിലും ഇംഗ്ലണ്ടിന് രക്ഷയില്ല. ട്വന്റി20 പരമ്പര 4-1ന് പിടിച്ചെടുത്തതിന് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ. ഒരു മത്സരം ബാക്കി നിൽക്കെ ആദ്യ രണ്ട് ഏകദിനത്തിലും ജയം പിടിച്ചാണ് ഇന്ത്യ ആധിപത്യം പ്രഖ്യാപിക്കുന്നത്. കട്ടക്കിൽ ഇംഗ്ലണ്ട് മുൻപിൽ വെച്ച 305 റൺസ് വിജയ ലക്ഷ്യം 33 പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 

Advertisment

സെഞ്ചുറിയോടെ ക്യാപ്റ്റൻ രോഹിത് ശർമ മുൻപിൽ നിന്ന് നയിച്ചതോടെയാണ് മുന്നൂറിന് മുകളിലെ വിജയ ലക്ഷ്യം മറികടക്കാൻ ഇന്ത്യക്കായത്. ഫോമിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച ഹിറ്റ്മാൻ ഏകദിനത്തിലെ തന്റെ 32ാമത്തെ സെഞ്ചുറിയാണ് കണ്ടെത്തിയത്. 90 പന്തിൽ നിന്ന് 119 റൺസ് എടുത്താണ് രോഹിത് ഒടുവിൽ മടങ്ങിയത്. 

ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ട് രോഹിത്

12 ഫോറും ഏഴ് സിക്സും രോഹിത്തിന്റെ ബാറ്റിൽ നിന്ന് വന്നു. ലിവിങ്സ്റ്റണിന്റെ പന്തിൽ മിഡ് വിക്കറ്റിൽ ആദിൽ റാഷിദിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. 30 ഓവറിൽ ഇന്ത്യൻ സ്കോർ 220ൽ നിൽക്കുമ്പോഴാണ് രോഹിത്തിന്റെ വിക്കറ്റ് വീണത്. ആവശ്യമായ റൺറേറ്റ് ഉയർത്താൻ അനുവദിക്കാതെ പിന്നെ വരുന്ന ബാറ്റർമാർക്ക് സമ്മർദമില്ലാതെ കളിക്കാൻ വഴിയൊരുക്കിയാണ് രോഹിത് മടങ്ങിയത്. 

Advertisment

നേരത്തെ ഒന്നാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലും രോഹിത് ശർമയും ചേർന്ന് 136 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു.52 പന്തിൽ നിന്ന് ഒൻപത് ഫോറും ഒരു സിക്സും സഹിതം 60 റൺസ് ആണ് ഗിൽ നേടിയത്. ആദ്യ ഏകദിനത്തിലും ഗിൽ അർധ ശതകം കണ്ടെത്തിയിരുന്നു. 17ാം ഓവറിൽ ഒവെർടന്റെ പന്തിൽ ഗിൽ ക്ലീൻ ബൌൾഡായി. 

കോഹ്ലിക്ക് വീണ്ടും പിഴച്ചു

ഗിൽ മടങ്ങിയതിന് പിന്നാലെ മൂന്നാമനായി ക്രീസിലേക്ക് എത്തിയ കോഹ്ലിയിലേക്കായിരുന്നു എല്ലാവരുടേയും ശ്രദ്ധ. ഫോം വീണ്ടെടുത്ത് കോഹ്ലി സ്കോർ ഉയർത്തും എന്ന് ഏവരും പ്രതീക്ഷിച്ചു. എന്നാൽ എട്ട് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രം എടുത്ത് കോഹ്ലി മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ആദിൽ റാഷിദിന്റെ ഡെലിവറിയിൽ കവർ ഷോട്ട് കളിക്കാനാണ് കോഹ്ലി ശ്രമിച്ചത്. എന്നാൽ ബാറ്റിലുരസി പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തി. 

ഓൺ ഫീൽഡ് അംപയർ നോട്ട്ഔട്ട് വിധിച്ചെങ്കിലും ഇംഗ്ലണ്ട് ഡിആർഎസ് എടുത്തു. അൾട്രാ എഡ്ജിൽ പന്ത് ബാറ്റിലുരസുന്നത് വ്യക്തമായി. ഇതിലെ അത്ഭുതം ക്രീസിൽ വെച്ച് പ്രകടമാക്കിയാണ് കോഹ്ലിയും കളിക്കളം വിട്ടത്. കോഹ്ലി മടങ്ങിയതിന് പിന്നാലെ ക്രീസിലേക്ക് എത്തിയ ശ്രേയസ് അയ്യർ രോഹിത്തിന് മികച്ച പിന്തുണ നൽകി. 

കെ.എൽ.രാഹുൽ അടുത്ത മത്സരം കളിക്കുമോ?

രോഹിത്തും ശ്രേയസും ചേർന്ന് 70 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. 47 പന്തിൽ നിന്ന് 44 റൺസ് നേടി നിൽക്കെ ശ്രേയസ് റൺഔട്ടാവുകയായിരുന്നു. മൂന്ന് ഫോറും ഒരു സിക്സുമാണ് ശ്രേയസിന്റെ ബാറ്റിൽ നിന്ന് വന്നത്. ശ്രേയസും അക്ഷറും ചേർന്ന് 38 റൺസ് കൂട്ടിച്ചേർത്തിരുന്നു. 33 പന്തിൽ നിന്ന് 30 റൺസോടെ അക്ഷർ പുറത്താവാതെ നിന്നു. 

രണ്ടാം ഏകദിനത്തിലും കെ.എൽ രാഹുൽ നിരാശപ്പെടുത്തി. 10 റൺസ് മാത്രം എടുത്ത് നിൽക്കെ ഒവെർടൻ രാഹുലിനെ മടക്കി. ഇന്ത്യയെ വേഗം ജയത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിന് ഇടയിൽ ഹർദിക് പാണ്ഡ്യയുടെ വിക്കറ്റും വീണു. ആറ് പന്തിൽ നിന്ന് രണ്ട് ഫോറോടെ 10 റൺസ് ആണ് ഹർദിക് എടുത്തത്. അറ്റ്കിൻസന്റെ പന്തിൽ ഹർദിക്കിനെ ഒവെർടൻ ഡീപ്പ് സ്ക്വയർ ലെഗ്ഗിൽ ക്യാച്ച് എടുത്ത് മടക്കി. 

ഫോറടിച്ച് ജഡേജയുടെ ഫിനിഷ്

പിന്നാലെ വന്ന രവീന്ദ്ര ജഡേജയിൽ നിന്നാണ് ഇന്ത്യയുടെ വിജയ റൺ പിറന്നത്. 45ാം ഓവറിലെ മൂന്നമത്തെ പന്തിൽ റൂട്ടിനെതിരെ ബൌണ്ടറി കണ്ടെത്തി ജഡേജ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. ജഡേജ ഏഴ് പന്തിൽ നിന്ന് രണ്ട് ഫോറോടെ 11 റൺസ് നേടി. 

ഏഴ് ബോളർമാരുടെ കൈകളിലേക്കാണ് ഇംഗ്ലണ്ട് പന്ത് നൽകിയത്. ഒവെർടൻ രണ്ട് വിക്കറ്റും അറ്റ്കിൻസൻ, ആദിൽ റാഷിദ്, ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

ബെന്നിന്റേടും റൂട്ടിന്റേയും ബലത്തിൽ ഇംഗ്ലണ്ട്

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് കട്ടക്ക് ഏകദിനത്തിൽ ജയിച്ച് പരമ്പരയിൽ ജീവൻ നിലനിർത്താൻ  ഇന്ത്യക്ക് മുൻപിൽ വെച്ചത് 305 റൺസ് വിജയ ലക്ഷ്യം. ഓപ്പണർ ബെൻ ഡക്കറ്റിന്റേയും വൺഡൌണായി വന്ന ജോ റൂട്ടിന്റേയും അർധ ശതകവും ലിവിങ്സ്റ്റണിന്റെ ബാറ്റിങ്ങുമാണ് ഇംഗ്ലണ്ട് സ്കോർ 300 കടത്തിയത്. ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ റൺസ് വഴങ്ങുന്നതിൽ യാതൊരു പിശുക്കും കാണിക്കാതിരുന്നപ്പോൾ സ്പിന്നർമാരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ഇംഗ്ലണ്ടിനായി ഓപ്പണർമാരായ ഫിൽ സോൾട്ടും ബെൻ ഡക്കറ്റും മികച്ച തുടക്കമാണ് നൽകിയത്. 11ാം ഓവറിലാണ് ഇംഗ്ലണ്ടിന്റെ ഓപ്പണിങ് സഖ്യത്തെ പിരിക്കാൻ ഇന്ത്യക്കായത്. ഫാസ്റ്റ് ബോളർമാർ ആദ്യ ഓവറുകളിൽ വിക്കറ്റ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ടതോടെ രോഹിത് വരുണിനെ കൊണ്ടുവന്നു. 

വരുണിന്റെ ഓഫ് സ്റ്റംപിന് നേരെ എത്തിയ പന്തിൽ സ്ലോഗ് സ്വീപ്പ് കളിക്കാനാണ് 26 റൺസ് എടുത്ത് നിൽക്കെ ഫിൽ സോൾട്ട് ശ്രമിച്ചത്. എന്നാൽ ടോപ് എഡ്ജ് ആയി പന്ത് മിഡ് ഓണിൽ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തി. ഇംഗ്ലണ്ട് സ്കോർ 100 കടന്നതിന് പിന്നാലെ 16ാം ഓവറിൽ ബെൻ ഡക്കറ്റിനെ രവീന്ദ്ര ജഡേജയും മടക്കി. 

റൂട്ടിനെ മടക്കി ജഡേജയുടെ സ്ട്രൈക്ക്

56 പന്തിൽ നിന്ന് 10 ഫോറുകളോടെ ആക്രമിച്ച് കളിച്ചാണ് ബെൻ ഡക്കറ്റ് 65 റൺസ് എടുത്തത്. ബെൻ മടങ്ങിയതിന് പിന്നാലെ ഹാരി ബ്രൂക്കും ജോ റൂട്ടും ചേർന്ന് 66 റൺസിന്റെ കൂട്ടുകെട്ട് കണ്ടെത്തി. എന്നാൽ 31 റൺസ് എടുത്ത ഹാരി ബ്രൂക്കിനെ ഹർഷിത് റാണ ഗില്ലിന്റെ കൈകളിൽ എത്തിച്ചു. പിന്നാലെ എത്തിയ ക്യാപ്റ്റൻ ബട്ട്ലറെ കൂട്ടുപിടിച്ചും ജോ റൂട്ട് അർധ ശതക കൂട്ടുകെട്ട് കണ്ടെത്തി. 

51 റൺസ് ആണ് ബട്ട്ലറും റൂട്ടും ചേർന്ന് കണ്ടെത്തിയത്. പക്ഷേ 35 പന്തിൽ നിന്ന് 34 റൺസ് എടുത്ത ബട്ട്ലറെ ഹർദിക് ഗില്ലിന്റെ കൈകളിലെത്തിച്ചു. 42ാം ഓവർ അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അർധ ശതകം പിന്നിട്ട് നിൽക്കുന്ന ജോ റൂട്ടും ലിവിങ്സ്റ്റണും ചേർന്ന് ഡെത്ത് ഓവറുകളിൽ സ്കോറിങ്ങിന്റെ വേഗം കൂട്ടുമെന്ന് ഇംഗ്ലണ്ട് ആരാധകർ പ്രതീക്ഷിച്ചു. എന്നാൽ 43ാം ഓവറിലെ മൂന്നാമത്തെ പന്തിൽ റൂട്ടിനെ ജഡേജ മടക്കിയതോടെ കാര്യങ്ങൾ തിരികെ ഇന്ത്യയുടെ കൈകളിലേക്ക് വന്നു. 72 പന്തിൽ നിന്ന് 69 റൺസ് എടുത്ത് നിൽക്കെ ലോങ് ഓഫീൽ കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് റൂട്ട് മടങ്ങിയത്.

Read More 

Indian Cricket Team Indian Cricket Players india vs england indian cricket Virat Kohli Rohit Sharma Subhmann GIll Ravindra Jadeja

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: