/indian-express-malayalam/media/media_files/2025/01/07/J1LwnJBFbSxs1L0zFST5.jpg)
ഓഫ് സ്റ്റംപിന് പുറത്തായി എത്തുന്ന പന്തുകൾക്ക് മുൻപിൽ തുടരെ പരാജയപ്പെടുന്ന കോഹ്ലി. ഈ പ്രശ്നം പരിഹരിക്കാൻ കഴിയാതെ പതറുന്ന കോഹ്ലിയിലേക്ക് വലിയ ആശങ്കയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് നോക്കുന്നത്. എങ്ങനെ കോഹ്ലി ഈ പോരായ്മ മറികടക്കും? കോഹ്ലിയിൽ നിന്ന് വരേണ്ട മാറ്റത്തെ കുറിച്ച് ഐഇ മലയാളത്തോട് പ്രതികരിക്കുകയാണ് കേരള ക്രിക്കറ്റ് ടീം മുൻ പരിശീലകൻ പി ബാലചന്ദ്രൻ.
സ്മിത്ത് തിരികെ കയറിയത് നോക്കു
ഇപ്പോൾ നേരിടുന്ന പ്രശ്നം മറികടക്കാനുള്ള അവസരവും സാധ്യതയും കോഹ്ലിക്ക് മുൻപിലുണ്ട്. അതിന് മനസ് കാണിക്കുകയാണ് വേണ്ടത്. ഇന്ത്യൻ ക്രിക്കറ്റിൽ കൂടുതൽ പരിചയസമ്പത്തുള്ള താരങ്ങൾ എന്ന് നമ്മൾ വിചാരിക്കുന്നവരിൽ ചിലർ കൂടുതൽ ഫ്ളെക്സിബിൾ ആവാത്ത അവസ്ഥ വരാറുണ്ട്. മുൻപുണ്ടായ നല്ല ദിവസങ്ങളെ കുറിച്ചായിരിക്കും അവർ ചിന്തിച്ചുകൊണ്ടിരിക്കുക. ഇന്ത്യക്കെതിരായ പരമ്പരയിലേക്ക് വരുമ്പോൾ സ്മിത്ത് പ്രയാസപ്പെടുന്ന സമയമായിരുന്നു. എന്നാൽ ടെക്നിക്കിൽ കൂടുതൽ സ്മിത്ത് വർക്ക് ചെയ്തു. അങ്ങനെ ആ പ്രശ്നങ്ങളെ മറികടക്കാൻ സ്മിത്തിനായി. രണ്ട് സെഞ്ചുറിയൊക്കെ നേടാനായത് അതുകൊണ്ടാണ്, പി.ബാലചന്ദ്രൻ പറഞ്ഞു.
'ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശരീരത്തിന് പുറത്ത് വെച്ച് ബോളിനെ മീറ്റ് ചെയ്യുന്നതാണ് കൂടുതൽ പ്രൊഡക്റ്റീവായിട്ട് വരുന്നത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റ് കൂടുതൽ കളിക്കുന്ന സമയത്ത് അതിനുള്ള ടെൻഡൻസി സ്വാഭാവികമായും വരും. പക്ഷേ ഇത്രയും പരിചയസമ്പത്തുള്ള ഒരാൾക്ക് ഈ ഓസ്ട്രേലിയൻ പര്യടനം ഇങ്ങനെയായിരിക്കും എന്നെല്ലാം അറിഞ്ഞുകൊണ്ട് അത് മുൻപിൽ കണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതായിരുന്നു. അത് നടന്നില്ല'.
'ചില ഫോർമാറ്റുകളിൽ മാത്രമായി കോഹ്ലി ചുരുങ്ങണം എന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ടെസ്റ്റ് ക്രിക്കറ്റിൽ കുറച്ചു കൂടി മുൻപോട്ട് പോയി കളിക്കാനുള്ള സാധ്യത കോഹ്ലിക്ക് ഉണ്ട്. ഏകദിനം പോലെ ഒരു ഫോർമാറ്റ് ഉപേക്ഷിക്കുകയാണ് എങ്കിൽ, ഇടയിൽ ഇടവേള ലഭിക്കുമ്പോൾ ആ സമയത്ത് ഈ ടെക്നിക്കിൽ എല്ലാം വർക്ക് ചെയ്യാനുള്ള സമയം കിട്ടും'.
ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് മടങ്ങാത്തത് എന്തുകൊണ്ട്?
അതിനേക്കാളും പ്രധാനപ്പെട്ട കാര്യം ഫോമില്ലാതെ നിൽക്കുമ്പോൾ ഡൊമസ്റ്റിക് ക്രിക്കറ്റ് കൂടുതലായി കളിക്കണം എന്നതാണ്. കോഹ്ലി രഞ്ജി ട്രോഫി കളിക്കാതെയായിട്ട് 12 വർഷത്തിന് മുകളിലായി എന്നാണ് മനസിലാക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ അല്ലാതെ ചതുർദിന മത്സരം കളിക്കാനെല്ലാം അവസരം ലഭിക്കുന്നത് രഞ്ജി ട്രോഫിയിലാണ്. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് കൂടുതൽ രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കുകയാണ് എങ്കിൽ ടെക്നിക് എല്ലാം മെച്ചപ്പെടുത്താൻ കോഹ്ലിക്ക് ഗുണം ചെയ്യും.
ജോ റൂട്ടിന്റെ തന്ത്രം പിന്തുടരണം
ജോ റൂട്ടിന്റെ ഉദാഹരണം നോക്കാം. ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റ് മാത്രം കളിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. ഒരു സ്റ്റേജ് കഴിഞ്ഞാൽ എല്ലാ ഫോർമാറ്റിലും കൂടെ കളിക്കുമ്പോൾ അതിന്റേതായിട്ടുള്ള സാങ്കേതിക പിഴവുകൾ വന്ന് അത് ശരിയാക്കാനുള്ള അവസരം ഇല്ലാതെയാവും. ഇവിടെ പക്വത കാണിച്ച് ഏതെല്ലാം മത്സരങ്ങളാണ് കളിക്കേണ്ടത് എന്ന് തീരുമാനിക്കണം. ഐപിഎൽ ഒരിക്കലും വിട്ടുകളയില്ല. സമ്മർദം കുറഞ്ഞ ഡൊമസ്റ്റിക് മത്സരങ്ങൾ കളിച്ച് പിഴവുകൾ തിരുത്തി കരിയർ മുൻപോട്ട് കൊണ്ടുപോകാനാണ് കോഹ്ലി ശ്രമിക്കേണ്ടത്.
ഓഫ് സൈഡ് കെണി എങ്ങനെ മറികടക്കാം?
കുറച്ചുകൂടെ ബോളിന്റെ ലൈനിലേക്ക് മൂവ് ചെയ്ത് വന്ന് കളിക്കുകയാണ് വേണ്ടത്. അതാണ് ഓഫ് സ്റ്റംപിന് പുറത്ത് വരുന്ന പന്തുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാനുള്ള മാർഗം. പന്ത് ലീവ് ചെയ്യാനുള്ള പരിശീലനം കൂടുതൽ ചെയ്യണം. പന്തിന്റെ പൊസിഷനിൽ വന്നാലെ ലീവ് ചെയ്യാൻ സാധിക്കുകയുള്ളു. പന്തിന്റെ പൊസിഷനിൽ വന്നല്ലാതെ കളിക്കുന്നവർക്ക് ലീവ് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനിയും കോഹ്ലിക്ക് കളിക്കാൻ സാധിക്കും. കോഹ്ലി വിരമിച്ച് പോകണം എന്നൊരു ഘട്ടമാണ് ഇതെന്ന് എനിക്ക് തോന്നുന്നില്ല.
ടെസ്റ്റിൽ രോഹിത് തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷയില്ല
ടെസ്റ്റിൽ രോഹിത് ഒരു വലിയ തിരിച്ചുവരവ് നടത്തും എന്ന് എനിക്ക് പ്രതീക്ഷയില്ല. വൺഡേ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കൊടുക്കുകയാണ് രോഹിത് ചെയ്യേണ്ടത്. രോഹിത്തിന്റെ ജഡ്ജ്മെന്റുകൾ മോശമായിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. ഏകദിനത്തിൽ മാത്രം ശ്രദ്ധ വെച്ച് രോഹിത് മുൻപോട്ട് പോവുകയാണ് വേണ്ടത്. അടുത്ത ഇന്ത്യൻ റെഡ് ബോൾ ക്യാപ്റ്റനാവാനുള്ള സാധ്യത ബുമ്രയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളാണ് ഒരു ആശങ്കയെന്നും പി.ബാലചന്ദ്രൻ പറഞ്ഞു.
Read More
- 170 റൺസും കൊണ്ട് ടെസ്റ്റ് ജയിക്കാമെന്ന് കരുതിയോ? ദയനീയ തോൽവിയിൽ ഗാംഗുലി
- റയലിന്റെ കൊമ്പൻ! ബെല്ലിങ്ഹാമിനും എംബാപ്പെയ്ക്കും പിഴയ്ക്കുന്നിടത്ത് പഹന്റെ വിളയാട്ടം
- രോഹിത്തും കോഹ്ലിയും ഉടൻ വിരമിക്കും? ധോണി കാണിച്ച മാസ് മറക്കരുത്
- ഗിൽ തമിഴ്നാട്ടിൽ നിന്നായിരുന്നെങ്കിലോ? പണ്ടേ തലവെട്ടിയാനെ: ബദ്രിനാഥ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.