/indian-express-malayalam/media/media_files/2024/12/30/ZrK3mKSm39iNXqdDkyxY.jpg)
Rohit Kohli and Virat Kohli Photograph: (X)
2014ലെ ബോക്സിങ് ഡേ ടെസ്റ്റിന് പിന്നാലെ റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം. പരമ്പരയുടെ മധ്യത്തിൽ വെച്ചുള്ള ധോണിയുടെ ആ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. 15 വർഷങ്ങൾക്കിപ്പുറം മോശം ഫോമിനെ തുടർന്ന് ക്യാപ്റ്റന് ബോക്സിങ് ഡേ ടെസ്റ്റിന് പിന്നാലെ ടീമിലെ സ്ഥാനം നഷ്ടമാവുന്നു. അന്ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ച പരമ്പര 2-0നാണ് ഇന്ത്യക്ക് നഷ്ടമായത്. ഇന്ന് ബോർഡർ ഗാവസ്കർ ട്രോഫി ഇന്ത്യ അടിയറവ് വെച്ചത് 3-1. ക്യാപ്റ്റൻ ധോണിക്ക് ആ പരമ്പരയിൽ നേടാനായത് 60ൽ താഴെ റൺസ്. പരമ്പരയിൽ ഒരു മത്സരം ബാക്കി നിൽക്കെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് താഴെ ഇറങ്ങാനും വിരമിക്കൽ പ്രഖ്യാപിക്കാനും ധോണിക്ക് ഒരിക്കൽ കൂടി ആലോചിക്കേണ്ടി വന്നില്ല. ഒരുപക്ഷെ ധോണിക്ക് മാത്രം സാധ്യമായ കാര്യം. അന്ന് ആ ക്യാപ്റ്റൻസി മാറ്റം കൂളായി നടന്നെങ്കിൽ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. രോഹിത്തും കോഹ്ലിയും സ്വയം റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മാറി നിൽക്കാനുള്ള സാധ്യത വിരളം. എന്നാൽ വിരമിക്കൽ എന്ന തീരുമാനത്തിലേക്ക് എത്താതെ രോഹിത്തിനം കോഹ്ലിക്കും മുൻപിൽ മറ്റ് വഴികൾ ഉണ്ടായേക്കില്ല.
ബോർഡർ ഗാവസ്കർ ട്രോഫിയിൽ എട്ട് ഇന്നിങ്സിൽ നിന്ന് 190 റൺസ് ആണ് കോഹ്ലി സ്കോർ ചെയ്തത്. ഓസ്ട്രേലിയ ഒരുക്കിയ ഓഫ് സൈഡ് കെണിയിൽ കൃത്യമായി വീണ് കോഹ്ലി കൂടാരം കയറിക്കൊണ്ടിരുന്നു. ഓഫ് സ്റ്റംപിന് പുറത്തായെത്തുന്ന പന്തുകൾക്ക് മുൻപിൽ കോഹ്ലിയെന്ന ലോകോത്തര താരത്തിന്റെ സാങ്കേതിക തികവ് പിഴയ്ക്കുന്നു. ബോളണ്ട് എല്ലാ അർഥത്തിലും കോഹ്ലിക്ക് മേൽ ആധിപത്യം പുലർത്തി. ആ പിഴവുകൾക്കെല്ലാം പരിഹാരം കണ്ടെത്തി വീണ്ടും റൺസ് വാരാൻ കോഹ്ലിക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നവർ അധികമുണ്ടാവില്ല. അതിനുള്ള അവസരവും സമയവും ഇന്ത്യൻ ക്രിക്കറ്റ് കോഹ്ലിക്ക് നൽകുമോ? 2018ൽ ഇംഗ്ലണ്ട് പര്യടനത്തിൽ ആൻഡേഴ്സ്ന്റേയും ബ്രോഡിന്റേയും പന്തുകളെ അതിജീവിച്ച് എത്തിയത് പോലൊരു വരവിന് ഇനി കോഹ്ലി പ്രാപ്തനാണോ?
മൂന്ന് ടെസ്റ്റിൽ നിന്ന് 31 റൺസ് ആണ് രോഹിത് സ്കോർ ചെയ്തത്. സിഡ്നി ടെസ്റ്റിൽ പ്ലേയിങ് ഇലവനിൽ നിന്ന് രോഹിത് സ്വയം മാറി നിന്നതാണോ? അതോ പരിശീലകന്റേയും ടീം മാനേജ്മെന്റിന്റേയും നിർദേശം അനുസരിക്കുകയാണോ രോഹിത് ചെയ്തത്? ആർത്തുലയ്ക്കുന്ന ഗ്യാലറിക്ക് മുൻപിൽ നിന്ന് വിരമിക്കൽ മത്സരം കളിക്കാനുള്ള ഭാഗ്യം എത്ര ഇന്ത്യൻ ക്യാപ്റ്റന്മാർക്ക് ലഭിച്ചിട്ടുണ്ട്? റൺമല താണ്ടിയ കോഹ്ലിക്ക് ടെസ്റ്റിൽ നിന്ന് മാന്യമായ വിടവാങ്ങൽ മത്സരം ഇന്ത്യൻ ക്രിക്കറ്റ് നൽകുമോ?
കോഹ്ലിയും രോഹിത്തും സ്വയം വിരമിക്കൽ പ്രഖ്യാപനത്തിലേക്ക് എത്തില്ല എന്നിരിക്കെ സെലക്ടർമാരുടെ കൈകളിലേക്കാണ് ആ ഭാരിച്ച ചുമതല വരുന്നത്. 2027 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ വരെ കളിക്കാൻ പാകത്തിലെ ഒരു ടീമിനെ പടുത്തുയർത്തുകയാണ് സെലക്ടർമാരുടെ മുൻപിലുള്ള വെല്ലുവിളി. കോഹ്ലിയും രോഹിത്തും ജഡേജയും പടിയിറങ്ങുമ്പോൾ അവരുടെ വിടവ് നികത്താൻ പ്രാപ്തരാണോ യുവ താരങ്ങൾ എന്ന ചോദ്യവും ശക്തമാണ്.
പരമ്പരയ്ക്കിടയിൽ വെച്ചുള്ള അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം നിരവധി ചോദ്യങ്ങളാണ് ഉയർത്തിയത്. ടീമിനുള്ളിലെ അന്തരീക്ഷം ശരിയല്ല എന്ന റിപ്പോർട്ടുകൾ ശക്തമായി. പെർത്തിൽ ജയം നേടിയിട്ടും ടീം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പോലും തയ്യാറായില്ലെന്നാണ് വിവരം. രോഹിത്തിനും കോഹ്ലിക്കും അപ്പുറമുള്ള ടീമിനെ സെലക്ടർമാർ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ടീമിനുള്ളിലെ ഈ അസ്വാരസ്യങ്ങൾക്കും പരിഹാരം കണ്ടെത്തണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us