/indian-express-malayalam/media/media_files/2025/03/20/SlVqi8ct2JRXdvqqMQel.jpg)
MS Dhoni, Rohit Sharma, R Ashwin Photograph: (File Photo)
IPL 2025: List of Oldest Cricket Players In IPL Season 18: യുവ താരങ്ങൾക്ക് മുൻപിലേക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് കൊടുത്താണ് എല്ലാ വർഷവും ഐപിഎൽ എത്തുന്നത്. എന്നാൽ പ്രായം കൂടിയിട്ടും ക്രിക്കറ്റിനോടുള്ള ഇഷ്ടം നെഞ്ചിൽ കൊണ്ടുനടക്കുന്ന കളിക്കാരുമുണ്ട്. അവരും ഒരങ്കത്തിന് കൂടി ഇറങ്ങാൻ തങ്ങൾക്ക് കരുത്തുണ്ടെന്ന് പ്രഖ്യാപിച്ചാണ് ആവനാഴിയിലെ ആയുധങ്ങൾ എല്ലാം എടുത്ത് ഇറങ്ങുന്നത്. അങ്ങനെ ഇത്തവണ പ്രായത്തെ തോൽപ്പിച്ച് മിന്നും പ്രകടനം നടത്താൻ ഐപിഎല്ലിലേക്ക് എത്തുന്ന അഞ്ച് കളിക്കാർ ഇവരാണ്...
ധോണി
ഐപിഎൽ 2025 സീസണിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം ധോണിയാണ്. ചെന്നൈ സൂപ്പർ കിങ്സ് മുൻ ക്യാപ്റ്റന്റെ പ്രായം 43 ആണ്. അഞ്ച് കിരീടങ്ങളിലേക്ക് ചെന്നൈയെ നയിച്ച ധോണിക്ക് ഋതുരാജിനെ മുൻപിൽ നിർത്തി മറ്റൊരു കിരീടത്തിലേക്ക് കൂടി ചെന്നൈയെ എത്തിക്കാൻ ഈ സീസണിലാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സീസണിൽ ഡെത്ത് ഓവറുകളിൽ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിക്കുകയാണ് ആരാധകർ.
ഡു പ്ലെസിസ്
നാൽപ്പതുകാരനായ ദക്ഷിണാഫ്രിക്കൻ താരം ഡുപ്ലെസിസ് ഇത്തവണ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് ഇറങ്ങുന്നത്. ചെന്നൈക്കൊപ്പം നിന്നാണ് ഡുപ്ലെസിസ് കൂടുതൽ മികച്ച പ്രകടനം പുറത്തെടുത്തിരിക്കുന്നത്. ആർസിബി ക്യാപ്റ്റനായി ഡുപ്ലെസിസ് വന്നെങ്കിലും കിരീടം എന്ന അവരുടെ സ്വപ്നത്തിലേക്ക് ടീമിനെ എത്തിക്കാനായില്ല. ഡുപ്ലെസിസിന്റെ പരിചയസമ്പത്ത് ഡൽഹി ക്യാപിറ്റൽസിന് ഗുണം ചെയ്തേക്കും.
ആർ അശ്വിൻ
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള 38കാരനായ ആർ അശ്വിന്റെ ആദ്യ ഐപിഎൽ സീസണാണ് ഇത്. കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച അശ്വിന് ബാറ്റുകൊണ്ടും ബോളുകൊണ്ടും മികവ് കാണിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ അശ്വിനെ ടീമിൽ നിലനിർത്താൻ രാജസ്ഥാൻ തയ്യാറായില്ല. ഒടുവിൽ തന്റെ ആദ്യ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സിലേക്ക് തന്നെ അശ്വിൻ തിരിച്ചെത്തി. ചെപ്പോക്കിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ അശ്വിന്റെ പരിചയസമ്പത്ത് ചെന്നൈക്ക് മുതലെടുക്കാനാവും.
രോഹിത് ശർമ
ചാംപ്യൻസ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഐപിഎൽ കളിക്കാൻ രോഹിത് ശർമ എത്തുന്നത്. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനെതിരെ കണ്ടെത്തിയ മാച്ച് വിന്നിങ് ഇന്നിങ്സ് 37കാരനായ രോഹിത് ഫോമിലേക്ക് തിരിച്ചെത്തി എന്നതിന്റെ സൂചനയാണ്. ക്യാപ്റ്റൻസിയുടെ ഉത്തരവാദിത്വം ഇല്ലാത്തതിനാൽ രോഹിത്തിന് സ്വതന്ത്രമായി ബാറ്റ് വീശാനാവും. മുംബൈക്കായി മികച്ച തുടക്കം നൽകി രോഹിത് ബാറ്റ് വീശുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
മൊയീൻ അലി
ഇംഗ്ലണ്ടിന്റെ ഓഫ് സ്പിന്നർ മൊയിൻ അലിയെ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ആണ് സ്വന്തമാക്കിയത്. മധ്യ ഓവറുകളിൽ കൂറ്റൻ ഷോട്ടുകൾ കണ്ടെത്താൻ മൊയീൻ അലിക്ക് സാധിക്കും. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത ശേഷമാണ് കൊൽക്കത്തയിലേക്ക് മൊയിൻ അലി എത്തുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.