scorecardresearch

ഫിഫ ഉടക്കുമെന്ന് നേരത്തെ അറിയാമായിരുന്നില്ലേ? മെസിപ്പടയെ കൊണ്ടുവരുന്നതിൽ പിഴച്ചതെവിടെ?

Argentina football team's Kerala visit: "ഫിഫയുടെ നിയമങ്ങൾ ലംഘിച്ചത് കൊണ്ടുള്ള പ്രശ്നമാണ്. ആ പ്രശ്നം പരിഹരിച്ചാൽ മത്സരം നടത്താം എന്നാണ് അവർ പറയുന്നത്"

Argentina football team's Kerala visit: "ഫിഫയുടെ നിയമങ്ങൾ ലംഘിച്ചത് കൊണ്ടുള്ള പ്രശ്നമാണ്. ആ പ്രശ്നം പരിഹരിച്ചാൽ മത്സരം നടത്താം എന്നാണ് അവർ പറയുന്നത്"

author-image
Anjaly Suresh
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lionel Messi and Minister Abdurahman

Lionel Messi and Minister Abdurahman: (Source: Facebook)

മെസ്സിയും അർജന്റീനയും നവംബറിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന വാർത്തകൾക്ക് വിരാമം. റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടൂർണമെന്റിന്റെ സ്പോൺസറാണ് ഈ സ്ഥാപനം.

Advertisment

ഒക്ടോബർ 25 മുതൽ അർജന്റീന-ഓസ്ട്രേലിയ സൗഹൃദ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിക്കാൻ ഇരിക്കെയാണ്, ശനിയാഴ്ച രാവിലെ ആന്റോ അഗസ്റ്റിൻ ഈ വിവരം പുറത്തുവിട്ടത്. നിലവിലെ സാഹചര്യത്തിൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന ടീം കേരളത്തിലേക്ക് എത്തില്ലെന്ന് ഇതോടെ ഉറപ്പായി.

മെസ്സിപ്പട കേരളത്തിലേക്ക് വരുമെന്ന ആദ്യ പ്രഖ്യാപനം നടത്തിയത് കായിക മന്ത്രി വി. അബ്ദുറഹിമാനായിരുന്നു. എന്നാൽ, നവംബറിലെ സൗഹൃദമത്സരം ഉണ്ടാകില്ലെന്ന് സ്പോൺസർമാർ സ്ഥിരീകരിച്ചതിന് പിന്നാലെ, മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

"അർജന്റീന ടീം ആ കളി മറ്റൊരു സ്ഥലത്തേക്ക് വെച്ചിട്ടില്ല. പരിശീലനം എന്നാണ് അവർ അനൗൺസ് ചെയ്തതിരിക്കുന്നത്. അംഗോളയിൽ ഒരു കളിയും കേരളത്തിൽ ഒരു കളിയും എന്നാണ് തീരുമാനിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ വേഗത്തിൽ അപ്രൂവൽ എടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നമുക്ക് വേണ്ടി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ, ഏഷ്യൻ ഫുട്ബോൾ കോൺഫിഡറേഷൻ എന്നിവർ ഫിഫയോട് ശുപാർശ ചെയ്തിരുന്നു. ഫിഫയുടെ നിയമങ്ങൾ ലംഘിച്ചത് കൊണ്ടുള്ള പ്രശ്നമാണ്. ആ പ്രശ്നം പരിഹരിച്ചാൽ മത്സരം നടത്താം എന്നാണ് അവർ പറയുന്നത്. ഈ വിൻഡോയിൽ അംഗീകാരം ലഭ്യമായില്ലെങ്കിൽ അടുത്തതിൽ ശ്രമിക്കും," കായിക മന്ത്രി വ്യക്തമാക്കി. 

Advertisment

Also Read: മെസിയും സംഘവും നവംബറിൽ കേരളത്തിലേക്ക് വരില്ല; സ്ഥിരീകരിച്ച് സ്‌പോൺസര്‍

"ഫിഫ റാങ്കിങ്ങിൽ 50ൽ താഴെയുള്ള രണ്ട് ടീമുകൾ ആദ്യമായാണ് ഇന്ത്യയിൽ തന്നെ കളിക്കാൻ വരുന്നത്. അപ്പോൾ അതിന്റെ മാനദണ്ഡങ്ങൾ പാലിക്കണം. ആ മാനദണ്ഡങ്ങളെല്ലാം പാലിക്കാൻ നമ്മൾ ശ്രമിക്കുന്നുണ്ട്. കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരം നടത്താൻ ആലോചിച്ചപ്പോൾ ക്രിക്കറ്റ് സ്റ്റേഡിയം ആയതിനാൽ ഫീൽഡ് റഷ് ആണെന്ന പ്രതികരണം വന്നു. അങ്ങനെയാണ് കൊച്ചിയിലേക്ക് മത്സരവേദി മാറിയത്. വേണമെങ്കിൽ മെസി മാത്രമായി വരും. പക്ഷേ അത് നമ്മൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കേരളത്തിന്റെ കായിക മേഖലയ്ക്ക് ഗുണമില്ല. ഇപ്പോൾ വന്നിരിക്കുന്നത് ഒരു നെഗറ്റീവ് ന്യൂസ് അല്ല," കായിക മന്ത്രി അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു. 

എവിടെയാണ് പാളിയത്?  

മെസിയും അർജന്റീന ടീമും വരുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ആരാധകർ ആദ്യം സ്വീകരിച്ചത്. പിന്നാലെ പലവിധ  ചോദ്യങ്ങൾ ഉയർന്നു. കേരളത്തിലേക്ക് എത്തിയാൽ എവിടെ കളിക്കും?   കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിങ്ങനെ രണ്ട് വേദികളും പരിഗണനയിൽ വന്നു,  ഒടുവിൽ കൊച്ചി ഉറപ്പിച്ചു. അപ്പോഴും കേരളത്തിലെ കായിക പ്രേമികൾ സർക്കാരിനോടും സ്പോൺസർമാരോടും ചോദിച്ചു, ഫിഫ മാനദണ്ഡങ്ങൾ പ്രകാരം കൊച്ചിയിലെ സ്റ്റേഡിയത്തിൽ നവംബറിനുള്ളിൽ മാറ്റങ്ങൾ വരുത്തി കളി നടത്താനാവുമോ? 

Also Read: 14 വർഷം മുൻപ് വന്നപ്പോഴുള്ള നല്ല ഓർമകളുണ്ട്; എന്തൊരു ആരാധകരാണ്! വരവ് ഉറപ്പിച്ച് മെസി

2024 നവംബര്‍ 20നായിരുന്നു കായിക മന്ത്രി വി അബ്ദുറഹ്മാൻ മെസി ഉൾപ്പെട്ട അർജന്റീന ടീം ഇന്ത്യയിലെത്തുമെന്ന് പ്രഖ്യാപിച്ചത്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കേരള സർക്കാർ കരാറിലെത്തിയതായും മന്ത്രി വി അബ്ധുറഹിമാൻ പറഞ്ഞിരുന്നു. ഈ വർഷം മെയ് മൂന്നിന് അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് നവംബറിൽ മെസിയും സംഘവും ഖത്തറിലും ചൈനയിലും കളിക്കും എന്നാണ്. ഇതോടെ ആശയക്കുഴപ്പം ശക്തമായി. 

ഒക്ടോബർ, നവംബര്‍ മാസങ്ങളിലായി അർജന്റീന നാല് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നായിരുന്നു വാർത്തകൾ. അര്‍ജന്റീനയിലെ മാധ്യമങ്ങളും പ്രമുഖ ഫുട്ബോള്‍ ജേണലിസ്റ്റ് ഗാസ്റ്റൊണ്‍ എഡ്യൂളും ആണ് അർജന്റീനയുടെ ഷെഡ്യൂൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിരുന്നത്. ഈ ഷെഡ്യൂൾ പ്രകാരം,  കേരളത്തിലേക്ക് വരാതെ അർജന്റീന ടീം അംഗോളയിലേക്ക് പോകുമെന്ന് വ്യക്തമായിരുന്നു. നവംബറില്‍ അംഗോളയുടെ 50-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് ഒരു മത്സരം അർജന്റീന അവര്‍ക്കെതിരെ കളിക്കുന്നത്. എന്നാൽ കേരളത്തിലേക്ക് വരുമെന്ന് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചതോടെ പ്രതീക്ഷ ഉയർന്നു.

അർജന്റീന ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ട പണം നൽകിയിട്ടും ടീം കേരളത്തിലേക്ക് വന്നില്ലെങ്കിൽ നടപടി എടുക്കും എന്ന് സ്പോൺസർമാർ മാധ്യമങ്ങൾക്ക് മുൻപിൽ ഏതാനും ദിവസം മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ അർജന്റീനയുടെ കേരളത്തിലെ സൗഹൃദ മത്സരം മുടങ്ങിയിരിക്കുന്നത് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭിക്കാത്തതിനെ തുടർന്നാണ് എന്നാണ് സ്പോൺസർമാരുടെ വിശദീകരണം.  

Also Read: 39ാം വയസിൽ ലോകകപ്പ്; അത് സാധ്യമായേക്കില്ല; ആശങ്ക നിറച്ച് മെസി

ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ആവശ്യമായ ഫിഫയുടെ അംഗീകാരം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് നേടിയെടുക്കാനാവില്ല എന്ന് കായിക പ്രേമികൾക്ക് നേരത്തെ തന്നെ വ്യക്തമായിരുന്നു. സ്പോൺസർമാരുടെ ഇപ്പോഴത്തെ വിശദീകരണം ഈ ആശങ്കകൾ ശരിവെക്കുന്നതാണ്.

ഇന്ത്യ-ഖത്തർ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരം കൊച്ചിയിൽ നടത്താൻ ശ്രമിച്ചിരുന്നു. എന്നാൽ കൊച്ചി സ്റ്റേഡിയത്തിൽ ഫിഫ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്റെ നിരവധി പ്രശ്നങ്ങൾ വ്യക്തമായതോടെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വേദി മാറ്റി. ഇങ്ങനെ ഒരു സംഭവം ഉദാഹരണമായി നമുക്ക് മുൻപിലുണ്ടായിരുന്നു. അണ്ടർ 17 ലോകകപ്പ് മത്സരം 2017ൽ കൊച്ചിയിൽ നടത്തിയപ്പോൾ ഫിഫയുടെ സുരക്ഷാ മുൻകരുതൽ പ്രകാരം 29000 കാണികളെ മാത്രമാണ് പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചിരുന്നത്. 

ഫിഫയുടെ നിയമം അനുസരിച്ച് സ്റ്റേഡിയത്തിൽ എന്തെങ്കിലും സുരക്ഷാപ്രശ്നം ഉണ്ടായാൽ എട്ട് മിനിറ്റിനുള്ളിൽ കാണികളെ സ്റ്റേഡിയത്തിന് പുറത്തിറക്കാൻ സാധിക്കണം. കൊച്ചി സ്റ്റേഡിയത്തിലെ സംവിധാനങ്ങൾ ഇതിന് പ്രാപ്തമാണോ? പ്രാപ്തമല്ല എന്നതിനാലാണ് കാണികളുടെ എണ്ണം കുറയ്ക്കേണ്ടി വന്നത്. മാത്രമല്ല മെസിയേയും സംഘത്തേയും ഇത്രയും പണം മുടക്കി കൊണ്ടുവരുന്നത് 29000 കാണികൾക്ക് മുൻപിൽ കളിപ്പിക്കാൻ വേണ്ടി മാത്രമാണോ? ചോദ്യങ്ങൾ ഇങ്ങനെ നീണ്ടിട്ടും മെസി വരും എന്ന് ആവർത്തിക്കുകയായിരുന്നു കായിക മന്ത്രിയും സ്പോൺസർമാരും ചെയ്തത്. പക്ഷേ ഇപ്പോൾ ഫിഫ മാനദണ്ഡങ്ങളിൽ കുരുങ്ങി മെസിയേയും സംഘത്തേയും കാണാനുള്ള മലയാളികളുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീണിരിക്കുകയാണ്. 

Read More: വിങ്ങിപ്പൊട്ടി മെസി; സ്വന്തം മണ്ണിലെ അവസാന മത്സരത്തിൽ ഇരട്ട ഗോൾ; ഹൃദയം തൊട്ട് ആരാധകർ

Argentina

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: