/indian-express-malayalam/media/media_files/2025/04/19/2fK6VvSKxzLxVF7bg5vZ.jpg)
Noah Sadaoui, Adrian Luna Photograph: (Noah, Instagram)
Kerala Blasters Super Cup: ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് വിടും എന്ന നിലയിൽ വന്ന അഭ്യൂഹങ്ങൾ തള്ളി കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര താരം നോവ സദൂയി. അടുത്ത സീസണിലും താൻ കേരള ബ്ലാസ്റ്റേഴ്സിനായി പന്തുതട്ടാൻ ഉണ്ടാവും എന്ന് നോവ വ്യക്തമാക്കി. സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിന് എതിരെ കേരള ബ്ലാസ്റ്റേഴ്സിനെ ജയത്തിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് നോവയുടെ വാക്കുകൾ.
സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് എങ്കിലും നോവ ഏഴ് ഗോളും അഞ്ച് അസിസ്റ്റും തന്റെ അക്കൗണ്ടിൽ ചേർത്തിരുന്നു. സൂപ്പർ കപ്പിൽ മിന്നും ഫോമിലാണ് ഇപ്പോൾ നോവയുടെ കളി. മോഹൻ ബഗാന് എതിരായ മത്സരം മുൻപിൽ നിൽക്കുമ്പോഴാണ് ട്രാൻസ്ഫർ അഭ്യൂഹങ്ങൾ നോവ തള്ളുന്നത്. മൈഖേലിന് നൽകിയ അഭിമുഖത്തിലാണ് നോവയുടെ പ്രതികരണം.
"നിങ്ങൾക്ക് അഭ്യൂഹങ്ങളാണ് ഇഷ്ടം. പക്ഷേ കേൾക്കൂ. എനിക്ക് കേരള ബ്ലാസ്റ്റേഴ്സുമായി രണ്ട് വർഷത്തെ കരാർ ഉണ്ട്. എനിക്ക് ഇവിടെ ആരുമായും ഒരു പ്രശ്നവും ഇല്ല. ഈ ക്ലബിനെ ഞാൻ ഇഷ്ടപ്പെടുന്നു. ഇവിടെ തുടരാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. നിലവിലുള്ള അവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാവുന്നില്ലെങ്കിൽ ഞാൻ ഇവിടെ തന്നെ തുടരും," നോവ വ്യക്തമാക്കുന്നു.
"സീസൺ നന്നായി ഫിനിഷ് ചെയ്യുക എന്നത് മാത്രമാണ് ഇപ്പോൾ എന്റെ ലക്ഷ്യം. ആവശ്യമായ വിശ്രമം എടുത്ത് ഫ്രഷ് ആയി അടുത്ത സീസൺ കളിക്കാനെത്തുക." നോവ പറഞ്ഞു. മോശം സീസണിലെ ആരാധകരുടെ സങ്കടം മനസിലാക്കുന്നതായും നോവ പറഞ്ഞു.
"ആരാധകരുടെ രോഷം മനസിലാക്കാൻ എനിക്കാവും. ഞങ്ങളെ പിന്തുണയ്ക്കാൻ അവർ ഒരുപാട് ത്യാഗം ചെയ്യുന്നുണ്ട്. അവർ ആഗ്രഹിക്കുന്ന ഫലം വരാതാവുമ്പോൾ അവരുടെ താത്പര്യം കുറയും. എന്നാൽ ഞങ്ങൾ കളി തോൽക്കണം എന്ന മനസുമായല്ല കളിക്കാൻ ഇറങ്ങുന്നത്. തോൽക്കുമ്പോൾ ഞങ്ങൾക്കും വിഷമം ഉണ്ട്. എന്നാൽ ശരിയാ ഘടനയിലൂടെ വിജയങ്ങളിലേക്ക് എത്താനാവും,"നോവ സദൂയി പറഞ്ഞു.
സീസണിൽ നോവയും ലൂണയും ഗ്രൗണ്ടിൽ വെച്ച് പരസ്യമായി തർക്കിച്ചിരുന്നു. നോവ അവസരം നഷ്ടപ്പെടുത്തിയത് ലൂണ പരസ്യമായി ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇത് ടീമിൽ വിള്ളലുണ്ടാക്കിയോ എന്ന ചോദ്യവും ഉയർത്തിയിരുന്നു. ഈ കാരണം കൊണ്ട് തന്നെ നോവ ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമോ എന്ന ആശങ്കയും ഉയർന്നിരുന്നു.
Read More
- Kerala Blasters: ബ്ലാസ്റ്റേഴ്സിന് നേരിയ ആശ്വാസം; മോഹൻ ബഗാൻ ഇറങ്ങുന്നത് റിസർവ് താരങ്ങളുമായി?
- Kerala Blasters: ബ്ലാസ്റ്റേഴ്സിന് തലവേദന; ലൂണയ്ക്ക് മോഹൻ ബഗാനെതിരെ കളിക്കാനായേക്കില്ല
- റൊണാൾഡോയുടെ പേര് അവഗണിച്ച് മെസി; കുട്ടികൾ അനുകരിക്കുന്നത് ഇവരെയെന്ന് താരം
- Kerala Blasters: ഇടംകാലിൽ നിന്നൊരു റോക്കറ്റ്; ഇനി ബ്ലാസ്റ്റേഴ്സ് വിട്ടുകളയുമോ ഈ മുത്തിനെ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.