/indian-express-malayalam/media/media_files/2025/04/21/zBtmX629U5qOxR0lfY8I.jpg)
Noah Sadaoui Photograph: (Kerala Blasters, Instagram)
Noah Sadaoui Kerala Blasters: സൂപ്പർ കപ്പിൽ നിലവിലെ ചാംപ്യന്മാരായ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ക്വാർട്ടറിലെത്തിയതിന്റെ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. പുതിയ പരിശീലകൻ ഡേവിഡ് കാറ്റലയ്ക്ക് കീഴിൽ ഒത്തിണക്കത്തോടെ കളിച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചത്. ഈ ജയത്തിൽ എടുത്ത് പറയേണ്ടത് മൊറോക്കൻ വിങ്ങർ നോവ സദൂയിയുടെ പ്രകടനമാണ്. വിമർശകരുടെയെല്ലാം വായടപ്പിച്ചാണ് നോവ നിറഞ്ഞു കളിച്ചത്.
എതിരില്ലാത്ത രണ്ട് ഗോളിനാണ് ഈസ്റ്റ് ബംഗാളിനെ കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ഈ രണ്ട് ഗോളിന് പിന്നിലും നോവയുണ്ടായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മിനിറ്റുകൾ മാത്രം മുൻപാണ് കേരള ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനാൽറ്റി ലഭിച്ചത്. നോവയെ ഈസ്റ്റ് ബംഗാൾ താരം അൻവർ അലി വീഴ്ത്തിയതിനായിരുന്നു ഈ പെനാൽറ്റി കിട്ടിയത്. ഹിമനെയുടെ ആദ്യ കിക്ക് ഗോൾകീപ്പർ തടഞ്ഞെങ്കിലും റീടേക്കിന് ലഭിച്ച അവസരം ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര താരം നഷ്ടമാക്കിയില്ല. ഇതോടെ 1-0ന് കേരള ബ്ലാസ്റ്റേഴ്സ് മുൻപിലെത്തി.
64ാം മിനിറ്റിലാണ് നോവയുടെ ഇടംകാൽ ഷോട്ടിൽ നിന്നൊരു ബുള്ളറ്റ് പാഞ്ഞ് വലയിലായത്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് 2-0ന് ജയം പിടിച്ചു. ഈ രണ്ട് ഗോളുകൾക്കും പിന്നിൽ നോവയുടെ കരങ്ങളുണ്ടായതിന് പുറമെ കളിയിൽ നിരവധി ഗോൾ അവസരങ്ങളും നോവ സൃഷ്ടിച്ചിരുന്നു.
മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റിൽ നോവയിൽ നിന്ന് പെർഫെക്ട് ബോൾ ഹിമനെയിലേക്ക് വന്നെങ്കിലും താരത്തിന് കണക്ട് ചെയ്യാനായില്ല. 34ാം മിനിറ്റിൽ ഹിമനെയ്ക്ക് ഗോളാകാൻ പാകത്തിൽ നോവ പന്ത് നൽകി. എന്നാൽ ഗോൾപോസ്റ്റിന് മുകളിലൂടെ അടിച്ചുപറത്തുകയാണ് ഹിമനെ ചെയ്തത്.
'ബ്ലാസ്റ്റേഴ്സ് ഒരുമിച്ച് പ്രതിരോധിച്ചു, ഒരുമിച്ച് ആക്രമിച്ചു'
കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും നോവയായിരുന്നു. ഐഎസ്എൽ സീസണിന് ഇടയിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഈ പ്രകടനത്തിലൂടെ താനെന്ന് നോവ മത്സരത്തിന് ശേഷം പറഞ്ഞു. "പല നെഗറ്റീവ് വാർത്തകളും എന്നെ കുറിച്ച് വരുന്നുണ്ട്. എന്നാൽ ഞാൻ എന്നും ഒരു കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരനാണ്. ടീമിനായി എന്റെ കഴിവിന്റെ പരമാവധി നൽകാൻ ഞാൻ ശ്രമിക്കുന്നുണ്ടെന്ന് എല്ലാവരേയും അറിയിക്കാൻ ഞാൻ ആഗ്രഹിച്ചു," നോവ പറഞ്ഞു.
"ഒരു ടീം വർക്ക് ആണ് ഇന്ന് ടീമിൽ നിന്ന് ഉണ്ടായത്. എല്ലാവരും ഒരുപോലെ പ്രതിരോധിക്കുകയും ആക്രമിക്കുകയും ചെയ്തു. അത് എല്ലായ്പ്പോഴും കാണാനാവുന്ന കാഴ്ചയല്ല. മത്സരത്തിൽ ഉടനീളം മികച്ച മെന്റാലിറ്റി ടീം പ്രകടിപ്പിച്ചു," നോവ ചൂണ്ടിക്കാണിച്ചു.
Read More
- Kerala Blasters: സൂപ്പർ കപ്പിനായി കച്ചമുറുക്കി കേരള ബ്ലാസ്റ്റേഴ്സ്; സ്ക്വാഡിനെ പ്രഖ്യാപിച്ചു
- '2026 ലോകകപ്പ് മനസിലുണ്ട്; ഇല്ലെന്ന് പറഞ്ഞാൽ കള്ളമാവും'; നിർണായക വാക്കുകളുമായി മെസി
- മാർച്ചിൽ പരുക്കേറ്റു; ഏപ്രിലിൽ വീണ്ടും പരുക്ക്; കണ്ണീരണിഞ്ഞ് മടങ്ങി നെയ്മർ; വിരമിക്കൽ മുറവിളി ശക്തം
- പ്രീമിയർ ലീഗ്; കിരീടത്തിനായി ലിവർപൂളിന് എത്ര മത്സരങ്ങൾ കൂടി കാത്തിരിക്കണം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.