/indian-express-malayalam/media/media_files/2025/01/30/Ug5LdkLYbFytaJwwIgi4.jpg)
ചെന്നൈയിൻ എഫ്സിക്കെതിരെ ഗോൾ നേടി പെപ്രെ(ഫോട്ടോ: കേരള ബ്ലാസ്റ്റേഴ്സ്, ഇൻസ്റ്റഗ്രാം)
ചെന്നൈയുടെ തട്ടകത്തിൽ ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി തങ്ങളുടെ ആദ്യ ജയം പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. 3-1നാണ് ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിക്കെതിരെ ജയിച്ച് സീസണിലെ പ്ലേഓഫ് സാധ്യതകൾക്ക് ജീവൻ നൽകിയത്. മൂന്നാം മിനിറ്റിൽ ജിമെനെസും ആദ്യ പകുതിയിലെ അധിക സമയത്ത് കൊറൂവും 56ാം മിനിറ്റിൽ പെപ്രെയുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഇഞ്ചുറി ടൈമിൽ വിൻസി ബറെറ്റോയിലൂടെയായിരുന്നു ചെന്നൈയിൻ എഫ്സിയുടെ ആശ്വാസ ഗോൾ.
37ാംമിനിറ്റിൽ വിൽമർ ജോർദാൻ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ചെന്നൈ പത്ത് പേരായി ചുരുങ്ങി. ഡ്രിനിച്ചിനെ പുഷ് ചെയ്തതിന് ആണ് ചുവപ്പുകാർഡ് ലഭിച്ചത്. ഇതിലൂടെ ലഭിച്ച മുൻതൂക്കം മുതലെടുത്താണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. എന്നാൽ തിരിച്ചു വരവ് ശ്രമങ്ങൾ ചെന്നൈയുടെ ഭാഗത്ത് നിന്നും മത്സരത്തിലുണ്ടായി. 11 ഷോട്ടുകളാണ് കളിയിൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് വന്നത്. ഇതിൽ അഞ്ചും ഓൺ ടാർഗറ്റ് ഷോട്ടുകൾ. പുതിയ പരിശീലകൻ പുരുഷോത്തമൻ ചുമതലയേറ്റതിന് ശേഷം രണ്ട് തോൽവികളിലേക്ക് മാത്രമാണ് ബ്ലാസ്റ്റേഴ്സ് വീണിരിക്കുന്നത് എന്നത് മഞ്ഞപ്പടയുടെ സീസണിലെ പ്രതീക്ഷകൾ കൂട്ടുന്നു. ഇനി അഞ്ച് മത്സരമാണ് സീസണിൽ ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളത്.
10 പേരായി ചുരുങ്ങിയിട്ടും ആക്രമിച്ച് ചെന്നൈ
10 പേരായി ചുരുങ്ങിയതിന് ശേഷവും കളിയിലേക്ക് തിരിച്ചുവരൻ ചെന്നൈ ശ്രമിച്ചുകൊണ്ടിരുന്നു. 40ാം മിനിറ്റിൽ ചെന്നൈയ്ക്ക് മുൻപിൽ ഒരു ഗോൾ അവസരം തുറന്നിരുന്നു. ഫ്രീകിക്കിൽ നിന്ന് സമനില കണ്ടെത്താനായിരുന്നു സാധ്യത തെളിഞ്ഞത്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ബാക്ക് ലൈൻ അപകടകരമായ ഫ്രീകിക്ക് ക്ലിയർ ചെയ്തു.
ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ കൊറോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ലീഡ് 2-0 ആയി ഉയർത്തിയത്. കൌണ്ടർ ആക്രമണത്തിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ. പെപ്രയിലേക്കാണ് ആദ്യം ഇവിടെ പന്ത് എത്തിയത്. പെപ്ര ഷോട്ട് ഉതിർക്കാതെ ലൂണയിലേക്ക് പാസ് നൽകി. പിന്നാലെ ലൂണയിൽ നിന്ന് പന്ത് കൊറൂവിലേക്ക്. ഗോൾവലയുടെ ഇടത് മൂലയിലേക്ക് കൊറുവിന്റെ മികച്ച ഫിനിഷ് വന്നതോടെ ചെന്നൈ ആരാധകർ നിശബ്ദരായി.
ഗോൾ നേട്ടം പതിനൊന്നിലെത്തിച്ച് ജിമെനെസ്
ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ചെന്നൈക്ക് മറ്റൊരു തിരിച്ചടിയും എത്തി. പരുക്കിനെ തുടർന്ന് ദിനലിയാനയ്ക്ക് കളിക്കളം വിടേണ്ടി വന്നു. ഫുൾ ബാക്കായി മന്ദർ റാവുവിനെയാണ് ചെന്നൈ പകരം ഇറക്കിയത്. നേരത്തെ മൂന്നാം മിനിറ്റിൽ വല കുലുക്കി സീസണിലെ ഏറ്റവും വേഗതയേറിയ ഗോൾ വലയിലാക്കിയ ജീമെനസ് തന്റെ ഗോൾ നേട്ടം പതിനൊന്നിലേക്ക് എത്തിച്ചു. ജിമെനെസിന്റെ ഫിനിഷിങ് മികവ് എത്ര മാത്രം എന്ന് വ്യക്തമാക്കുന്ന ഗോളായിരുന്നു അത്.
ജിമെനെസിന്റെ ഗോൾ വന്നതിന് ശേഷം ആറാം മിനിറ്റിൽ സമനില പിടിക്കാൻ ഉറച്ച് ചെന്നൈയിൻ എഫ്സിയുടെ മുന്നേറ്റം വന്നു. മധ്യനിരയിൽ നിന്ന് ജോർദാൻ ഗിൽ ഇർഫാനിലേക്ക് പന്ത് എത്തിച്ചു. എന്നാൽ ഇർഫാന്റെ ക്രോസ് ഇന്റർസെപ്റ്റ് ചെയ്ത് ബ്ലാസ്റ്റേഴ്സ് അപകടം ഒഴിവാക്കി. എന്നാൽ ആദ്യ മിനിറ്റുകളിൽ ഫൈനൽ തേർഡിലേക്ക് കൊണ്ടുവന്ന് ചെന്നൈയിൻ ഭീഷണി സൃഷ്ടിച്ചു. പക്ഷെ നിർണായക ബ്ലോക്കുകളുമായി ബ്ലാസ്റ്റേഴ്സ് താരങ്ങൾ മികവ് കാണിച്ചു.
സച്ചിന്റെ തകർപ്പൻ സേവ്
12ാം മിനിറ്റിൽ ചെന്നൈയിൻ എഫ്സി ഗോൾ കീപ്പർ നവാസിനൊപ്പം വൺ ഓൺ വൺ അവസരം വന്നെങ്കിലും ഫൈനൽ തേർഡിലേക്ക് മുന്നേറിയ ജിമെനെസിന് ലീഡ് ഉയർത്താൻ സാധിച്ചില്ല. 17ാം മിനിറ്റിൽ ചെന്നൈയിൻ എഫ്സി താരം ഇർഫാനിൽ നിന്ന് വന്ന ഹെഡ്ഡർ ബ്ലാസ്റ്റേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടി. എന്നാൽ സീസണിൽ ഏറെ പഴികേട്ട സച്ചിൻ സുരേഷിൽ നിന്ന് തകർപ്പൻ സേവ് ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും ആശ്വാസമായി.
രണ്ടാം പകുതി ആരംഭിച്ച് 54ാം മിനിറ്റിൽ ചെന്നൈയ്ക്ക് മുൻപിൽ ആദ്യ ഗോൾ നേടാൻ അവസരം തെളിഞ്ഞിരുന്നു. ഷീൽഡ്സിന് ബോക്സിന് മുൻപിൽ വെച്ച് ലഭിച്ച പാസിൽ നിന്ന് ചെന്നൈക്ക് വല കുലുക്കാൻ അവസരം ലഭിച്ചെങ്കിലും ഷോട്ട് ടാർഗറ്റിലേക്ക് എത്തിയില്ല. എന്നാൽ 56ാം മിനിറ്റിൽ പെപ്രെ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് 3-0 ആയി ഉയർത്തി. ലൂണയാണ് പന്തുമായി ഫൈനൽ തേർഡിലേക്ക് എത്തിയത്. തന്റെ വലത്തേക്ക് തിരിഞ്ഞ് ലൂണ പന്ത് പെപ്രയ്ക്ക് നൽകി. ഫിനിഷിങ്ങിൽ ഘാന താരത്തിനും പിഴയ്ക്കാതിരുന്നതോടെ ബ്ലാസ്റ്റേഴ്സ് ചെന്നൈ കോട്ടയിലെ തങ്ങളുടെ ആദ്യ ജയം ആഘോഷമാക്കി.
പിന്നെ 88ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് കളിയിൽ മികച്ചൊരു അവസരം തുറന്ന് കിട്ടിയത്. എന്നാൽ വിബിൻ മോഹനന്റെ ഷോട്ടിൽ റിഫ്ളക്സ് സേവ് നടത്തി പന്ത് തടുത്തിടാൻ നവാസിന് സാധിച്ചു. ഇഞ്ചുറി ടൈമിലെ ആദ്യ മിനിറ്റിലാണ് ചെന്നൈയുടെ ആശ്വാസ ഗോൾ എത്തിയത്. ചീമയിൽ നിന്ന് ഇർഫാന് ബാക്ക് ഹീൽ പാസ് കിട്ടി. പിന്നാലെ പന്ത് വിൻസിയിലേക്ക്. ഫസ്റ്റ് ടച്ചിൽ തന്നെ ഷൂട്ട് ചെയ്ത വിൻസി പന്ത് വലയ്ക്ക് അകത്താക്കി.
Read More
- Virat Kohli Ranji Trophy: 15,000 കാണികൾ; പൊലീസുമായി ഉന്തും തള്ളും; എന്താണ് ഇന്ത്യൻ ക്രിക്കറ്റിന് ഈ മനുഷ്യൻ?
- Sanju Samson: സഞ്ജു സാംസൺ മധ്യനിരയിലേക്ക്? യുവ താരത്തെ ഓപ്പണറാക്കാൻ സാധ്യത
- Pakistan Cricket Team: നടിമാരെ വിടാതെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ; പറ്റില്ലെങ്കിൽ ബ്ലോക്ക് ചെയ്യട്ടേയെന്ന് ഷദബ്
- india Vs England Twenty20: ഹർദിക്കിന് വിശ്രമം? റിങ്കു തിരിച്ചെത്തിയേക്കും; ഇന്ത്യയുടെ സാധ്യതാ ഇലവൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us