/indian-express-malayalam/media/media_files/2025/02/15/kAnt4VrRnNvxQ1fpHqRE.jpg)
കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാൻ മത്സരത്തിൽ നിന്ന് Photograph: (കേരള ബ്ലാസ്റ്റേഴ്സ്, ഇൻസ്റ്റഗ്രാം)
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇതുവരെ രണ്ട് ടീമുകളെ മാത്രമാണ് ഐഎസ്എൽ ചരിത്രത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽപ്പിക്കാനാവാത്തത്. മോഹൻ ബഗാൻ സുപ്പർ ജയന്റ്സിനേയും പഞ്ചാബ് എഫ്സിയേയും. സീസണിൽ ജീവൻ നിലനിർത്താൻ മോഹൻ ബഗാന് എതിരെ രണ്ടും കൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എന്നാൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് എതിരെ ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 2-0ന് പിന്നിൽ.
മക്ലറന്റെ ഇരട്ട സ്ട്രൈക്ക് ആണ് ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നെഞ്ച് തകർത്തത്. കളി തുടങ്ങി ആദ്യ 10 മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. ഹിമനെയുടേയും കൊറുവിന്റേയും മുന്നേറ്റങ്ങൾക്ക് തടയിടുകയായിരുന്നു ആദ്യ 10 മിനിറ്റിൽ മോഹൻ ബഗാൻ പ്രതിരോധനിരയുടെ തലവേദന. 14ാം മിനിറ്റിൽ സന്ദീപിൽ നിന്ന് എത്തിയ ഹെവി ക്രോസ് ബ്ലാസ്റ്റേഴ്സിന് മുൻപിൽ ഗോൾ സാധ്യത തുറന്നിരുന്നു. സന്ദീപിൽ നിന്ന് പന്ത് എത്തിയത് നവോച്ചയിലേക്ക്. എന്നാൾ ഗോൾ പോസ്റ്റിന് മുൻപിൽ നിന്ന് പന്ത് സുഭാഷിഷ് ബോസ് ക്ലിയർ ചെയ്തു.
15ാം മിനിറ്റിൽ മോഹൻ ബഗാന്റെ മുന്നേറ്റം കണ്ടു. എന്നാൽ മക്ലറനെ തടയാൻ സച്ചിനായി. തൊട്ടടുത്ത മിനിറ്റിൽ ലൂണയിൽ നിന്ന് സന്ദീപിലേക്ക് മനോഹരമായൊരു പന്ത് എത്തി. സന്ദീപ് പന്ത് പെപ്രയിലേക്ക് നൽകി. എന്നാൽ പെപ്രയുടെ പവർ കുറഞ്ഞ ഷോട്ട് ഗോൾ സാധ്യത അകറ്റി. 20ാം മിനിറ്റിൽ ഒരു ലൂസ് ബോൾ ഹിമെനെയുടെ നേരെ എത്തിയെങ്കിലും ടാർഗറ്റിലേക്ക് ഷോട്ട് ഉതിർക്കാൻ താരത്തിനായില്ല.
28ാം മിനിറ്റിൽ ആദ്യ പ്രഹരം
28ാം മിനിറ്റിലാണ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തെ നിശബ്ദമാക്കി ആദ്യ ഗോൾ അടിച്ചത്. മോഹൻ ബഗാന്റെ ഗോൾവേട്ടക്കാരൻ മക്ലാറനാണ് പന്ത് വലയിലാക്കിയത്. ഇടത് നിന്ന് ലിസ്റ്റൺ പന്തുമായി രണ്ട് ബ്ലാസ്റ്റേഴ്സ് കളിക്കാരെ മറികടന്ന് മക്ലറെന് പന്ത് നൽകി. സിക്സ് യാർഡിൽ നിന്ന് പന്ത് വലയിലാക്കുന്നതിൽ മോഹൻ ബഗാൻ സൂപ്പർ താരത്തിന് പിഴച്ചില്ല.
ഗോൾ നേടിയതിന് പിന്നാലെ മോഹൻ ബഗാൻ കൂടുതൽ അപകടകാരികളാവുന്നതാണ് കണ്ടത്. 32ാം മിനിറ്റിൽ മികച്ചൊരു ത്രൂ ബോൾ മൻവീറിന് മുൻപിലേക്ക് വന്നെങ്കിലും ഡ്രിനിച്ചിന് ഭീഷണി ഒഴിവാക്കാനായി. 40ാം മിനിറ്റിൽ ലൂണ ഫ്രീകിക്ക് എടുത്തെങ്കിലും അവസരം വെറുതെ കളഞ്ഞുകുളിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മോഹൻ ബഗാൻ ലീഡ് 2-0 ആയി ഉയർത്തി. മക്ലരൻ തന്നെയാണ് വീണ്ടും മഞ്ഞപ്പടക്കൂട്ടത്തെ നിശബ്ദരാക്കിയത്. കമിങ്സിൽ നിന്ന് എത്തിയ വോളിയിൽ സച്ചിന് പിടികൊടുക്കാതെ മക്ലറൻ പന്ത് വലയിലാക്കി. രണ്ട് ഗോൾ വഴങ്ങിയതോടെ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് മേലുള്ള സമ്മർദം ഇരട്ടിയാവുന്നു.
Read More
- ചാമ്പ്യൻസ് ട്രോഫി; വിജയികൾക്ക് ലഭിക്കുക കോടികളുടെ സമ്മാനത്തുക; പ്രഖ്യാപനവുമായി ഐസിസി
- വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം; ആര്സിബി- ഗുജറാത്ത് ആദ്യ പോരാട്ടം; മത്സരം എവിടെ എപ്പോൾ കാണാം?
- Royal Challengers Banglore: എന്തുകൊണ്ട് കോഹ്ലിയെ ആർസിബി ക്യാപ്റ്റനാക്കിയില്ല? കാരണം
- Lionel Messi Family: മെസിയും ഭാര്യയും പെൺകുഞ്ഞിനായി കാത്തിരിക്കുന്നു? അന്റോണലയുടെ പ്രതികരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.