/indian-express-malayalam/media/media_files/0BFVY0UJLbzd0xDziqbo.jpg)
Adrian Luna (File Photo)
Adrian Luna Kerala Blasters: അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സ് വിടുമോ? മഞ്ഞപ്പടക്കൂട്ടത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ചോദ്യമാണ് ഇത്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കിടയിൽ പ്രതികരിക്കുമ്പോൾ ഇവിടെ തുടരുന്നതിൽ താൻ സന്തുഷ്ടനാണ്. എന്നാൽ ഇതുപോലെ മോശം സീസൺ വരുമ്പോൾ പുനരാലോചനകൾ നടത്തേണ്ടി വരും എന്നാണ് അഡ്രിയാൻ ലൂണ പ്രതികരിച്ചത്. ഇപ്പോൾ അഡ്രിയാൻ ലൂണയുടെ ഭാവിയിൽ ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചിന്റെ നിർണായക തീരുമാനങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ വരുമെന്നാണ് റിപ്പോർട്ടുകൾ.
ഞായറാഴ്ചയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ഡേവിഡ് കാറ്റല കൊച്ചിയിൽ എത്തിയത്. ഒരു വർഷത്തെ കരാറിലാണ് ഡേവിഡ് കാറ്റല കേരള ബ്ലാസ്റ്റേഴ്സിന്റെ ചുമതല ഏറ്റെടുക്കുന്നത്. പുതിയ സൈനിങ്ങുകൾ, നിലവിൽ ടീമിലുള്ള കളിക്കാരുടെ ഭാവി എന്നിവയിൽ ഡേവിഡ് കാറ്റല ടീം മാനേജ്മെന്റുമായി ചർച്ച നടത്തി നിർണായക തീരുമാനങ്ങൾ എടുക്കും.
പ്ലേഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായതിൽ ലൂണയ്ക്ക് അതൃപ്തിയുള്ളതായാണ് സൂചനകൾ. 2027 വരെയാണ് ലൂണയ്ക്ക് കേരള ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്. എന്നാൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ താൻ ഉണ്ടാവുമോ എന്ന ചോദ്യത്തിൽ പോസിറ്റീവായ ഉത്തരം നൽകാൻ ലൂണ തയ്യാറായിരുന്നില്ല. മറ്റ് ഐഎസ്എൽ ക്ലബുകളിൽ നിന്ന് ഓഫർ എത്തിയാൽ ബ്ലാസ്റ്റേഴ്സ് വിടുന്ന തീരുമാനത്തിലേക്ക് ലൂണ എത്താനുള്ള സാധ്യത കൂടുതലാണ്.
2021ൽ ആണ് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഓസ്ട്രേലിയൻ എ ലീഗ് ക്ലബായ മെൽബൺ സിറ്റിയിൽ നിന്ന് കൊച്ചിയിലേക്ക് എത്തിയ ലൂണ കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ് ഫീൽഡ് ജനറൽ എന്ന പേര് സ്വന്തമാക്കിയാണ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തേയും മികച്ച കളിക്കാരുടെ പട്ടികയെടുത്താൽ അതിൽ മുൻപിൽ ലൂണയുടെ പേരുണ്ടാവും.
2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫൈനലിൽ എത്തിയിരുന്നു. എന്നാൽ പിന്നെ വന്ന സീസണുകളിൽ എല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെ വീട്ടാനുള്ള കടങ്ങളെല്ലാം കൂടിക്കൊണ്ടിരുന്നു. 75 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അഡ്രിയാൻ ലൂണ ഇതുവരെ കളിച്ചത്. നേടിയത് 13 ഗോളുകൾ. 23 അസിസ്റ്റും കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള നാളുകളിൽ ലൂണയിൽ നിന്ന് വന്നിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിനായി ഗ്രൗണ്ടിൽ എല്ലാം നൽകി കളിക്കുന്ന ലൂണയെയാണ് ആരാധകർ കണ്ടിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടക്കാരിൽ ലൂണയുടെ പേര് മുൻപന്തിൽ ഉണ്ടായേക്കില്ല എങ്കിലും കളിക്കളത്തിൽ ലൂണയുടെ നിർണായകമായ പല ചരടുവലികളും ആരാധകരെ ത്രില്ലടിപ്പിച്ചിട്ടുണ്ട്. ബോക്സിനുള്ളിലേക്കുള്ള ലൂണയുടെ പാസുകളും അളന്ന് മുറിച്ചത് പോലെയുള്ള പാസുകളും കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മറക്കാനുമാവില്ല.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം ഹോർമിപാമിനെ ക്ലബ് വിടാൻ അനുവദിക്കാനും കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. 2023ൽ ഹോർമിപാം മോഹൻ ബഗാനിലേക്ക് പോയേക്കും എന്ന അഭ്യുഹങ്ങൾ ഉയർന്നിരുന്നു എങ്കിലും ഈ ട്രാൻസ്ഫർ നടന്നില്ല. ഉയർന്ന തുകയാണ് ഹോർമിപാമിന്റെ ട്രാൻസ്പറിനായി കേരള ബ്ലാസ്റ്റേഴ്സ് മറ്റ് ക്ലബുകളുടെ മുൻപിൽ വെച്ചിരിക്കുന്നതെന്നും സൂചനയുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.