/indian-express-malayalam/media/media_files/2024/12/11/Rztc75NKG3hrnbborByT.jpg)
Indian Cricket Team (File Photo)
ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിലേക്ക് എത്തിക്കഴിഞ്ഞാൽ പിന്നെ ലഭിക്കുന്ന സൂപ്പർ താര പരിവേശം. ഇതുകൊണ്ട് തന്നെ ആഭ്യന്തര ക്രിക്കറ്റിലേക്ക് പിന്നെ പല ഇന്ത്യൻ താരങ്ങളും തിരിഞ്ഞു നോക്കാറില്ല. 2012ലാണ് വിരാട് കോഹ്ലി അവസാനമായി രഞ്ജി ട്രോഫി കളിക്കുന്നത്. ഒൻപത് വർഷമായി രോഹിത് ശർമ ആഭ്യന്തര റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ല. കഴിഞ്ഞ നാല് വർഷത്തിന് ഇടയിൽ ഗില്ലും ജഡേജയും സിറാജും രാഹുലും കളിച്ചത് നാല് റെഡ് ബോൾ ഡൊമസ്റ്റിക് മത്സരങ്ങൾ മാത്രം. ചോദ്യം ചെയ്യാൻ ബിസിസിഐക്കും ധൈര്യമില്ലേ?
ന്യൂസിലൻഡിന് എതിരായ വൈറ്റ് വാഷ്, ബോർഡർ ഗാവസ്കർ ട്രോഫി 10 വർഷത്തിന് ശേഷം നഷ്ടപ്പെട്ടതിന്റെ നിരാശ. എന്തുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിലെ വമ്പന്മാരായ കോഹ്ലിക്കും രോഹിത്തിനുമെല്ലാം ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാൻ മനസില്ല എന്ന ചോദ്യം ഇപ്പോൾ ശക്തമാവുന്നു.
ഇനിയും റെഡ് ബോൾ ക്രിക്കറ്റിൽ നാണംകെട്ട തോൽവികളിലേക്ക് വീഴാതിരിക്കാൻ ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി താളം വീണ്ടെടുക്കണം എന്ന് ആവശ്യപ്പെടുകയാണ് ഇന്ത്യൻ മുൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. 'ജനുവരി 23ന് അടുത്ത റൌണ്ട് രഞ്ജി ട്രോഫി മത്സരങ്ങൾ ആരംഭിക്കും. ഇന്ത്യൻ സ്ക്വാഡിലുള്ള എത്ര താരങ്ങൾ ഈ രഞ്ജി മത്സരങ്ങൾ കളിക്കും എന്ന് നമുക്ക് നോക്കാം. അവർ കളിക്കാതെ മാറി നിൽക്കുകയാണ് എങ്കിൽ ഗംഭീർ കടുത്ത നടപടി എടുക്കണം. ആ സമർപ്പണം നിങ്ങളിൽ ഞങ്ങൾ കാണുന്നില്ല. നിങ്ങൾ നന്നായി കളിക്കുന്നില്ല', ഗാവസ്കറിന്റെ വാക്കുകൾ ഇങ്ങനെ.
'ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിലൂടെ എല്ലാ ബാറ്റിങ് പിഴവുകളും തിരുത്താനാവില്ല. എന്നാൽ ടെസ്റ്റ് കളിക്കുന്ന താരങ്ങൾക്ക് താളം കണ്ടെത്താൻ ഇത് സഹായിക്കും എന്നത് വ്യക്തം. വേണ്ട മാച്ച് ടൈം ലഭിച്ചിട്ടില്ല എങ്കിൽ നിങ്ങളുടെ കളി നിശ്ചലമാകും. റെഡ് ബോളിൽ നിന്ന് വൈറ്റ് ബോളിലേക്കുള്ള മാറ്റം എളുപ്പമാണ്. എന്നാൽ തിരിച്ചുള്ള മാറ്റം അത്ര എളുപ്പമല്ല. അത് വെല്ലുവിളി നിറഞ്ഞതാണ്. രഞ്ജി ട്രോഫി മത്സരങ്ങൾ തുടരെ കളിച്ചാൽ ആ താളം നിലനിർത്താൻ് സാധിക്കും', ബിസിസിഐ വൃത്തങ്ങൾ പറയുന്നു.
ഡൊമസ്റ്റിക് ക്രിക്കറ്റിനേക്കാൾ ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻതൂക്കം നൽകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും എന്ന മുന്നറിയിപ്പ് മുൻ ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ നൽകിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ അടിത്തറ ആഭ്യന്തര ക്രിക്കറ്റ് ആണ് എന്ന് ബിസിസിഐ കരാറുള്ള താരങ്ങളെ ഓർമപ്പെടുത്തുകയാണ് ജയ് ഷാ ചെയ്തത്. ഈ മുന്നറിയിപ്പ് അവഗണിച്ച ശ്രേയസ് അയ്യർക്കും ഇഷാൻ കിഷനും ബിസിസിഐ കരാർ നഷ്ടമായി.
സാംസ്കാരികമായ മാറ്റം വേണം
ഈ സംസ്കാരം നമ്മൾ മാറ്റണം. അനിവാര്യമല്ലാതിരുന്ന സമയത്തും സച്ചിൻ രഞ്ജി ട്രോഫി മത്സരം കളിച്ചിട്ടുണ്ട്. കാരണം പിച്ചിൽ അത്രയും സമയം അദ്ദേഹത്തിന് ചിലവഴിക്കുന്നതിന് വേണ്ടിയായിരുന്നു അത്. നിലവിൽ ഇന്ത്യൻ താരങ്ങൾ ആഭ്യന്തര റെഡ് ബോൾ ക്രിക്കറ്റ് അവഗണിക്കുന്നതിലെ പോരായ്മ അവരുടെ ബോർഡർ ഗാവസ്കർ ട്രോഫിയിലെ ഷോട്ട് സെലക്ഷനിൽ നിന്ന് വ്യക്തം.
റിസ്കി ഷോട്ടുകൾ കളിച്ചാണ് ഋഷഭ് പന്ത് തുടരെ പുറത്തായത്. ഓഫ് സ്റ്റംപിന് പുറത്തായി വരുന്ന പന്തുകൾക്ക് മുൻപിൽ കോഹ്ലി വീണുകൊണ്ടിരുന്നു. ലോങ് സ്പെല്ലുകൾ എറിയാനുള്ള ഫിറ്റ്നസ് ബോളർമാർക്കില്ല. താളം തെറ്റുന്ന സിറാജിനേയും മൂർച്ചയില്ലാതെ പന്തെറിയുന്ന ഹർഷിത്തിനേയും നമ്മൾ കണ്ടു. ക്രീസിൽ നിന്ന് മുൻപോട്ടിറങ്ങി കളിക്കുന്ന ഗിൽ. ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ വൈറ്റ് ബോൾ ഷോട്ടുകൾ കളിക്കുന്ന രോഹിത്.
യശസ്വി അല്ലാതെ മറ്റൊരു ഇന്ത്യൻ ബാറ്ററും ഓസീസ് പര്യടനത്തിൽ ഒരു ഇന്നിങ്സിൽ 200ന് മുകളിൽ പന്ത് നേരിട്ടിട്ടില്ല. രണ്ടാമത് നിൽക്കുന്നത് വാഷിങ്ടൺ സുന്ദർ, നേരിട്ടത് 150ന് മുകളിൽ പന്ത്. 100ന് മുകളിൽ ഋഷഭ് പന്ത് സ്കോർ ചെയ്തത് ഒരു വട്ടം മാത്രം. 50ന് മുകളിൽ നേരിട്ടത് രണ്ട് വട്ടവും. അഞ്ച് ഇന്നിങ്സിൽ നിന്നാണ് രോഹിത് 110 പന്തുകൾ നേരിട്ടത്.
പെർത്തിലെ സെഞ്ചുറി മാറ്റി നിർത്തിയാൽ പിന്നെ വന്ന എട്ട് ഇന്നിങ്സിൽ ഒരിക്കൽ പോലും 100 ബോൾ നേരിടുന്ന ഇന്നിങ്സ് കോഹ്ലിയിൽ നിന്ന് വന്നില്ല. 732 പന്തുകളാണ് പരമ്പരയിൽ ഉടനീളമുള്ള കണക്കെടുത്താൽ യശസ്വി നേരിട്ടത്. 2018-19ൽ പൂജാര നേരിട്ടത് 1258 റൺസായിരുന്നു. 2003-04 പര്യടനത്തിൽ ദ്രാവിഡ് നേരിട്ടത് 1203 പന്തുകളും.
എന്തുകൊണ്ട് സർഫറാസിനെ കളിപ്പിച്ചില്ല
ഡൊമസ്റ്റിക് ക്രിക്കറ്റിൽ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന രണ്ട് താരങ്ങളാണ് സർഫറാസ് ഖാനും അഭിമന്യു ഈശ്വരനും. എന്നാൽ ഓസീസ് പര്യടനത്തിൽ ഇരുവർക്കും അവസരം ലഭിച്ചില്ല. ഡൊമസ്റ്റിക് ക്രിക്കറ്റ് തുടരെ കളിക്കുന്ന ആകാശ് ദീപിനേയും പ്രസിദ്ധിനേയും മറികടന്നാണ് 10 ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ച റാണയെ പെർത്തിൽ ടീമിൽ ഉൾപ്പെടുത്തുന്നത്. ഡൊമസ്റ്റിക് ക്രിക്കറ്റിന് ടീം മാനേജ്മെന്റ് നൽകുന്ന പരിഗണന എത്രത്തോളം എന്ന് ഇതിൽ നിന്ന് വ്യക്തം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us