/indian-express-malayalam/media/media_files/2025/01/21/JUKwhIQ0IWGtIPUYOlpP.jpg)
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം: (സ്ക്രീൻഷോട്ട്)
ആതിഥേയരാണ് എന്ന മയമൊന്നും മലേഷ്യയോട് ഇന്ത്യ കാണിച്ചില്ല. മലേഷ്യയിൽ ഇന്ത്യൻ പെൺപടയ്ക്ക് വീണ്ടും തകർപ്പൻ ജയം. അണ്ടർ 19 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ജയം പിടിക്കാൻ വേണ്ടിവന്നത് വെറും 2.5 ഓവർ മാത്രം. മലേഷ്യയെ 10 വിക്കറ്റിന് തകർത്തെറിഞ്ഞാണ് ഇന്ത്യൻ വനിതകൾ ടൂർണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ വമ്പൻ ജയത്തിലേക്ക് എത്തിയത്. ടൂർണമെന്റിലെ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പർ സിക്സിൽ ഇന്ത്യ സ്ഥാനം ഉറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത മലേഷ്യക്ക് കണ്ടെത്താനായത് 32 റൺസ് മാത്രം. ഇതിൽ 10 റൺസ് മലേഷ്യക്ക് ലഭിച്ചത് ഇന്ത്യൻ ബോളർമാർ വൈഡ് എറിഞ്ഞതിലൂടെ. ഈ വിജയ ലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് വേണ്ടി വന്നത് 2.5 ഓവറുകൾ മാത്രം. ഹാട്രിക്കോടെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച് തന്റെ അണ്ടർ 19 കരിയർ ആഘോഷമാക്കി തുടങ്ങിയ വൈഷ്ണവി ശർമയാണ് മലേഷ്യയെ വരിഞ്ഞു മുറുക്കിയത്.
അഞ്ച് റൺസ് മാത്രം വഴങ്ങിയാണ് വൈഷ്ണവി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. വൈഷ്ണവിയാണ് കളിയിലെ താരം.അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം എന്നത് സ്വപ്ന തുല്യമാണ് എന്നാണ് വൈഷ്ണവി മത്സര ശേഷം പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് താരം രാധാ യാദവ് ആണ് തന്റെ റോൾ മോഡൽ എന്നും വൈഷ്ണവി പറഞ്ഞു. അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിലെ ഈ എഡിഷനിലെ ഒരു താരത്തിന്റെ ആദ്യ ഹാട്രിക് ആണ് വൈഷ്ണവി തന്റെ പേരിലാക്കിയത്.
മലേഷ്യക്കെതിരെ ഇന്ത്യയുടെ ആയുഷി ശുക്ല 8 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും പിഴുതു. മലേഷ്യൻ ബാറ്റിങ് നിരയിൽ ഒരു താരത്തിന് പോലും സ്കോർ രണ്ടക്കം കടത്താനായില്ല. നാല് താരങ്ങൾ പൂജ്യത്തിന് പുറത്തായി.
വെസ്റ്റ് ഇൻഡീസിനെ തകർത്തെറിഞ്ഞാണ് ഇന്ത്യൻ വനിതകൾ ടൂർണമെന്റ് തുടങ്ങിയത്. 44 റൺസിന് വിൻഡിസ് ഓൾഔട്ടായിരുന്നു. ആറ് റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ മലയാളി താരം ജോഷിതയായിരുന്നു വെസ്റ്റ് ഇൻഡീസിന് എതിരെ കളിയിലെ താരം. ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 45 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ വേണ്ടി വന്നത് 4.2 ഓവർ മാത്രം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.