/indian-express-malayalam/media/media_files/2025/01/20/MS617H1vH9miXruIE9kX.jpg)
മുഹമ്മദ് ഷമി: (ഇൻസ്റ്റഗ്രാം)
ഒരു വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. 2023ലെ ഏകദിന ലോകകപ്പിന് ഇടയിലാണ് ഷമി പരുക്കിന്റെ പിടിയിലേക്ക് വീഴുന്നത്. ഫിറ്റ്നസ് വീണ്ടെടുത്ത ഷമിയെ ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോൾ പരമ്പരക്കുള്ള ടീമിലും ചാംപ്യൻസ് ട്രോഫി സ്ക്വാഡിലും ഉൾപ്പെടുത്തി. ഈ സമയം, മുഹമ്മദ് ഷമി ഫിറ്റ്നസ് വീണ്ടെടുക്കാൻ നടത്തിയ കഠിനാധ്വാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബംഗാൾ ക്രിക്കറ്റ് ടീം ബോളിങ് കോച്ച്.
തന്റെ ടീം പരിശീലനത്തിന് കളിക്കളത്തിൽ എത്തുന്നതിന് മുൻപ് തന്നെ ഷമി പരിശീലനം തുടങ്ങിയിട്ടുണ്ടാവും എന്ന് ബംഗാളിന്റെ ഫാസ്റ്റ് ബോളിങ് കോച്ച് ഷിബ് ശങ്കർ പോൾ പറയുന്നു. 'രാവിലെ ആറ് മണിക്ക് ഷമി പരിശീലനത്തിനായി എത്തും. ചില കളിക്കാർ മാത്രമാണ് മത്സരത്തിന് ശേഷം 30-45 മിനിറ്റ് അധികം പന്തെറിയാൻ താത്പര്യപ്പെടുക, ഷമി അങ്ങനെയൊരു താരമാണ്, ബംഗാൾ ബോളിങ് കോച്ച് പറയുന്നു.
'പരുക്കിൽ നിന്ന് പുറത്തുകടക്കാൻ ഫാസ്റ്റ് ബോളർമാർക്ക് കൂടുതൽ സമയം വേണ്ടി വരാറുണ്ട്. രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെ വരാൻ ഷമി അതിയായി ആഗ്രഹിച്ചിരുന്നു. അതിനായി കഠിനാധ്വാനം ചെയ്തു. ഡയറ്റിന്റെ കാര്യത്തിലും ഷമി വിട്ടുവീഴ്ച ചെയ്തില്ല. ഒരു ദിവസം ഒരു തവണ ഊണ് കഴിച്ചത്. ബിരിയാണി ഷമിക്ക് ഒരപാട് ഇഷ്ടമാണ്. എന്നാൽ കഴിഞ്ഞ രണ്ട് മാസം ഷമി ബിരിയാണി കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല', ഷിബ് ശങ്കർ പോൾ പറയുന്നു.
ബംഗാളിന് വേണ്ടി ഷമി രഞ്ജി ട്രോഫി ക്രിക്കറ്റ് കളിച്ചിരുന്നു. പിന്നാലെ സയിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെയിലും കളിച്ചു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയാണ് ഇനി ഷമിക്ക് മുൻപിലുള്ളത്. ഫോമിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് ഷമി മടങ്ങിയെത്തും എന്നാണ് ബിസിസിഐയുടേയും ആരാധകരുടേയും പ്രതീക്ഷ. പ്രത്യേകിച്ച് ബുമ്രയുടെ ഫിറ്റ്നസിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.