/indian-express-malayalam/media/media_files/2025/02/12/lI02iMRJc5POib1kim7F.jpg)
രോഹിത് ശർമ, ഹർദിക് പാണ്ഡ്യ, ഗിൽ Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ട്വന്റി20 പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഏകദിന പരമ്പര 3-0ന് ഇന്ത്യ തൂക്കി. നാഗ്പൂരിലും കട്ടക്കിലും ഇന്ത്യക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ സാധിക്കാതിരുന്ന ഇംഗ്ലണ്ട് ആശ്വാസ ജയം തേടിയാണ് അഹമ്മദാബാദിൽ ഇറങ്ങിയത്. എന്നാൽ സന്ദർശകരെ കാത്തിരുന്നത് 142 റൺസിന്റെ കൂറ്റൻ തോൽവി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മുൻപിൽ വെച്ച് 357 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 34.2 ഓവറിൽ 214 റൺസിന് ഓൾഔട്ടായി. 38 റൺസ് വീതം എടുത്ത ടോം ബാന്റണും അറ്റ്കിൻസണുമാണ് ഇംഗ്ലണ്ടിന്റെ അഹമ്മദാബാദിലെ ടോപ് സ്കോറർമാർ. ബാന്റൺ 41 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും സഹിതം 38 റൺസ് എടുത്തപ്പോൾ അണയാൻ പോകുന്ന തീ ആളിക്കത്തുന്നത് പോലെയായിരുന്നു അറ്റ്കിൻസണിന്റെ ബാറ്റിങ്.
19 പന്തിൽ നിന്നാണ് ആറ് ഫോറും ഒരു സിക്സും സഹിതം അറ്റ്കിൻസൻ 38 റൺസ് എടുത്തത്. ഇന്ത്യൻ ബോളർമാരിൽ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയും അക്ഷർ പട്ടേലും ഹർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടൺ സുന്ദറും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതവും നേടി. അഞ്ച് ഓവറിൽ 43 റൺസ് വഴങ്ങിയ വാഷിങ്ടൺ സുന്ദറിൽ നിന്നാണ് ഇന്ത്യൻ ബോളർമാരിൽ ഏറ്റവും മോശ പ്രകടനം വന്നത്. 8.60 ആണ് വാഷിങ്ടൺ സുന്ദറിന്റെ ഇക്കണോമി.
View this post on InstagramA post shared by Team india (@indiancricketteam)
കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ആറ് ഓവറിൽ ഇംഗ്ലണ്ട് സ്കോർ 60ൽ എത്തി. എന്നാൽ മികച്ച സ്ട്രൈക്ക്റേറ്റിൽ കളിച്ചിരുന്ന ബെൻ ഡക്കറ്റിനെ മടക്കി അർഷ്ദീപ് ഇംഗ്ലണ്ടിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടു. 22 പന്തിൽ നിന്ന് എട്ട് ഫോറോടെയാണ് ബെൻ ഡക്കറ്റ് 34 റൺസ് നേടിയത്.
അഹമ്മദാബാദിലും തകർന്നടിഞ്ഞ് ഇംഗ്ലണ്ട്
ഒൻപതാം ഓവറിലേക്ക് ഇംഗ്ലണ്ട് ഇന്നിങ്സ് എത്തിയപ്പോഴേക്കും ഫിൽ സോൾട്ടിനെ അർഷ്ദീപ് അക്ഷർ പട്ടേലിന്റെ കൈകളിലേക്ക് എത്തിച്ചു. 21 പന്തിൽ നിന്ന് 23 റൺസ് ആണ് ഫിൽ സോൾട്ട് നേടിയത്. പിന്നാലെ റൂട്ടും ടോം ബാന്റണും ചേർന്ന് കൂട്ടുകെട്ട് പടുത്തുയർത്തി ഇംഗ്ലണ്ടിനെ തിരികെ കയറ്റാൻ ശ്രമിച്ചു. 46 റൺസ് ആണ് ഇവർക്ക് കൂട്ടിച്ചേർക്കാനായത്. അപ്പോഴേക്കും ടോം ബാന്റണെ മടക്കി കുൽദീപിന്റെ സ്ട്രൈക്ക് എത്തി.
24 റൺസ് എടുത്ത് നിന്ന റൂട്ടിനെ അക്ഷർ പട്ടേൽ ബൌൾഡാക്കി. പിന്നെ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റ് വീഴ്ത്തിയതോടെ വൈറ്റ് വാഷ് എന്ന നാണക്കേടിലേക്ക് വീണ് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയിലായി ഇംഗ്ലണ്ട്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് രോഹിത്തിനെ തുടക്കത്തിലെ നഷ്ടമായെങ്കിലും മധ്യനിര അവസരത്തിനൊത്ത് ഉയർന്ന് കളിച്ചു. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സെഞ്ചുറിയോടെ ടീമിനെ മുൻപിൽ നിന്ന് നയിച്ചു. ഗില്ലിന്റെ ഏകദിന കരിയറിലെ ഏഴാമത്തെ സെഞ്ചുറിയാണ് ഇത്. 102 പന്തിൽ നിന്ന് 14 ഫോറും മൂന്ന് സിക്സും പറത്തിയാണ് ഗിൽ 112 റൺസോടെ മടങ്ങിയത്.
ഫോമിലേക്ക് തിരികെ വരുന്ന സൂചന നൽകി കോഹ്ലി 55 പന്തിൽ നിന്ന് 52 റൺസ് എടുത്തു. തുടരെ മൂന്നാം ഏകദിനത്തിലും അർധ ശതകം കണ്ടെത്തി ശ്രേയസ് ഇന്ത്യൻ ഏകദിന ടീമിലെ സ്ഥാനം ഉറപ്പിക്കുന്നു. 74 റൺസ് ആണ് അഹമ്മദാബാദിൽ ശ്രേയസ് കണ്ടെത്തിയത്. ആദ്യ രണ്ട് ഏകദിനത്തിലും പരാജയപ്പെട്ട രാഹുൽ 29 പന്തിൽ നിന്ന് 40 റൺസ് നേടി.
Read More
- രഞ്ജി ട്രോഫി; കേരളത്തിന് കടക്കാൻ വലിയ കടമ്പ; ക്വാർട്ടർ ഫൈനല് ആവേശകരമായ അന്ത്യത്തിലേക്ക്
- ആഘോഷത്തിന് അതിരു നിശ്ചയിക്കുമ്പോൾ നഷ്ടമാകുന്ന ഫുട്ബോൾ
- 'നീ എന്നെ ശപിക്കുന്നുണ്ടാവും'; അന്ന് രോഹിത് പറഞ്ഞു; പന്തിനെ കാത്തിരിക്കുന്നതും സഞ്ജുവിന് സംഭവിച്ചത്?
- കളിക്കും മുൻപേ ബ്ലാസ്റ്റേഴ്സ് തോറ്റോ? മോഹൻ ബഗാന് മുൻപിൽ പേടിച്ചരണ്ട മഞ്ഞപ്പട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.