/indian-express-malayalam/media/media_files/g7mPW056siPs99Kl2voE.jpg)
ഋഷഭ് പന്ത്, സഞ്ജു സാംസൺ(ഫയൽ ചിത്രം)
ഐസിസി കിരീടത്തിനായുള്ള നീണ്ട വർഷത്തെ കാത്തിരിപ്പാണ് ഇന്ത്യ കരീബിയൻ മണ്ണിൽ വെച്ച് അവസാനിപ്പിച്ചത്. ട്വന്റി20 ലോക കിരീടം നേടിയ സ്ക്വാഡിലെ സഞ്ജു സാംസണിന്റെ സാന്നിധ്യം മലയാളികൾക്ക് ഇരട്ടി മധുരവുമായി. എന്നാൽ ലോകകപ്പിന് മുൻപുള്ള സന്നാഹ മത്സരം മാത്രമാണ് സഞ്ജുവിന് കളിക്കാനായത്. മറ്റ് മത്സരങ്ങളിലെല്ലാം വാട്ടർ ബോയിയുടെ റോളിലായിരുന്നു സഞ്ജു. ഈ വരുന്ന ചാംപ്യൻസ് ട്രോഫിയിൽ ഋഷഭ് പന്തിനും ട്വന്റി20 ലോകകപ്പിൽ സഞ്ജു നേരിട്ട അതേ അവസ്ഥ വരുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ആയിരുന്നു. എന്നാൽ ഒരു മത്സരത്തിലും വലിയ ഇംപാക്റ്റ് ഉണ്ടാക്കുന്ന ഇന്നിങ്സ് കളിക്കാൻ ഋഷഭ് പന്തിന് സാധിച്ചില്ല. ഇതോടെ ട്വന്റി20 ലോകകപ്പിന്റെ കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടും എന്ന സാധ്യത തെളിഞ്ഞിരുന്നു. സഞ്ജു തന്നെയാണ് ടൂർണമെന്റിന് ശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.
സഞ്ജു അന്ന് വെളിപ്പെടുത്തിയത്
"ഫൈനൽ കളിക്കാൻ തയ്യാറായിരിക്കാനാണ് ടീം മാനേജ്മെന്റ് എന്നെ അറിയിച്ചത്. ഇത് അനുസരിച്ച് ഞാൻ തയ്യാറായിരുന്നു. എന്നാൽ ടോസിന് മുൻപ് അവർ തീരുമാനം മാറ്റി. സെമി കളിച്ച അതേ ഇലവനെ തന്നെ നിലനിർത്താനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചത്. ടോസിന് തൊട്ടുമുൻപ് എന്തുകൊണ്ട് തന്നെ തഴഞ്ഞു എന്നതിനെ കുറിച്ച് രോഹിത് തന്നോട് വിശദീകരിച്ചു," സഞ്ജു വെളിപ്പെടുത്തിയത് ഇങ്ങനെ.
നിന്റെ മനസിൽ എന്നെ പഴിക്കുന്നുണ്ടാവും എന്ന് രോഹിത് തന്നോട് പറഞ്ഞതായും സഞ്ജു പറഞ്ഞിരുന്നു. അന്ന് സഞ്ജുവിന് ഒരു മത്സരം പോലും കളിക്കാൻ സാധിക്കാതിരുന്നത് പോലെ ചാംപ്യൻസ് ട്രോഫിയിൽ ഋഷഭ് പന്തിനും വാട്ടർ ബോയിയുടെ റോളിൽ തുടരേണ്ടി വന്നേക്കും. ഏകദിനത്തിൽ അഞ്ചാം സ്ഥാനത്തെ കെ.എൽ.രാഹുലിന്റെ മികച്ച പ്രകടനമാണ് ഋഷഭ് പന്തിന് ഇവിടെ തിരിച്ചടിയാവുന്നത്.
അഞ്ചാം പൊസിഷനിൽ മിന്നുന്ന രാഹുൽ
കെ.എൽ.രാഹുലിനെയാണ് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ഏകദിനത്തിൽ ഇന്ത്യ പരിഗണിക്കുന്നത് എന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പരയോടെ വ്യക്തം. എന്നാൽ നാഗ്പൂരിലും കട്ടക്കിലും നടന്ന ഏകദിനത്തിൽ സ്കോർ ഉയർത്താൻ രാഹുലിന് സാധിച്ചില്ല. ഇതോടെ മൂന്നാം ഏകദിനത്തിൽ അഹമ്മദാബാദിൽ ഋഷഭ് പന്തിന് ടീം മാനേജ്മെന്റ് അവസരം നൽകുമോ എന്നും അറിയണം.
ഏകദിനത്തിൽ അഞ്ചാമത് ബാറ്റിങ്ങിന് ഇറങ്ങി 30 മത്സരങ്ങളാണ് രാഹുൽ കളിച്ചത്. അതിൽ നിന്ന് നേടിയത് 1259 റൺസ്. ഈ പൊസിഷനിലെ രാഹുലിന്റെ ബാറ്റിങ് ശരാശരി 57.23. രണ്ട് സെഞ്ചുറിയും ഒൻപത് അർധ ശതകവും ഈ പൊസിഷനിൽ കളിച്ച് രാഹുൽ നേടി. ആകെ 74 ഏകദിനങ്ങൾ കളിച്ച രാഹുലിന്റെ ബാറ്റിങ് ശരാശരി 47.72 ആണ്. 2863 റൺസ് ആണ് രാഹുൽ ആകെ സ്കോർ ചെയ്തത്.
അപകടത്തിന് ശേഷം പന്ത് കളിച്ചത് ഒരു ഏകദിനം
2024ലും 2025ലും രാഹുൽ രണ്ട് വീതം ഏകദിനങ്ങളാണ് കളിച്ചത്. 2023ൽ 27 ഏകദിനങ്ങളിൽ നിന്ന് 1060 റൺസ് കണ്ടെത്താൻ രാഹുലിന് സാധിച്ചിരുന്നു. ഋഷഭ് പന്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ വാഹനാപകടത്തെ തുടർന്ന് 2023ൽ ഒരു ഏകദിനം പോലും കളിക്കാൻ പന്തിന് കഴിഞ്ഞിരുന്നില്ല. 2024ൽ കളിച്ചത് ഒരു ഏകദിനം മാത്രം. അതിൽ പന്ത് നേടിയത് ആറ് റൺസും.
31 ഏകദിനങ്ങളാണ് ഋഷഭ് പന്ത് ഇതുവരെ കളിച്ചത്. അതിൽ നിന്ന് നേടിയത് 871 റൺസ്. ബാറ്റിങ് ശരാശരി 33.50. ഒരു സെഞ്ചുറിയും അഞ്ച് അർധ ശതകവുമാണ് ഏകദിന കരിയറിൽ ഇതുവരെ ഋഷഭ് പന്തിന്റെ ബാറ്റിൽ നിന്ന് വന്നത്. ഈ സാഹചര്യത്തിൽ ചാംപ്യൻസ് ട്രോഫിയിൽ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി കെ എൽ രാഹുലിനെ തന്നെ ഇന്ത്യ തിരഞ്ഞെടുക്കാനാണ് സാധ്യതകൾ എല്ലാം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.