/indian-express-malayalam/media/media_files/2025/02/11/sfRxCZKIY9cxhZD1fi1G.jpg)
കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ താരങ്ങൾ : (ഇൻസ്റ്റഗ്രാം)
ചെന്നൈയിൻ എഫ്സിയുടെ തട്ടകത്തിൽ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ജയം. ഈ ചരിത്ര ജയത്തിന് പിന്നാലെ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ അടുത്ത മത്സരം കളിക്കാനെത്തുന്നത്. ശനിയാഴ്ച കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഹാനും ഏറ്റുമുട്ടും. ഈ കളിയിൽ 90 മിനിറ്റും അധിക സമയത്തും മഞ്ഞപ്പടക്കൂട്ടത്തിന്റെ നെഞ്ചിടിപ്പ് ചില്ലറയൊന്നും ആയിരിക്കില്ല.
മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് മുൻപിൽ അടിതെറ്റി വീണതിന്റെ കണക്കുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് കൂടുതലും പറയാനുള്ളത്. ഐഎസ്എല്ലിൽ ഇരുവരും നേർക്കുനേർ വന്നത് ഒൻപത് കളികളിൽ. അതിൽ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത് ഒരേ ഒരെണ്ണത്തിൽ മാത്രം. ബാക്കി ഏഴിലും മോഹൻ ബഗാന്റെ ആധികാരിക ജയം. ഒരു കളി സമനിലയിലായി.
ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം തട്ടകമായ കലൂരിൽ മോഹൻ ബഗാനെതിരെ കളിച്ചത് നാല് മത്സരങ്ങൾ. അതിൽ മൂന്നിലും സന്ദർശകർ ജയിച്ചു കയറി. ഒരു മത്സരം സമനിലയിലായി. സോൾട്ട് ലേക്കിൽ നടന്ന അഞ്ച് കളിയിൽ ബ്ലാസ്റ്റേഴ്സ് ഒരു ജയം പിടിച്ചപ്പോൾ മോഹൻ ബഗാൻ നാലിലും ജയിച്ചു.
അടപടലം തോറ്റ ബ്ലാസ്റ്റേഴ്സ്
2022 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ 5-2ന് ജയിച്ചതാണ് മഞ്ഞപ്പടയ്ക്ക് എതിരെ മോഹൻ ബഗാൻ നേടിയ ഏറ്റവും വലിയ മാർജിനിലെ ജയം. ഏറ്റവും ഒടുവിൽ ഈ സീസണിൽ ഡിസംബറിൽ ഏറ്റുമുട്ടിയപ്പോൾ മോഹൻ ബഗാൻ ജയിച്ചത് 3-2ന്.
ഈ സീസണിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മോഹൻ ബഗാൻ. 20 കളിയിൽ നിന്ന് ഇതുവരെ വാരിക്കൂട്ടിയത് 46 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള ഗോവയുമായി ഇപ്പോൾ 10 പോയിന്റിന്റെ വ്യത്യാസം. 39 ഗോളുകളാണ് മോഹൻ ബഗാൻ ഈ സീസണിൽ അടിച്ചത്. സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമും മോഹൻ ബഗാൻ തന്നെ.
ക്ലീൻ ഷീറ്റിൽ മോഹൻ ബഗാന്റെ കരുത്ത്
എട്ട് ഗോളോടെ മക്ലരനാണ് മോഹൻ ബഗാന്റെ ഗോൾ വേട്ടക്കാരിൽ ഒന്നാമത്. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ അടിച്ചത് 30 ഗോളുകൾ. ഇനി ക്ലീൻ ഷീറ്റുകളുടെ കാര്യത്തിലേക്ക് വന്നാലും മോഹൻ ബഗാൻ തന്നെയാണ് മുൻപിൽ. 12 ക്ലീൻ ഷീറ്റുകൾ ഐഎസ്എല്ലിലെ വമ്പന്മാർ നേടി. കേരള ബ്ലാസ്റ്റേഴ്സിന് നാല് ക്ലീൻ ഷീറ്റും.
സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ജയങ്ങൾ നേടിയതിൽ മോഹൻ ബഗാൻ തന്നെയാണ് ഒന്നാമത്. 14 ജയങ്ങൾ. സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ തോൽവികൾ വഴങ്ങിയതിൽ നാലമതുണ്ട് കേരള ബ്ലാസ്റ്റേഴ്സ്, ഒൻപത് തോൽവികൾ. ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചെടുത്തതിൽ രണ്ടാമതാണ് മോഹൻ ബഗാൻ ഈ സീസണിൽ. 222 അവസരങ്ങൾ. 198 അവസരങ്ങൾ സൃഷ്ടിച്ച് കേരള ബ്ലാസ്റ്റേഴ്സ് മൂന്നാമത് ഉണ്ട്.
കണക്കുകളിൽ ഈ സീസണിൽ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും കട്ടയ്ക്ക് ഒപ്പം നിൽക്കുന്നത് ഒരു കാര്യത്തിലാണ്. ടാക്കിളുകൾ ജയിച്ചതിൽ. 237 സക്സസ്ഫുൾ ടാക്കിളുകൾ ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാനിൽ നിന്നും വന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.