/indian-express-malayalam/media/media_files/2025/02/12/xeynM0JoaZJUU05Tvit9.jpg)
ചിത്രം: X/EFC DAILY
കഴിഞ്ഞ ആഴ്ച ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ, എവർട്ടണിന്റെ ഫോർവേഡ് ഇലിമാൻ എൻഡിയെ ബ്രൈറ്റണിനെതിരെ ഒരു പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതിനെതുടര്‍ന്ന് ഒരു കടൽകാക്കയെപ്പോലെ ഗ്രൗണ്ടില്‍ ഓടി നടന്നു. റഫറി തൽക്ഷണം ഒരു മഞ്ഞക്കാർഡ് കാണിച്ചു, എൻഡിയെ ഞെട്ടിച്ചു. പിന്നീട്, റഫറി ടിം റോബിൻസണും പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡും (PGMOL) എൻഡിയായെയുടെ ആഘോഷങ്ങൾ "പ്രകോപനപരമോ പരിഹാസപരമോ ക്ഷോഭിപ്പിക്കുന്നതുമായി" കണക്കാക്കി എന്ന് വ്യക്തമാക്കി. ബ്രൈറ്റണെ 'സീഗൾസ്' എന്ന് വിളിക്കുന്നത് കാരണം അവരുടെ ആരാധകർക്ക് അപമാനം തോന്നിയിരിക്കാം, പ്രത്യേകിച്ച് ഗള്ളി എന്ന കടൽകാക്കയാണ് ബ്രൈറ്റണിന്‍റെ ഭാഗ്യചിഹ്നം
ദിവസങ്ങൾക്ക് ശേഷം, മാധ്യമ സമ്മേളനത്തിൽ, പ്രീമിയർ ലീഗിന്റെ ചീഫ് ഫുട്ബോൾ ഓഫീസർ ടോണി ഷോൾസ്, "പരിഹാസത്തിലേക്ക് വഴിമാറുന്ന" ആഘോഷങ്ങൾക്ക് കൂടുതൽ കർശനമായ ശിക്ഷകൾ കാത്തിരിക്കുന്നുവെന്ന് സൂചന നൽകി.
"നമ്മൾ അത് കൈകാര്യം ചെയ്യേണ്ടതുണ്ട്," അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. "എല്ലാത്തിനും ഒരു സന്തുലിതാവസ്ഥയുണ്ട്. നമുക്കെല്ലാവർക്കും ആഘോഷങ്ങൾ കാണാൻ ഇഷ്ടമാണെന്ന് ഞാൻ കരുതുന്നു. ചില ആഘോഷങ്ങൾ വളരെ രസകരവും ആസ്വാദ്യകരവുമാണ്, പക്ഷേ, എല്ലാത്തിനും ഒരു പരിധിയുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോൾ കളിക്കാരന് അമിതമായ ആഘോഷങ്ങളുടെ പേരിൽ കാർഡ് ലഭിക്കുന്നത് ഇതാദ്യമല്ല. റിവർ പ്ലേറ്റിനെതിരെ (ഗാലിനാസ് അഥവാ ചിക്കൻ എന്ന് വിളിക്കപ്പെടുന്ന) ബോക്ക ജൂനിയേഴ്സിനായി ഗോൾ നേടിയതിന് ശേഷം കോഴിയായി അഭിനയിച്ചതിന് കാർലോസ് ടെവസിന് ചുവപ്പ് കാർഡ് ലഭിച്ചു. കഥയുടെ ഗുണപാഠം - പക്ഷികളെ അനുകരിക്കരുത്.
ആഘോഷങ്ങളെ കർശനമായി നിയന്ത്രിക്കുന്നത് കളിയുടെ മൗലികമായ രംഗവേദിയെ തന്നെ ഇല്ലാതാക്കും - ഒരു ഗോൾ നേടിയതിന് ശേഷമുള്ള സന്തോഷത്തിന്റെ കലർപ്പില്ലാത്ത പ്രവാഹം, മഹാനായ ഗോളടി വീരനാണെങ്കിൽ പോലും അയാൾ വീണ്ടും കുട്ടിയായി മാറുമ്പോൾ, അവാച്യമായ വികാരങ്ങളുടെ കുത്തൊഴുക്കായിരിക്കും.
ആഘോഷങ്ങളുടെ സ്വാഭാവികതയെ ഇതിനകം തന്നെ നിയമങ്ങൾ കൊണ്ട് വരിഞ്ഞുമുറുക്കിയിട്ടുണ്ട്. അവർക്ക് ജേഴ്സി അഴിക്കാൻ കഴിയില്ല; അവർക്ക് അതിനടിയിൽ ഒരു സന്ദേശം വെളിപ്പെടുത്താൻ കഴിയില്ല, അത് വ്യക്തിപരമായ സ്വഭാവമോ ഒരു സുഹൃത്തിനോ, പങ്കാളിക്കോ, രക്ഷിതാവിനോ ഉള്ള ഒരു പ്രശംസയോ ആണെങ്കിൽ പോലും; അവർ തങ്ങളുടെ യഥാർത്ഥ വികാരങ്ങളെ മറച്ചുപിടിക്കുന്നു; സംഘാടക സമിതിയുടെ അംഗീകൃത പട്ടികയിൽ ഉൾപ്പെടാത്ത ഒരു സ്ഥാപനത്തിന്റെ പേര് അവർക്ക് വെളിപ്പെടുത്താൻ കഴിയില്ല; അവർക്ക് ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറാൻ കഴിയില്ല (എ എസ് റോമയുടെ റൈറ്റ് ബാക്കായ അലസ്സാൻഡ്രോ ഫ്ലോറൻസി തന്റെ 82 വയസ്സുള്ള മുത്തശ്ശിയെ കെട്ടിപ്പിടിക്കാൻ ഗ്യാലറിയിലേക്ക് ചാടിക്കടന്നു, അതിന് തക്കതായ ശാസനയും ലഭിച്ചു). കളിക്കാർക്ക് ആഘോഷമാവാം, പക്ഷേ ഒരു മഞ്ഞ കാർഡ്, അല്ലെങ്കിൽ ഒരുപക്ഷേ ചുവപ്പ് കാർഡ്, അല്ലെങ്കിൽ മറ്റ് ഉപരോധങ്ങൾ അവരെ കാത്തിരിക്കുന്നുണ്ടാകാം.
ജനങ്ങളുടെ കളി
വിയർപ്പിന്റെയും മണ്ണിന്റെയും ഗന്ധമുള്ള, ജനങ്ങളുടെ കായിക വിനോദമായ ഫുട്ബോൾ, വിമോചനത്തിലൂടെയാണ് വിശുദ്ധീകരിക്കപ്പെടുന്നത്. വീഡിയോ അസിസ്റ്റന്റ് റഫറി (VAR) ഇതിനകം തന്നെ ആഹ്ലാദത്തോടെ കളിക്കുന്നതിന്റെ ചില രസങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഒരു ഗോൾ നേടുന്നയാൾ തന്റെ പോണിടെയിലോ കാൽവിരലോ ഓഫ്-സൈഡ് നിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് നോക്കാന്‍ പകുതി കണ്ണും മനസ്സും ഗ്രൗണ്ട് സ്‌ക്രീനിലായിരിക്കും. ലളിതമായ ഒരു കളിയെ സങ്കീർണ്ണമാക്കുക എന്ന മഹത്തായ ലക്ഷ്യം നിറവേറ്റിയെങ്കിലും, വി എ ആറി (VAR)ന്റെ പ്രതിരോധത്തിൽ, അത് കളിയിൽ മറ്റൊരു അംശം കൂടി ചേർത്തു. രസഭംഗത്തിന്റെ. പിന്നെ ആവർത്തനങ്ങളുടേതും ആത്മാവില്ലാത്തതുമായ ആഘോഷങ്ങളുടെയും.
കാർഡുകൾ ചോദിച്ചു വാങ്ങുന്ന ആഘോഷങ്ങൾ തീർച്ചയായും ഉണ്ട്. ഫാസിസ്റ്റ് സല്യൂട്ടുകൾ (ലാസിയോ കാലഘട്ടത്തിലെ പൗലോ ഡി കാനിയോ) പോലെ, വംശീയമോ ലൈംഗികമോ ആയ വ്യംഗാർത്ഥമുള്ളവള്ള (നിക്കോളാസ് അനെൽക്കയുടെ ക്വനെൽ ആംഗ്യത്തെ (ഒരു കൈകൊണ്ട് ആ കൈയുടെ എതിർവശത്തെ തോളിൽ സ്പർശിക്കുകയോ പിടിക്കുകയോ ചെയ്തുകൊണ്ട് മറ്റേ കൈപ്പത്തി നീട്ടി നിലത്തേക്ക് ചൂണ്ടിക്കാണിക്കുക എന്നതാണ് ഈ ആംഗ്യം. ഇതിനെ അവഹേളനപരമായ ആംഗ്യമെന്ന നിലിയലും നാസി സല്യൂട്ട് എന്നും കണക്കാക്കുന്നു) അല്ലെങ്കിൽ മാച്ച് ഒഫീഷ്യല്‍സിനെയോ കാണികളെയോ ശാരീരികമായി വേദനിപ്പിക്കുന്നവ അതിന് ഉദാഹരണങ്ങളാണ്. എന്നാൽ, ഒരു പക്ഷിയെ അനുകരിച്ചതുകൊണ്ട് മാത്രം- എതിർ ടിം ആ പേരുകൊണ്ട് അറിയപ്പെടുന്നുണ്ടെങ്കിൽ പോലും, അവർക്കെതിരെ കാർഡുകൾ വീശുന്നത്-അത് ഒരു പ്രഹസനമാണ്.
എന്നാൽ ലെസ്റ്റർ സിറ്റി ഫോർവേഡായ ജാമി വാർഡി ഗോൾ നേടിയ ശേഷം ടോട്ടൻഹാം ഹോട്‌സ്പർ ആരാധകരുടെ നേരെ ഓടിച്ചെന്ന് തന്റെ സ്ലീവ് പാച്ച് ചൂണ്ടിക്കാണിച്ചപ്പോൾ അതേ അളവുകോൽ പ്രയോഗിച്ചില്ല, തന്റെ ക്ലബ്ബിന് ഒരു കിരീടമുണ്ട്, പക്ഷേ സ്പർസിന് (ഹോട്സ്പർ) ഇല്ല എന്ന് സൂചിപ്പിക്കുന്നതായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ജോഷ്വ സിർക്സി ഷൂട്ടൗട്ടിൽ വിജയിച്ച പെനാൽറ്റി ആഘോഷിച്ചത് എമിറേറ്റ്സ് കാണികൾക്ക് നേരെ സാങ്കൽപ്പിക വെടിയുണ്ടകൾ ഉതിർത്തുകൊണ്ടാണ്. ഇരുവർക്കുമെതിരെ ശാസന പോലും ഉണ്ടായില്ല.
ആഘോഷം എത്രത്തോളമായാൽ അധികമാകും' എന്ന ചർച്ചയുടെ കാതൽ അതാണ്. നിയമവും ചട്ടവുമൊക്കെ വ്യക്തമാണ്, പക്ഷേ വ്യാഖ്യാനത്തിന് വിധേയമാണ്. ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ (IFAB) നിയമം 12 പറയുന്നു: "ഒരു ഗോൾ നേടുമ്പോൾ കളിക്കാർക്ക് ആഘോഷിക്കാം, പക്ഷേ ആഘോഷം അമിതമാകരുത്; നൃത്ത ചെയ്തുള്ള ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല, മാത്രമല്ല, ആഘോഷം അമിത സമയം പാഴാക്കാൻ കാരണമാകരുത്." അതുകൊണ്ട്, റഫറിയുടെ കാഴ്ചപ്പാട്, അയാളുടെ ഉപബോധമനസ്സിലെ പക്ഷപാതം, മാനസികാവസ്ഥ, വിധിനിർണ്ണയങ്ങൾ എന്നിവ കളിയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. റഫറിമാർ ചിലപ്പോൾ വിനോദ പ്രവൃത്തികളെ സഹിക്കില്ല. ഒരിക്കൽ ഇംഗ്ലണ്ട് ഇതിഹാസം പോൾ ഗാസ്കോയിൻ റഫറിയുടെ പോക്കറ്റിൽ നിന്ന് മഞ്ഞ കാർഡ് വഴുതിപ്പോയത് ശ്രദ്ധിച്ചു. അദ്ദേഹം അത് എടുത്ത് തന്റെ പതിവ് വിശാലമായ പുഞ്ചിരിയോടെ റഫറിക്ക് നേരെ കാർഡ് ഉയർത്തി കാണിച്ചു. ഇത് രസിക്കാത്ത റഫറി കാർഡ് പിടിച്ചു വാങ്ങി, അത് മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാൽ അമ്പരന്നു നിന്ന ഗാസ്കോയിനെതിരെ അതേ രീതിയിൽ പ്രതികരിച്ചു.
ഏകപക്ഷീയമായ വിധി
ആഘോഷങ്ങൾ (തെറ്റായ) വ്യാഖ്യാനത്തിന് കൂടുതൽ ഇരയാകുന്നു. കളിയിലെ ഏറ്റവും പ്രശസ്തമായ ചില ആഘോഷങ്ങൾക്ക് ധ്രുവീകൃതമായ അഭിപ്രായങ്ങളുണ്ട്. 1990 ലോകകപ്പിന്റെ അനശ്വര ചിത്രമായി മാറിയ കോർണർ പതാകയുമായി റോജർ മില്ലയുടെ ലാറ്റിനമേരിക്കൻ ശൈലിയിലുള്ള നൃത്തം പോലെ. എന്നാൽ ചിലർ ആ പ്രവൃത്തി അശ്ലീലവും കാർഡ് കാണിക്കേണ്ടതാണെന്നും കരുതി. അതുപോലെ, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ വിജയ ഗോൾ നേടിയതിന് ശേഷം പാപ്പാ ബൗബാ ദിയോപ്പ് തന്റെ സഹതാരങ്ങൾക്കൊപ്പമുള്ള എംബാലാക്സ് (സെനഗലിലെ തദ്ദേശീയമായ നൃത്തം) ചുവടുകൾക്കെതിരെയും പരാതികൾ ഉയർന്നു. അല്ലെങ്കിൽ ബ്രസീലുകാരുടെ നാഗനൃത്തംപോലെയുള്ള എണ്ണമറ്റ സാംബ ചുവടുകൾക്കെതിരെയും പരാതികൾ ഉയർന്നു. കഴിഞ്ഞ ലോകകപ്പിൽ, ജപ്പാനെ തോൽപ്പിച്ചതിന് ശേഷം റിച്ചാർലിസണിന്റെ ആഘോഷങ്ങൾക്ക് ബ്രസീൽ വിമർശനം നേരിട്ടു. എന്നാൽ മുഖ്യ പരിശീലകൻ ടൈറ്റ് ബ്രസീലിയൻ സംസ്കാരത്തിൽ നൃത്തത്തിന്റെ പ്രസക്തി വിശദീകരിച്ചു. "ആഘോഷത്തിന്റെ ഏറ്റവും വലിയ നിമിഷമാണ് ഗോളുകൾ, ഓരോ വ്യക്തിക്കും അത് അവരുടേതായ രീതിയിൽ പ്രകാശിപ്പിക്കാൻ കഴിയും. നൃത്തം ചെയ്യുക എന്നതാണ് ഞങ്ങളുടെ രീതി. എതിരാളിയെ ബഹുമാനിക്കുമ്പോൾ തന്നെ, അത് ആത്മാഭിമാനവുമാണ്."
ഒരു കർക്കശ സദാചാരവാദിയായ റഫറിയുടെ മുന്നിൽ മില്ല ആനന്ദത്തോടെ നൃത്തം വെച്ചു എന്ന് സങ്കൽപ്പിക്കുക. അദ്ദേഹത്തിന് കാർഡ് ലഭിക്കുമായിരുന്നു, തുടർന്നുള്ള എല്ലാ ലോക കപ് പതിപ്പുകൾക്കും മുമ്പ് വീണ്ടും കൃത്യമായി സന്ദർശിച്ച് ഏറ്റവും നിലനിൽക്കുന്ന ചിത്രങ്ങളിലൊന്നിനെ ഒരു അനിഷ്‌ടകരമായ പ്രവൃത്തിയായി ഓർമ്മിക്കപ്പെടുമായിരുന്നു. കൂടുതൽ സൗമ്യനായ ഒഫിഷ്യലായിരുന്നെങ്ങില്‍ ഇലിമാൻ എൻഡിയായെയുടെ കടൽകാക്കയുടെ ചിറകടികളെ നേരമ്പോക്കായി കണ്ട് ചിരിക്കുമായിരുന്നു.
ഫുട്ബോളിന്റെ അടിസ്ഥാന സഹജാവബോധങ്ങളിലൊന്നായ ആഘോഷങ്ങളെ കൂടുതൽ കർശനമായ നോട്ടത്തിന് വിധേയമാക്കിയാൽ, കളി ആനന്ദകരമാകില്ലെന്ന് മാത്രമല്ല, കൂടുതൽ ശൂന്യമായ ജീവിതത്തിന്റെ പ്രതിഫലനവുമാകുകയും. ഫുട്ബോളിനെ ഒരു റിയാലിറ്റി ഷോയാക്കി മാറ്റുകയും ചെയ്യും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us