scorecardresearch

രഞ്ജി ട്രോഫി; കേരളത്തിന് കടക്കാൻ വലിയ കടമ്പ; ക്വാർട്ടർ ഫൈനല്‍ ആവേശകരമായ അന്ത്യത്തിലേക്ക്

നാലാം ദിവസം കളി അവസാനിക്കുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ്

നാലാം ദിവസം കളി അവസാനിക്കുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ്

author-image
Sports Desk
New Update
Nideesh MD, Nitish MD, KCA, Kerala Cricket

കേരളത്തിനായി നിധീഷ് എം.ഡി 4 വിക്കറ്റുകള്‍ വീഴ്ത്തി

പൂനെ: രഞ്ജി ട്രോഫി ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം. നാലാം ദിവസം കളി നിർത്തുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ്. ഒരു ദിവസത്തെ മത്സരവും എട്ട് വിക്കറ്റും കയ്യിലിരിക്കെ കേരളത്തിന് ജയിക്കാൻ 299 റൺസ് കൂടി വേണം. മല്സരം സമനിലയിൽ അവസാനിച്ചാലും ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിൽ കേരളത്തിന് സെമിയിലേക്ക് മുന്നേറാം. നേരത്തെ ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സ് ഒൻപത് വിക്കറ്റിന് 399 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

ക്യാപ്റ്റൻ പരസ് ദോഗ്രയുടെ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്സിൽ ജമ്മു കശ്മീരിന് മുതൽക്കൂട്ടായത്. നാലാം വിക്കറ്റിൽ കനയ്യ വധാവനൊപ്പം 146 റൺസും അഞ്ചാം വിക്കറ്റിൽ സാഹിൽ ലോത്രയ്ക്കൊപ്പം 50 റൺസും കൂട്ടിച്ചേർത്ത പരസ് ദോഗ്രയുടെ ഉത്തരവാദിത്തത്തോടെയുള്ള ഇന്നിങ്സാണ് കശ്മീരിനെ മികച്ച സ്കോറിലെത്തിച്ചത്. 132 റൺസ് നേടിയ പരസ് ദോഗ്രയെ ആദിത്യ സർവ്വാടെയാണ് പുറത്താക്കിയത്. കനയ്യ വധാവൻ 64ഉം സാഹിൽ ലോത്ര 59ഉം റൺസെടുത്തു. 28 റൺസെടുത്ത ലോൺ നാസിർ മുസാഫർ, 27 റൺസുമായി പുറത്താകാതെ നിന്ന യുധ്വീർ സിങ് എന്നിവരും കശ്മീരിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം ഡിയാണ് കേരള ബൌളിങ് നിരയിൽ കൂടുതൽ തിളങ്ങിയത്. ബേസിൽ എൻ പിയും ആദിത്യ സർവാടെയും രണ്ട് വിക്കറ്റ് വീതവും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാർ ഭേദപ്പെട്ട തുടക്കമാണ് നല്കിയത്. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർത്ത് ഓപ്പണിങ് വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ രോഹനെയും ഷോൺ റോജറെയും അടുത്തടുത്ത ഇടവേളകളിൽ പുറത്താക്കി യുധ്വീർ സിങ് കേരളത്തെ സമ്മർദ്ദത്തിലാക്കി. രോഹൻ 36ഉം ഷോൺ റോജർ ആറും റൺസെടുത്തു. തുടർന്നെത്തിയ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടമാകാതെ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു. കളി നിർത്തുമ്പോൾ അക്ഷയ് ചന്ദ്രൻ 32ഉം സച്ചിൻ ബേബി 19 റൺസും നേടി പുറത്താകാതെ നില്ക്കുകയാണ്.

Advertisment

Read More

Kerala Cricket Team Jammu Kashmir Ranji Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: