/indian-express-malayalam/media/media_files/2025/01/22/5EaY8fLmoDkBV4RZx79i.jpg)
ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ടീം ജേഴ്‌സിയില്‍ ആഥിതേയ രാജ്യമായ പാക്കിസ്ഥാന്റെ പേര് ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന് അറിയിച്ച് ബിസിസിഐ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. ഐസിസി നിയമം അനുസരിച്ച് ആതിഥേയ രാജ്യങ്ങളുടെ പേര് എല്ലാ ടീമുകളും അവരുടെ ജേഴ്‌സിയില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ തങ്ങള്‍ കളിക്കുന്ന എല്ലാ മത്സരങ്ങളും ദുബായില്‍ ആണ് എന്ന വാദമാണ് പാക്കിസ്ഥാന്റെ പേര് ഒഴിവാക്കിയതിനെ കുറിച്ച് ബിസിസിഐ നല്‍കിയ വിശദീകരണം. ബിസിസിഐയുടെ ഈ തിരുമാനത്തെ ഐസിസി തള്ളി പറഞ്ഞതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആഥിതേയരായ പാക്കിസ്ഥാന്റെ പേര് ജേഴ്‌സിയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ടീം ബാധ്യസ്ഥരാണ് എന്നാണ് ഐസിസി അറിയിച്ചിട്ടുള്ളത്. 'ടൂര്‍ണമെന്റിന്റെ ലോഗോ അവരുടെ ജേഴ്‌സിയില്‍ ചേര്‍ക്കേണ്ടത് ഓരോ ടീമിന്റെയും ഉത്തരവാദിത്തമാണ്. ഈ നിയമം പാലിക്കാന്‍ എല്ലാ ടീമുകളും ബാധ്യസ്ഥരാണ്,' ഐസിസി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എ-സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാന്റെ പേരില്ലാത്ത ജേഴ്‌സിയുമായി കളിക്കാന്‍ ഇറങ്ങിയാല്‍ കര്‍ശനമായ നടപടി ബിസിസിഐ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബിസിസിഐയുടെ ഈ തിരുമാനം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിലും വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
'ബി.സി.സി.ഐ ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നു, അത് കളിയ്ക്ക് ഒട്ടും നല്ലതല്ല. പാക്കിസ്ഥാനിലേക്ക് വരാന്‍ അവര്‍ വിസമ്മതിച്ചു. ഉദ്ഘാടന ചടങ്ങിനായി അവരുടെ ക്യാപ്റ്റനെ (പാക്കിസ്ഥാനിലേക്ക്) അയയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല, ഇപ്പോള്‍ ആതിഥേയ രാജ്യത്തിന്റെ (പാക്കിസ്ഥാൻ) പേര് അവരുടെ ജേഴ്‌സിയില്‍ അച്ചടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.' പിസിബി ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിസിസിഐയും പിസിബിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട്. പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ അറിയിച്ചതോടെയാണ് ഇതിന്റെ തുടക്കം. ഒടുവില്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാക്കിസ്ഥാൻ ഒരു ഹൈബ്രിഡ് മോഡലിന് തയ്യാറായത്. അത് പ്രകാരമാണ് ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ദുബായില്‍ കളിക്കുമെന്ന തിരുമാനത്തിലെത്തിയത്. എന്നാല്‍ ഭാവിയില്‍ ഐസിസി ടൂര്‍ണമെന്റുകള്‍ നടത്തുമ്പോള്‍ ബിസിസിഐക്ക് ഇത്തരം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാന്‍ ഇത് കാരണമാകും.
അതേസമയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് അനുവാദം കൊടുക്കുമോയെന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ ഒരു തിരുമാനം അറിയിച്ചിട്ടില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.