/indian-express-malayalam/media/media_files/2025/03/21/0Z48S3FvJjuGWYLcREUm.jpg)
ഹർദിക് പാണ്യ, രോഹിത് ശർമ Photograph: (എക്സ്)
Hardik Pandya Mumbai Indians IPL: മുംബൈ ഇന്ത്യൻസ് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത സീസണായിരുന്നു 2024ലേത്. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹർദിക് പാണ്ഡ്യയെ റാഞ്ചി മുംബൈ ടീമിലെത്തിച്ച് ക്യാപ്റ്റൻസി നൽകി. എന്നാൽ ലക്ഷക്കണക്കിന് ആരാധകരെയാണ് മുംബൈയുടെ ഈ നീക്കം പ്രകോപിപ്പിച്ചത്. ആരാധകർ കൂട്ടമായി മുംബൈ ഇന്ത്യൻസിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തു. വാങ്കഡെയ്ക്ക് പുറമെ ഹൈദരാബാദിലും അഹമ്മദാബാദിലും ഉൾപ്പെടെ എല്ലായിടത്തും ഹർദിക്കിനെ ആരാധകർ കൂവലോടെ നേരിട്ടു. ഇതിനൊപ്പം വലിയ വിമർശനമാണ് ഹർദിക്കിന്റെ ക്യാപ്റ്റൻസിക്ക് നേരെയും ഉയർന്നത്.
ഹർദിക്കിനെ അല്ല, നെഹ്റയെ റാഞ്ചണമായിരുന്നു!
മുംബൈ ഇന്ത്യൻസ് സ്വന്തമാക്കേണ്ടിയിരുന്നത് ഗുജറാത്ത് പരിശീലകനായിരുന്ന ആശിഷ് നെഹ്റയെയായിരുന്നു ഹർദിക്കിനെ ആയിരുന്നില്ല എന്നാണ് ആരാധകർ പരിഹസിച്ചത്. ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നിൽ നെഹ്റയുടെ തന്ത്രങ്ങളായിരുന്നു എന്നാണ് ആരാധകർ പറഞ്ഞത്. കാരണം ഗ്രൗണ്ടിലെ ഹർദിക്കിന്റെ ക്യാപ്റ്റൻസി തീരുമാനങ്ങൾ വലിയ വിമർശനങ്ങളാണ് വിളിച്ചുവരുത്തിയത്. രോഹിത് ശർമയെ ലോങ് ഓണിൽ ഫീൽഡ് ചെയ്യാൻ ഹർദിക് വിട്ടത് മുതൽ ആരാധകർ ഹർദിക്കിനോട് ഒരു ദയയും കാണിച്ചില്ല.
രോഹിത്തിനെ ലോങ് ഓണിലേക്ക് വിട്ട് ഹർദിക്
എന്നോടാണോ ലോങ് ഓണിൽ ഫീൽഡ് ചെയ്യാൻ ആവശ്യപ്പെടുന്നത് എന്ന് രോഹിത് അത്ഭുതത്തോടെ ചോദിക്കുന്നത് ആരാധകരെ വേദനിപ്പിച്ചു. പിന്നാലെ നിർണായക മത്സരത്തിൽ ബാറ്റിങ് പൊസിഷനിൽ ഹർദിക് പാണ്ഡ്യ വരുത്തിയ മാറ്റവും ആരാധകരും ക്രിക്കറ്റ് വിദഗ്ധരും വെറുതെ വിട്ടില്ല.
ഗുജറാത്തിന് എതിരായ കളിയിൽ ടിം ഡേവിഡിന് മുന്‍പായി എന്തുകൊണ്ട് ഹര്‍ദിക് ബാറ്റിങ്ങിന് ഇറങ്ങിയില്ല എന്നതാണ് ഹര്‍ദിക്കിന് നേരെ ഉയർന്ന ചോദ്യം. റാഷിദ് ഖാനെ ഭയന്നാണ് ഹര്‍ദിക് ഈ സമയം ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത് എന്നാണ് വിമര്‍ശനം.
ബുമ്രയ്ക്ക് ആദ്യ ഓവർ നൽകാതിരുന്നത്
ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ഹര്‍ദിക് പാണ്ഡ്യയാണ് ബോളിങ് ഓപ്പണ്‍ ചെയ്തത്. ഇതിന് എതിരേയും വിമർശനങ്ങൾ ശക്തമായിരുന്നു. ആദ്യ രണ്ട് ഓവറില്‍ ഹര്‍ദിക് 20 റണ്‍സ് വഴങ്ങി. ബുമ്രയെ മാറ്റി നിര്‍ത്തി ഹര്‍ദിക് ബൗളിങ് ഓപ്പണ്‍ ചെയ്തത് ആരാധകരെ പ്രകോപിപ്പിച്ചത് ചില്ലറയൊന്നുമല്ല. തന്റെ കയ്യിലേക്ക് പന്ത് എത്തിയ ആദ്യ ഓവറില്‍ തന്നെ ബുമ്ര വിക്കറ്റ്
വീഴ്ത്തുകയും ചെയ്തിരുന്നു.
ഇത് മാത്രമല്ല, സൺറൈസേഴ്സിന് എതിരായ മത്സരത്തിൽ ഉൾപ്പെടെ ബുമ്രയെ കൊണ്ടുവന്ന് ബോളിങ് ചെയിഞ്ച് നടത്താൻ ഹർദിക് തയ്യാറാവാതിരുന്നതും വലിയ വിമർശനത്തിന് ഇടയാക്കി. സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റേഴ്സ് റണ്‍സ് വാരുന്ന സമയം തന്റെ പക്കലുള്ള ഏറ്റവും മികച്ച ബോളറായ ബുമ്രയുടെ കൈകളിലേക്ക് ഹർദിക് പന്ത് നൽകിയില്ല. ഹൈദരാബാദ് ഇന്നിങ്സ് 13 ഓവറിലേക്ക് എത്തിയപ്പോൾ ഒരു ഓവർ മാത്രമാണ് ബുമ്രയ്ക്ക് ഹർദിക് നൽകിയത്.
ഹർദിക്കിനെ ശകാരിച്ച് രോഹിത്
മത്സരത്തിന് ശേഷം ഹർദിക് പാണ്ഡ്യയും രോഹിത് ശർമയും തമ്മിലുള്ള സംഭാഷണവും മുംബൈ ഇന്ത്യൻസ് ക്യാംപിലെ അന്തരീക്ഷം ശരിയായ നിലയിൽ അല്ല എന്ന സൂചന നൽകി. ഹർദിക്കിനെ ശകാരിക്കുന്ന വിധം രോഹിത് സംസാരിക്കുമ്പോൾ സമീപത്ത് മുംബൈ ഇന്ത്യൻസ് ഉടമ ആകാശ് അംബാനി നിൽക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു.
രോഹിത് ശർമയെ കാണാത്ത വിധം നടന്നു പോകുന്ന ഹര്‍ദിക്കിന്റെ ദൃശ്യമാണ് സീസണിൽ ഇന്റർനെറ്റിൽ വൈറലായ മറ്റൊന്ന്. ബോളിങിന് ശേഷം ബുമ്രയും ഹര്‍ദിക്കും സംസാരിക്കുകയായിരുന്നു. ഇതിനിടയിലേക്ക് രോഹിത് കടന്നു വന്നു. രോഹിത് എത്തുന്ന സമയം ബുമ്രയോട് സംസാരിച്ച് രോഹിതിനെ ശ്രദ്ധിക്കാതെ ഹര്‍ദിക് നടന്നു പോയി. പിന്നാലെ രോഹിതും ബുമ്രയും സംസാരം തുടർന്നു.
മലിംഗയുമായുള്ള അസ്വാരസ്യങ്ങൾ
പരീശീലക സംഘത്തിലുള്ള മുന്‍ ലങ്കന്‍ പേസര്‍ ലസിത് മലിംഗ ഹാര്‍ദിക് പാണ്ഡ്യയ്ക്കായി കസേര ഒഴിഞ്ഞു കൊടുക്കുന്ന വീഡിയോ വൈറലായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് സംഭവം. ഹാർദിക് പാണ്ഡ്യ വന്നപ്പോൾ മുംബൈ ഇന്ത്യൻസ് പരിശീലകൻ പൊള്ളാർഡ് സീറ്റിൽനിന്ന് എഴുന്നേൽക്കാൻ മുതിർന്നു. എന്നാൽ അതിനു മുൻപേ തന്നെ ലസിത് മലിംഗ എഴുന്നേറ്റു നടന്നുപോയി. മലിംഗ പോയതോടെ പൊള്ളാര്‍ഡ് പാണ്ഡ്യയ്ക്കു സമീപത്തായി ഇരുന്നു. മലിംഗ ഹർദിക്കിനെ അവഗണിച്ചതാണെന്നാണ് ഇത് ചൂണ്ടി ആരാധകർ പറഞ്ഞത്.
ഇതിന് പുറമെ മലിംഗ ആലിംഗനം ചെയ്യാൻ ശ്രമിക്കുമ്പോൾ ഹർദിക് തടയുന്ന ദൃശ്യങ്ങളും ചർച്ചയായിരുന്നു. മല്‍സരത്തിന് ശേഷം കളിക്കാരും കോച്ചിങ് സ്റ്റാഫും പരസ്പരം കൈകൊടുക്കുന്നതിന് ഇടയിലുള്ള വിഡിയോയാണ് വൈറലായത്. ഹർദിക്കിനെ ചേർത്ത് പിടിക്കാൻ മലിംഗ ശ്രമിച്ചു. എന്നാൽ മലിംഗയെ ഹർദിക് മാറ്റി.
നായ ഗ്രൗണ്ടിലെത്തിയപ്പോൾ
ഇതിനിടെ മുംബൈയുടെ ഒരു മത്സരത്തിന് ഇടയിൽ നായ ഗ്രൗണ്ടിലെത്തി. ഈ സമയം ഹർദിക്, ഹർദിക് എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് ആരാധകർ ചെയ്തത്. ഇങ്ങനെ ക്യാപ്റ്റനായുള്ള മുംബൈയിലേക്കുള്ള ഹർദിക്കിന്റെ മടങ്ങി വരവ് ഏറെ സംഭവ ബഹുലമായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.