/indian-express-malayalam/media/media_files/2025/01/16/EIsDNZkf2vrfbk3dGz1v.jpeg)
ഇന്ത്യൻ ക്രിക്കറ്റ് ടീം, ഗംഭീർ:(Instagram)
ഡ്രസ്സിങ് റൂമിലെ വിവരങ്ങൾ ചോർത്തിയതിന് പിന്നിൽ ഇന്ത്യൻ ബാറ്റർ സർഫറാസ് ഖാൻ ആണെന്ന വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗംഭീർ. കഴിഞ്ഞ ശനിയാഴ്ച നടന്ന ബിസിസിഐ യോഗത്തിലാണ് സർഫറാസിന് എതിരെ ഗംഭീർ ആരോപണം ഉന്നയിച്ചത്.
ഗംഭീറിന് എതിരെ സർഫറാസിന്റെ ആരോപണങ്ങൾ അല്ലാതെ മറ്റെന്തെങ്കിലും തെളിവ് ഗംഭീറിന്റെ പക്കലുണ്ടോ എന്ന് വ്യക്തമല്ല. ബോക്സിങ് ഡേ ടെസ്റ്റിന് പിന്നാലെ ഡ്രസ്സിങ് റൂമിൽ പൊട്ടിത്തെറിച്ചാണ് ഗംഭീർ സംസാരിച്ചത്. 'എനിക്ക് മതിയായി. സാഹചര്യം ആവശ്യപ്പെടുന്നത് എന്താണോ അതിന് അനുസരിച്ചാണ് കളിക്കേണ്ടത്. അല്ലാതെ നിങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ ഇല്ല' എന്ന് ഗംഭീർ പറഞ്ഞതായാണ് റിപ്പോർട്ടുകൾ വന്നത്.
എന്നാൽ സിഡ്നി ടെസ്റ്റിന് മുൻപ് ഈ റിപ്പോർട്ടുകൾ ഗംഭീർ തള്ളി. 'കോച്ചും കളിക്കാരും തമ്മിലുള്ള സംവാദം ഡ്രസ്സിങ് റൂമിനുള്ളിൽ തന്നെ നിൽക്കണം. പുറത്ത് വരുന്നത് വെറും റിപ്പോർട്ടുകൾ മാത്രമാണ്. സത്യങ്ങൾ അല്ല. സത്യസന്ധരായ മനുഷ്യർ ഡ്രസ്സിങ് റൂമിൽ ഉണ്ടാകുമ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലാണ് എന്ന് പറയാനാവുക', ഗംഭീർ പറഞ്ഞു.
ഡ്രസ്സിങ് റൂമിൽ നിങ്ങളെ നിലനിർത്തുന്നത് നിങ്ങളുടെ പ്രകടനമാണ്. സത്യസന്ധമായിരിക്കണം വാക്കുകൾ. സത്യസന്ധത പ്രധാനപ്പെട്ട കാര്യമാണ്. ടീം എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ച് കളിക്കുക. നിങ്ങൾക്ക് നിങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാം. പക്ഷെ ടീമിന് നിങ്ങളെ ആവശ്യമാണ് എങ്കിൽ നിങ്ങൾ ടീം ആവശ്യപ്പെടുന്ന നിലയിൽ കളിക്കേണ്ടതുണ്ട്, ഗംഭീർ വ്യക്തമാക്കി.
സർഫറാസിന്റെ കരിയർ ഭീഷണിയിൽ?
ഗംഭീറിന് കീഴിൽ സർഫറാസിന്റെ കരിയറിന് ഭീഷണി നേരിടുന്നു എന്ന വാദവും ഉയരുന്നുണ്ട്. ബോർഡർ ഗാവസ്കർ ട്രോഫിയിൽ ഒരു മത്സരം പോലും സർഫറാസ് കളിച്ചിരുന്നില്ല. ഗംഭീറിൽ നിന്ന് സർഫറാസിന് എതിരെ ഇത്തരം ഒരു ആരോപണം ഉയർന്ന സാഹചര്യത്തിൽ ഇനി ഇന്ത്യൻ ടീമിലെ സർഫറാസിന്റെ ഭാവി എന്താവും എന്ന ആശങ്ക ഉയരുന്നുണ്ട്. ഡൊമസ്റ്റിക് ക്രിക്കറ്റിൽ ഏറെ നാൾ മികച്ച പ്രകടനം നടത്തിയതിന് ശേഷമാണ് ഒടുവിൽ സർഫറാസിന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുന്നത്.
2024ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച സർഫറാസ് ഖാൻ 11 ഇന്നിങ്സുകളാണ് ഇതുവരെ കളിച്ചത്. ഒരു സെഞ്ചുറിയും മൂന്ന് അർധശതകവും നേടി. 371 റൺസ് ആണ് ഇതുവരെയുള്ള സമ്പാദ്യം. ബാറ്റിങ് ശരാശരി 37. ഈ വർഷം ആദ്യം ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലായിരുന്നു സർഫറാസിന്റെ അരങ്ങേറ്റം.
അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സർഫറാസ് അർധശതകം കണ്ടെത്തി. ന്യൂസിലൻഡിന് എതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സർഫറാസ് ഖാന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി വരുന്നത്. 195 പന്തിൽ നിന്ന് 150 റൺസ് ആണ് സർഫറാസ് നേടിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.