ജോസ് ബട്ട്ലർ, സഞ്ജു സാംസൺ(ഫയൽ ഫോട്ടോ)
ദക്ഷിണാഫ്രിക്ക പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനെ തോൽപ്പിച്ചാണ് മുംബൈ കേപ്പ് ടൌൺ കിരീടം ചൂടിയത്. കലാശപ്പോരിൽ നാല് ഓവറിൽ ഒൻപത് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് പിഴുത ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾട്ട് ആണ് കളിയിലെ താരമായത്. മുംബൈ കേപ്പ് ടൌൺ കിരീടം ചൂടിയതിൽ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ നെഞ്ചിടിപ്പ് കൂടേണ്ട കാര്യമില്ല. എന്നാൽ ബോൾട്ടിന്റെ പ്രകടനം കണ്ട് സഞ്ജുവിന്റെ രാജസ്ഥാന് നിരാശ തോന്നിയേക്കാം.
ഐപിഎൽ താര ലേലത്തിന് മുൻപ് തങ്ങളുടെ സ്റ്റാർ പേസറായിരുന്ന ട്രെൻഡ് ബോൾട്ടിനെ ടീമിൽ നിലനിർത്താൻ രാജസ്ഥാൻ റോയൽസ് തയ്യാറായില്ല. താര ലേലത്തിലേക്ക് എത്തിയ ബോൾട്ടിനെ മുംബൈ ഇന്ത്യൻസ് വീണ്ടും തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചു. രണ്ട് കോടി രൂപ അടിസ്ഥാന വിലയായിരുന്നു ബോൾട്ടിന്. എന്നാൽ മുംബൈ ബോൾട്ടിനെ ടീമിലെത്തിച്ചത് പന്ത്രണ്ടര കോടി രൂപയ്ക്ക്.
Well 𝐁𝐨𝐮𝐥𝐭 👏#MICapeTown#OneFamily#MICTvSEC#BetwaySA20Finalpic.twitter.com/7pmdDhn9E1
— MI Cape Town (@MICapeTown) February 8, 2025
ബോൾട്ടിനെ ടീമിൽ നിന്ന് ഒഴിവാക്കി പകരം ആ സ്ഥാനത്തേക്ക് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറെയാണ് രാജസ്ഥാൻ റോയൽസ് കൊണ്ടുവന്നത്. 12.50 കോടി രൂപയ്ക്കാണ് രാജസ്ഥാൻ ആർച്ചറെ സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യക്കെതിരെ കഴിഞ്ഞ ട്വന്റി20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ആർച്ചറിന് സാധിച്ചിരുന്നില്ല. ഇത് രാജസ്ഥാൻ ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ്.
ഐപിഎൽ കരിയറിൽ രണ്ട് ടീമുകൾക്ക് വേണ്ടിയാണ് ജോഫ്ര ആർച്ചർ ഇതുവരെ കളിച്ചത്. 2018ൽ ആർച്ചറെ രാജസ്ഥാൻ ടീമിലെത്തിച്ചു. മൂന്ന് സീസണുകളിൽ നിന്ന് 46 വിക്കറ്റാണ് ആർച്ചർ വീഴ്ത്തിയത്. എന്നാൽ തുടരെ പരുക്കിന്റെ പിടിയിലേക്ക് ആർച്ചർ വീണതോടെ 2022ൽ ആർച്ചറും രാജസ്ഥാനും വേർപിരിഞ്ഞു. ഇതോടെ മുംബൈ ഇന്ത്യൻസ് ലേലത്തിൽ ആർച്ചറെ സ്വന്തമാക്കി. എന്നാൽ മുംബൈയിൽ ആർച്ചർ നിരാശപ്പെടുത്തിയതോടെ വീണ്ടും താര ലേലത്തിലേക്ക് ഇംഗ്ലണ്ട് പേസർ എത്തി. രാജസ്ഥാൻ താരത്തെ സ്വന്തമാക്കുകയും ചെയ്തു.
ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റാണ് ആർച്ചർ വീഴ്ത്തിയത്. രണ്ടാം ട്വന്റി20യിൽ നാല് ഓവറിൽ ആർച്ചർ വഴങ്ങിയത് 60 റൺസ്. മൂന്നാം ട്വന്റി20യിൽ നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. നാലാം ട്വന്റി20യിൽ 37 റൺസ് വഴങ്ങിയിട്ടും ഒരു വിക്കറ്റും വീഴ്ത്താനായില്ല. പരമ്പരയിലെ അവസാന ട്വന്റി20യിൽ 55 റൺസ് ആണ് ആർച്ചർ വഴങ്ങിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us