/indian-express-malayalam/media/media_files/2025/02/15/EnsEDruzMYIeYWGCCiUT.jpg)
മുംബൈയെ തോൽപ്പിച്ച ഡൽഹി താരങ്ങളുടെ സന്തോഷം Photograph: (ഡൽഹി ക്യാപിറ്റൽസ്, ഇൻസ്റ്റഗ്രാം)
അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തിനൊടുവിൽ മുംബൈ ഇന്ത്യൻസിനെതിരെ രണ്ട് വിക്കറ്റ് ജയം പിടിച്ച് ഡൽഹി ക്യാപിറ്റൽസ്. മുംബൈ മുൻപിൽ വെച്ച 165 റൺസ് വിജയ ലക്ഷ്യം അവസാന പന്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി ക്യാപിറ്റൽസ് മറികടന്നത്. 18 പന്തിൽ നിന്ന് 43 റൺസ് അടിച്ചെടുത്ത് ചെയ്സിങ്ങിൽ മികച്ച തുടക്കം നൽകിയ ഷഫാലി വർമയാണ് ഡൽഹിയുടെ ടോപ് സ്കോറർ.
18 പന്തിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്സും പറത്തിയായിരുന്നു ഷഫാലിയുടെ ഇന്നിങ്സ്. നിക്കി പ്രസാദ് 33 പന്തിൽ നിന്ന് 35 റൺസ് നേടി. വിക്കറ്റ് കീപ്പർ ബ്രൈസ് 10 പന്തിൽ നിന്ന് 21 റൺസും കണ്ടെത്തി.
അവസാന ഓവറിലേക്ക് നീണ്ട ത്രില്ലർ
അവസാന ഓവറിൽ 10 റൺസ് ആണ് ഡൽഹി ക്യാപിറ്റൽസിന് ജയിക്കാൻ വേണ്ടിയിരുന്നത്. നിർണായകമായ അവസാന ഓവർ എറിയാൻ എത്തിയത് മലയാളി താരം സജന സജീവനും. അവസാന ഓവറിലെ ആദ്യ പന്തിൽ സജനയ്ക്ക് എതിരെ നിക്കി പ്രസാദ് ഫോർ കണ്ടെത്തി. പിന്നെ വന്നെ മൂന്ന് ഡെലിവറിയിൽ നിന്ന് നാല് റൺസ്. അഞ്ചാം പന്തിൽ സജന നിക്കി പ്രസാദിനെ മടക്കി. ഇതോടെ ഒരു പന്തിൽ നിന്ന് ജയിക്കാൻ ഡൽഹിക്ക് രണ്ട് റൺസ് വേണമെന്ന നിലയിലായി.
സൂപ്പർ ഓവറിലേക്ക് മത്സരം നീളുമോ എന്ന ആകാംക്ഷ ഈ സമയം ഉയർന്നു. എന്നാൽ അവസാന പന്തിൽ സജനയ്ക്ക് എതിരെ അരുന്ധതി റെഡ്ഡി രണ്ട് റൺസ് ഓടി എടുത്തതോടെ ഡൽഹിക്ക് രണ്ട് വിക്കറ്റ് ജയം. നേരിട്ട ആദ്യ പന്തിൽ തന്നെ ഡബിൾ ഓടിയെടുത്ത് ടീമിനെ ജയത്തിലേക്ക് നയിച്ച അരുന്ധതി റെഡ്ഡിയാണ് ഡൽഹിയുടെ ഹീറോയായത്.
മുംബൈക്കെതിരെ മികച്ച തുടക്കമാണ് ഡൽഹിക്ക് ഓപ്പണർമാർ നൽകിയത്. ഡൽഹിയുടെ ഓപ്പണിങ് സഖ്യത്തെ മുംബൈക്ക് തകർക്കാനായത് ആറാം ഓവറിൽ. അപ്പോഴേക്കും ഡൽഹി സ്കോർ 60ൽ എത്തിയിരുന്നു. ക്യാപ്റ്റൻ മെഗ് ലാന്നിങ്ങിനെ ഒരു വശത്ത് നിർത്തി ഷഫാലി ആക്രമിച്ച് കളിച്ചു. എന്നാൽ ഷഫാലിയുടെ വികറ്റ് ഹെയ്ലി മാത്യൂസ് വീഴ്ത്തിയതിന് തൊട്ടടുത്ത ഓവറിൽ 15 റൺസ് എടുത്ത മെഗ് ലാന്നിങ്ങും മടങ്ങി. എട്ടാം ഓവറിൽ ജെമിമയും പുറത്തായതോടെ ഡൽഹി 66-3ലേക്ക് വീണു.
അഞ്ച് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് ജെമി റോഡ്രിഗസ് നേടിയത്. ഒൻപതാം ഓവറിൽ സതർലൻഡും സ്കോർ ഉയർത്താനാവാതെ മടങ്ങി. ഇതോടെ ഡൽഹി സമ്മർദത്തിലേക്ക് വീണു. എന്നാൽ നിക്കി പ്രസാദും ബ്രൈസും ചേർന്ന് പൊരുതി. ഡൽഹി സ്കോർ 163ൽ നിൽക്കുമ്പോഴാണ് നിക്കി പുറത്തായത്.
മുംബൈക്കായി ഹെയ്ലി മാത്യൂസും അമേലിയ കെറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സബ്നിം ഇസ്മെയിലും നാറ്റ് ബ്രന്റും സജനയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മുംബൈയെ തുണച്ചത് നാറ്റ് ബ്രെന്റിന്റെ അർധ ശതകം
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയെ തുണച്ചത് നാറ്റ് ബ്രന്റിന്റെ അർധ ശതകമാണ്. അവസാന ഓവറിലെ ആദ്യ പന്തിൽ 164 റൺസിന് മുംബൈ ഓൾഔട്ടായി. മുംബൈ ഇന്ത്യൻസിന് ആദ്യ ഓവറിൽ തന്നെ ഓപ്പണറെ നഷ്ടമായി. ഇന്നിങ്സിലെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തിൽ ഹെയ്ലി മാത്യൂസിനെ ശിഖാ പാണ്ഡേ മെഗ് ലാന്നിങ്ങിന്റെ കൈകളിൽ എത്തിച്ചു. രണ്ട് പന്തിൽ നിന്ന് ഡക്കായാണ് ഹെയ്ലി മടങ്ങിയത്. അഞ്ചാമത്തെ ഓവറിലേക്ക് എത്തിയപ്പോഴേക്കും മുംബൈ ഇന്ത്യൻസിന് രണ്ടാമത്തെ ഓപ്പണറേയും നഷ്ടമായി. വിക്കറ്റ് കീപ്പർ ബാറ്റർ യാസ്തിക ബാട്ടിയയെ ശിഖാ പാണ്ഡേ ബൌൾഡാക്കി.
9 പന്തി നിന്ന് 11 റൺസ് മാത്രമാണ് യാസ്തിക നേടിയത്. ഇതോടെ മുംബൈ ഇന്ത്യൻസ് 32-2ലേക്ക് വീണു. എന്നാൽ ക്യാപ്റ്റൻ ഹർമൻപ്രീതും നാറ്റ് ബ്രന്റും ചേർന്ന് മുംബൈ ഇന്ത്യൻസിനെ കരകയറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇരുവരും ചേർന്ന് 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മുംബൈയുടെ സ്കോർ 100 കടത്തി.
എന്നാൽ 11ാം ഓവറിൽ മുംബൈയുടെ സ്കോർ 100 കടന്നതിന് പിന്നാലെ മുംബൈക്ക് ക്യാപ്റ്റനെ നഷ്ടമായി. 22 പന്തിൽ നിന്ന് 42 റൺസ് എടുത്താണ് ഹർമന്റെ ഇന്നിങ്സ് അവസാനിച്ചത്. നാല് ഫോറും മൂന്ന് സിക്സും ഹർമന്റെ ബാറ്റിൽ നിന്ന് വന്നു. 190 ആണ് പുറത്താവുമ്പോൾ ഹർമന്റെ സ്ട്രൈക്ക്റേറ്റ്.
ഹർമൻ മടങ്ങിയതിന് പിന്നാലെ മുംബൈക്ക് തിരിച്ചടിയായി അമേലിയ കെറിന്റെ റണഔട്ട് എത്തി. 9 റൺസ് മാത്രം എടുത്ത അമേലിയയെ മലയാളി താരം മിന്നു മണി ആണ് റൺഔട്ടാക്കിയത്. ഇതോടെ മുംബൈ 129-4 എന്ന നിലയിലേക്ക് വീണു. പിന്നാലെ വന്ന മലയാളി മാത്രം സജന സജീവൻ വന്നപാടെ മടങ്ങി. രണ്ട് പന്തിൽ നിന്ന് ഒരു റൺസ് മാത്രമാണ് സജനയ്ക്ക് നേടാനായത്.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് നാറ്റ് ബ്രന്റ് പിടിച്ചു നിന്നു. 19.1 ഓവറിൽ 164 റൺസിന് മുംബൈ ഇന്ത്യൻസ് ഓൾഔട്ടാവുമ്പോൾ നാറ്റ് 59 പന്തിൽ നിന്ന് 80 റൺസോടെ പുറത്താവാതെ നിന്നു.
Read More
- ചാമ്പ്യൻസ് ട്രോഫി; വിജയികൾക്ക് ലഭിക്കുക കോടികളുടെ സമ്മാനത്തുക; പ്രഖ്യാപനവുമായി ഐസിസി
- വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം; ആര്സിബി- ഗുജറാത്ത് ആദ്യ പോരാട്ടം; മത്സരം എവിടെ എപ്പോൾ കാണാം?
- Royal Challengers Banglore: എന്തുകൊണ്ട് കോഹ്ലിയെ ആർസിബി ക്യാപ്റ്റനാക്കിയില്ല? കാരണം
- Lionel Messi Family: മെസിയും ഭാര്യയും പെൺകുഞ്ഞിനായി കാത്തിരിക്കുന്നു? അന്റോണലയുടെ പ്രതികരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.