/indian-express-malayalam/media/media_files/2024/11/20/zFMZ45LL9eYdLfPt2caq.jpg)
ടീം അർജന്റീന കേരളത്തിലേക്ക് (ഫൊട്ടൊ-എക്സ)
കൊച്ചി: ലോകകപ്പ് ഫുട്‌ബോൾ ജേതാക്കളായ അർജന്റീനാ ടീം കേരളത്തിലെത്തും. അടുത്ത വർഷമാണ് ഫുട്‌ബോൾ ഇതിഹാസം മെസ്സി ഉൾപ്പെടുന്ന അർജന്റീനൻ ഫുട്‌ബോൾ സംഘം കേരളത്തിലെത്തുന്നത്. സംസ്ഥാന കായികമന്ത്രി വി അബ്ദുറഹ്മാനാണ് ഇക്കാര്യം ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കേരളത്തിൽ അർജന്റീന ടീം രണ്ട് സൗഹൃദ മത്സരങ്ങളാണ് കളിക്കുന്നത്. ഇതിന് മുന്നോടിയായി അർജന്റീന ഫുട്‌ബോൾ ടീമിന്റെ ഭാരവാഹികൾ കേരളത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.
അടുത്ത വർഷം സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് അർജന്റീന ടീമിന് ഇടവേളയുള്ളത്. ഈ സമയത്ത് കേരളത്തിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നത്. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീന വിജയകളിലായതിന് പിന്നാലെയാണ് ടീമിനെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ കായികമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സ്‌പെയിനിലെ മഡ്രിഡിലെത്തി അർജന്റീന ഫിട്‌ബോൾ അസോസിയേഷൻ ഭാരവാഹികളെ കണ്ടിരുന്നു.
കേരളത്തിന്റെ കായിക മേഖലയ്ക്ക് ഉണർവാകും- മുഖ്യമന്ത്രി
അർജന്റീന ഫുട്‌ബോൾ ടീം കേരളം സന്ദർശിക്കുന്നത് സംസ്ഥാനത്തിന്റെ കായിക മേഖലയ്ക്ക് പുത്തൻ ഉണർവ് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു. അസാധ്യമെന്ന് പലരും എഴുതിത്തള്ളിയ ഈ സമ്മാനം കേരളത്തിലെ സ്‌പോർട്‌സ് പ്രേമികൾക്ക് നൽകാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടൽ കൊണ്ടു മാത്രമാണ്. സാമ്പത്തിക ചെലവുകൾ വഹിക്കാൻ കേരളത്തിലെ വ്യാപാരി സമൂഹം സന്നദ്ധത അറിയിച്ചിട്ടുണ്ട്.
തുടക്കം മുതലേ അനുകൂല നിലപാട് സ്വീകരിച്ച അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷൻ അധികൃതർ ഒന്നര മാസത്തിനകം കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോക സ്‌പോർട്‌സ് ഭൂപടത്തിൽ കേരളത്തിന്റെ പേര് ഉറക്കെ മുഴങ്ങിക്കേൾക്കുന്ന ഒരു നിമിഷമായിരിക്കുമത്. കേരളത്തിന്റെ കായിക സംസ്‌കാരത്തിനും കായിക മേഖലയ്ക്കും പുത്തനുണർവ്വു പകരാൻ അർജന്റീന ടീമിന്റെ സന്ദർശനത്തിനു സാധിക്കും. മെസ്സിക്കും കൂട്ടർക്കും ഊഷ്മളമായ വരവേൽപ്പു സമ്മാനിക്കാൻ നാടാകെ ആവേശപൂർവ്വം ഒരുമിക്കാം.- മുഖ്യമന്ത്രി കുറിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us