/indian-express-malayalam/media/media_files/qw372pfYo4Z4xjapwShe.jpg)
ഫയൽ ചിത്രം
ലോകം ഉറ്റുനോക്കുന്ന ചടങ്ങെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. രാജ്യമൊന്നാകെ അയോധ്യയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിവസമായാണ് ജനുവരി 22 മാറുക. അതിനുള്ള അതിവിപുലമായ ഒരുക്കങ്ങളാണ് അയോധ്യയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്നുവരുന്നത്. പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വ്രതാനുഷ്ഠാനത്തിലാണ്.
രാമക്ഷേത്രത്തിലെ രാം ലല്ലയുടെ പ്രതിഷ്ഠക്ക് ശേഷം പൊതുജനങ്ങൾക്കുള്ള ദർശനം 23 മുതൽ ആരംഭിക്കുമെന്നാണ് വിവരം. ഇന്ന് പ്രായശ്ചിത്ത, കർമകുടി പൂജകൾ നടക്കും. നാളെ മൂർത്തിയുടെ പരിസര പ്രവേശനം, 18 ന് തീർത്ഥ പൂജ, ജലയാത്ര, ജലാധിവാസം, സുഗന്ധദ്രവ്യങ്ങളിലെ ഗന്ധാധിവാസം, എന്നിവ നടക്കും. 19 ന് ഔഷധക്കൂട്ടുകൾ, കസ്തൂരി, നെയ്യ്, വിവിധ ധാന്യങ്ങൾ, എന്നിവയുപയോഗിച്ചുള്ള സ്നാനം. 20 ന് മധുരം, ഫലങ്ങൾ, എന്നിവയുപയോഗിച്ചുള്ള പൂജാ വിധികൾ, 21 ന് ശയ്യാധിവാസം എന്നിങ്ങനെയാണ് വിധി പ്രകാരമുള്ള ചടങ്ങുകൾ. 121 ആചാര്യൻമാരാണ് ഈ കർമ്മങ്ങൾ ചെയ്യുന്നത്. ഗണേശ്വർ ശാസ്ത്രികളുടെ മേൽനോട്ടത്തിൽ കാശിയിലെ ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ കാർമ്മികത്വത്തിലാണ് ഇവ നടക്കുക.
അതേ സമയം രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീരാമ വിഗ്രഹം കഴിഞ്ഞ ദിവസം ഔദ്യോഗികമായി തിരഞ്ഞെടുത്തു. മൈസൂർ സ്വദേശിയായ ശിൽപി അരുൺ യോഗിരാജ് നിർമ്മിച്ച രാമന്റ ചെറുപ്രായത്തിന്റെ പ്രതീകമായ രാം ലല്ല വിഗ്രഹമാണ് 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിഷ്ഠിക്കുക. 51 ഇഞ്ചുള്ള വിഗ്രഹമാണ് അരുൺ യോഗിരാജ് നിർമ്മിച്ചിരിക്കുന്നത്. നിലവിൽ പൂജിച്ചുകൊണ്ടിരുന്ന രാം ലല്ല വിഗ്രഹവും ഭരതൻ, ശത്രുഘ്നൻ, ലക്ഷ്മണൻ, എന്നിവരുടെ ബാല രൂപത്തിലുള്ള വിഗ്രഹങ്ങളും ഇതോടൊപ്പം പുതിയ ശ്രീകോവിലിനുള്ളിൽ സ്ഥാപിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ 11 അംഗ ബോർഡിലെ ഭൂരിഭാഗവും യോഗിരാജ് നിർമ്മിക്കുന്ന തരത്തിലുള്ള കറുപ്പ് നിറത്തിലുള്ള വിഗ്രഹം വേണമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. ട്രസ്റ്റിലെ ആകെ 15 അംഗങ്ങളിൽ 11 പേരും വിഗ്രഹം തിരഞ്ഞെടുത്തത് അതിന്റെ മതിപ്പിന്റെ അടിസ്ഥാനത്തിലാണ് എന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഇത് മാനിച്ചാണ് അരുണിന്റെ ശിൽപ്പം തന്നെ തിരഞ്ഞെടുത്തിരിക്കുന്നത്.
രാജ്യത്തെ മൂന്ന് പ്രധാന ശിൽപ്പികളാണ് അയോധ്യയിലെ വിഗ്രഹത്തിനുള്ള ശിൽപ്പ മാതൃകകൾ സമർപ്പിച്ചത്. യോഗിരാജ് 51 ഇഞ്ച് നീളത്തിലുള്ള കറുത്ത നിറത്തിലുള്ള രണ്ട് വിഗ്രഹങ്ങളാണ് സമർപ്പിച്ചത്. കർണാടക സ്വദേശിയായ ഗണേഷ് ഭട്ട് എന്നൊരു ശിൽപ്പിയും കടുംനീല-ഗ്രേ നിറത്തിലുള്ളൊരു വിഗ്രഹമാണ് സമർപ്പിച്ചത്. മൂന്നാമത്തേത് രാജസ്ഥാനുകാരായ സത്യനാരായണ പാണ്ഡെയും കുടുംബവും തൂവെള്ള നിറത്തിലുള്ള മക്രണ മാർബിളിൽ നിന്ന് കൊത്തിയെടുത്ത വിഗ്രഹവുമായിരുന്നു.
അരുൺ യോഗിരാജ് അഞ്ച് തലമുറകളായി വിഗ്രഹങ്ങൾ കൊത്തുന്ന ഒരു കുടുംബത്തിൽ നിന്നാണ് വരുന്നത്. ഈ കുടുംബം പണ്ട് മൈസൂരിലെ രാജകുടുംബത്തിനായി പ്രവർത്തിച്ചിരുന്നു. ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപമുള്ള അമർ ജവാൻ ജ്യോതിക്ക് പിന്നിലെ മേലാപ്പിൽ സ്ഥാപിച്ചിരിക്കുന്ന സുഭാഷ് ചന്ദ്രബോസിന്റെ 30 അടി പ്രതിമയും, ഉത്തരാഖണ്ഡിലെ കേദാർനാഥിലെ ആദിശങ്കരാചാര്യരുടെ 12 അടി ഉയരമുള്ള പ്രതിമയും കൊത്തിയെടുത്തതിന് അദ്ദേഹം പ്രശസ്തനാണ്. മുൻകാലങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ്, കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ഈ മാസം ആദ്യം ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ യോഗിരാജ് കൊത്തിയെടുത്ത വിഗ്രഹമായിരിക്കും രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നതെന്ന് പറഞ്ഞിരുന്നു.
150-200 കിലോഗ്രാം ഭാരമുള്ള പുതിയ വിഗ്രഹം ജനുവരി 17ന് പുതിയ ക്ഷേത്രപരിസരത്ത് എത്തിക്കുമെന്നും പ്രാൺ പ്രതിഷ്ഠയുടെ (പ്രതിഷ്ഠാ ചടങ്ങ്) മുന്നോടിയായുള്ള ചടങ്ങുകൾ ചൊവ്വാഴ്ച മുതൽ ആരംഭിച്ച് ജനുവരി 21 വരെ തുടരുമെന്നും ചമ്പത് റായ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ആർഎസ്എസ് മേധാവി മോഹൻ ഭഗവത്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുമെന്ന് രായ് കൂട്ടിച്ചേർത്തു.
Read More
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- യുവ മോഡലിന്റെ കൊലപാതകം: മൃതദേഹം കണ്ടെടുത്തത് കനാലിൽ നിന്ന്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.