/indian-express-malayalam/media/media_files/voEPMsOsUm26SywpnKV1.jpg)
എക്സ്പ്രസ് ഫയൽ ചിത്രം
ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വേഗത്തിലാക്കി ബിജെപി. അധികാരത്തിൽ ഹാട്രിക് തികയ്ക്കുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന ബിജെപി നേതൃത്വം അന്തിമ മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിനായി ഫെബ്രുവരി പകുതിയോടെ ദേശീയ കൗൺസിൽ യോഗം വിളിക്കും. രാജ്യത്തുടനീളമുള്ള നേതാക്കൾക്ക് ഈ യോഗത്തിൽ വെച്ച് തിരഞ്ഞെടുപ്പ് തന്ത്രങ്ങളടക്കമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഈ മാസം അവസനത്തോടെ കുറഞ്ഞത് 150 സീറ്റിലേക്കെങ്കിലുമുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി നേതൃത്വം നടത്തുമെന്നാണ് ലഭിക്കുന്ന സൂചന.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെ, സിറ്റിംഗ് എംപി മാർക്ക് സീറ്റ് നൽകുന്നത് പരമാവധി കുറയ്ക്കാനും പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചതായാണ് വിവരം. 70 വയസ്സിന് മുകളിലുള്ള സ്ഥാനാർത്ഥികളിൽ പലർക്കും ബിജെപി ടിക്കറ്റ് നൽകാൻ സാധ്യതയില്ലെന്നാണ് അറിയുന്നത്. വോട്ടുകൾ ഏകീകരിക്കുന്നതിനും വിഭവങ്ങളുടെ പരമാവധി വിനിയോഗം ഉറപ്പാക്കുന്നതിനുമായി ഈ മാസം അവസാനത്തോടെ 150-160 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഈ മാസം അവസാനത്തോടെ യോഗം ചേരും. ഇതിന് ശേഷമാകും ആദ്യഘട്ട പട്ടിക പുറത്തിറക്കുക.
പാർട്ടി കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് യുവാക്കളിലും സ്ത്രീകളിലും ആയിരിക്കുമെന്ന് പ്രധാനമന്ത്രി ഇതിനകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് 70 വയസ്സിന് മുകളിലുള്ള എംപിമാരെ ഒഴിവാക്കുന്നത്. പാർട്ടിക്കുളളിൽ പടലപ്പിണക്കങ്ങൾ സൃഷ്ടിക്കാതെ എം പി മാരെ മാറ്റി നിർത്താനാകും നേതൃത്വം ശ്രമിക്കുക.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, വി കെ സിംഗ്, റാവു ഇന്ദർജിത് സിംഗ്, ശ്രീപദ് നായിക്, അർജുൻ റാം മേഘ്‌വാൾ, ഗിരിരാജ് സിംഗ്, മുതിർന്ന നേതാക്കളായ രാജേന്ദ്ര അഗർവാൾ, രവിശങ്കർ പ്രസാദ്, എസ് എസ് അലുവാലിയ, പി പി ചൗധരി, സന്തോഷ് ഗാംഗ്വാർ, രാധാ മോഹൻ സിംഗ്, ജഗദംബിക പാൽ, എന്നിവരുൾപ്പെടെ ആകെ 56 ബിജെപി ലോക്‌സഭാ എംപിമാർ 70 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരാണ്.
അതേ സമയം 70 വയസ്സിന് താഴെയുള്ള നേതാക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനം എല്ലാ "മുതിർന്നവരെയും" ഒഴിവാക്കുമെന്ന് അർത്ഥമാക്കുന്നില്ലെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ മാനദണ്ഡം പ്രായം മാത്രമായിരിക്കില്ല, പാർട്ടിക്കായി വലിയ സംഭാവനകൾ നൽകുന്ന നേതാക്കൾ പലരും മുതിർന്നവരിലുണ്ടെന്നും ലോക്‌സഭയിലും പാർട്ടിക്ക് പരിചയസമ്പന്നരായ നേതാക്കളെ ആവശ്യമുണ്ടെന്നും ബിജെപി നേതൃത്വം വിശദാകരിക്കുന്നുണ്ട്.
2019 ലെ 303 സീറ്റെന്ന നേട്ടം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പരമാവധി സീറ്റുകളിൽ മത്സരിക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 437 സ്ഥാനാർത്ഥികളളാണ് ബിജെപി ടിക്കറ്റിൽ മത്സരിച്ചത്. ഇതുവരെ ജയിച്ചിട്ടില്ലാത്ത ഏതാനും സീറ്റുകളിൽ ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്താനും സാധ്യതയുണ്ട്. ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കുക എന്ന ആശയം അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേടിയ വിജയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നാണ് സൂചന. സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കുന്നത് പാർട്ടിക്ക് മുൻതൂക്കം നൽകുമെന്നാണ് നേതൃത്വം കരുതുന്നത്.
ഈ ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കിയാവും ജനുവരി അവസാനത്തോടെ പാർട്ടി ദേശീയ കൗൺസിൽ യോഗം ചേരുക. ജില്ലാ പരിഷത്ത് ഉൾപ്പെടെ 7,000 ക്ഷണിതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗം മുതൽ പാവപ്പെട്ടവരുടെ ക്ഷേമം വരെയുള്ള മേഖലകളിൽ മോദി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ യോഗം ഉയർത്തിക്കാട്ടും, പാർട്ടിയുടെ സംഘടനാ സംവിധാനം വിപുലീകരിക്കാനും തിരഞ്ഞെടുപ്പിൽ റെക്കോർഡ് മാർജിനിൽ വിജയിക്കാനും നേതാക്കൾക്ക് മാർഗനിർദേശങ്ങൾ നൽകും.
Read More
- മോദി സ്തുതി: കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ്
- ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ? കരുതലോടെ മാലി ഭരണകൂടം
- മോദിയുടെ ലക്ഷദ്വീപ് സന്ദർശനം മാലിദ്വീപിനെ പിണക്കുന്നതെങ്ങനെ? സോഷ്യൽ മീഡിയ യുദ്ധം എന്തിന്?
- ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' : പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.