/indian-express-malayalam/media/media_files/61F2rRYAEceC6XYWMG5i.jpg)
എക്സ്പ്രസ് ഫൊട്ടോ
ഗുരുഗ്രാമിലെ ഹോട്ടലിൽ വെടിയേറ്റ് 10 ദിവസത്തിന് ശേഷം മുൻ മോഡൽ ദിവ്യ പഹുജയുടെ മൃതദേഹം ശനിയാഴ്ച ഹരിയാനയിലെ തൊഹാനയിലെ ഭക്രാ കനാലിൽ നിന്നും കണ്ടെത്തി. പഞ്ചാബിലെ മൂനാക് പ്രദേശത്ത് നിന്നാണ് മൃതദേഹം കനാലിലേക്ക് തള്ളിയിരിക്കുന്നതെന്ന് ഗുഡ്ഗാവ് പോലീസ് പറഞ്ഞു. 2016-ൽ മുംബൈയിലെ ഹോട്ടൽ മുറിയിൽ ഹരിയാന ആസ്ഥാനമായുള്ള ഗുണ്ടാസംഘം വ്യാജ ഏറ്റുമുട്ടൽ നടത്തിയെന്ന കേസിലകപ്പെട്ട് ജയിലിലായ പഹുജ ജാമ്യത്തിൽ പുറത്തിറങ്ങി അഞ്ച് മാസത്തിന് ശേഷം ജനുവരി 2 നാണ് കൊല്ലപ്പെട്ടത്.
മൃതദേഹത്തിനായി ഒരാഴ്ചയിലേറെയായി തിരച്ചിൽ നടന്നിരുന്നുവെങ്കിലും വ്യാഴാഴ്ച പിടികൂടിയ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകൻ ബൽരാജ് ഗില്ലിനെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.പഹുജയുടെ മൃതദേഹം ഭക്ര കനാലിൽ തള്ളിയെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് ഭക്രാ കനാലിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിയത്.
“വെള്ളിയാഴ്ച, മൂനക്കിലെ ഭക്രാ കനാലിലേക്ക് മൃതദേഹം തള്ളിയതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. വെള്ളത്തിന്റെ ഒഴുക്ക് കാരണം മൃതദേഹം മൂനാക്കിൽ നിന്ന് മറ്റ് പ്രദേശങ്ങളിലേക്ക് ഒഴുകാൻ സാധ്യതയുള്ളതിനാൽ കനാലുകളുടെ വിവിധ ഭാഗങ്ങളിൽ ടീമുകളെ വിന്യസിച്ചാണ് തിരച്ചിൽ നടത്തിയത് ”ഗുഡ്ഗാവ് പോലീസ് വക്താവ് സുഭാഷ് ബോകെൻ പറഞ്ഞു.
“ശനിയാഴ്‌ച രാവിലെ 10 മണിയോടെ മൃതദേഹം കണ്ടെത്തിയെന്നും അവർ ഇപ്പോഴും മൃതദേഹം കനാലിൽ നിന്ന് വീണ്ടെടുക്കുകയാണെന്നും പ്രാദേശിക ടീമുകൾ ഞങ്ങളെ അറിയിച്ചു. 150-200 കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഭക്രാ കനാലിൽ ഇത്തരമൊരു തിരച്ചിൽ ശ്രമകരമായ ദൗത്യമായിരുന്നു. ഞങ്ങൾ ഓരോ ജില്ലയിലേയും കനാൽ ഒഴുകുന്ന വഴിയും കർത്യമായി പരിശോധിച്ചു," അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ക്രൈം) വരുൺ ദാഹിയ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫത്തേഹാബാദിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹുജയുടെ കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് ഡിഎസ്പി തോഹാന പറഞ്ഞു. “ഗുഡ്ഗാവ് പോലീസിന്റെ ക്രൈം ടീമും എൻഡിആർഎഫും തൊഹാനയിൽ നിന്നുള്ള സംഘവും മൃതദേഹം വീണ്ടെടുക്കാൻ സ്ഥലത്തുണ്ട്. വലത് തോളിലെ ടാറ്റൂ സ്ഥിരീകരിച്ചാണ് പഹുജയെ തിരിച്ചറിഞ്ഞത്, ”ഡിഎസ്പി കൂട്ടിച്ചേർത്തു.
അതേ സമയം പഹുജയെ കൊലപ്പെടുത്തിയ കേസിൽ ഇതുവരെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പഹുജ കൊല്ലപ്പെട്ട സെക്ടർ 14 ലെ സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമ സിംഗ്, ഇയാളെ മൃതദേഹം നീക്കാൻ സഹായിച്ച ഹോട്ടൽ ജീവനക്കാരായ ഓംപ്രകാശ്, ഹേംരാജ്, മൃതദേഹം കനാലിലേക്ക് തള്ളാൻ സിംഗിനെ സഹായിച്ച മേഘ, വ്യാഴാഴ്ച വൈകിട്ട് കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നും പിടികൂടിയ ഹൈക്കോടതിയിലെ അഭിഭാഷകൻ ബൽരാജ് ഗിൽ എന്നിവരാണ് പിടിയിലായവർ.
Read More
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
- മോദി സ്തുതി: കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ്
- ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ? കരുതലോടെ മാലി ഭരണകൂടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.