/indian-express-malayalam/media/media_files/uploads/2017/09/mamata-banerjee-7591.jpg)
മമതാ ബാനർജി (ഫയൽ ചിത്രം)
ലോക്സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇന്ത്യാ മുന്നണിയെ പ്രതിസന്ധിയിലാക്കി തൃണമൂൽ കോൺഗ്രസ്-കോൺഗ്രസ് സീറ്റ് തർക്കം. പശ്ചിമ ബംഗാളിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും (ടിഎംസി) തമ്മിലുള്ള സീറ്റ് പങ്കിടൽ ധാരണ എങ്ങുമെത്താതെ നീങ്ങുമ്പോൾ നിലപാട് കൂടുതൽ കടുപ്പിക്കുകയാണ് മമതാ ബാനർജി. സീറ്റ് ധാരണ സംബന്ധിച്ച് മുന്നണിയിലെ മറ്റ് കക്ഷികളുമായി ചർച്ച നടത്തുന്ന കോൺഗ്രസിന്റെ അഞ്ചംഗ ദേശീയ സഖ്യ സമിതിയെ കാണില്ലെന്ന് ടിഎംസി സൂചന നൽകി. സീറ്റുകൾ സംബന്ധിച്ച തങ്ങളുടെ തീരുമാനം ഇതിനകം തന്നെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും തൃണമൂൽ നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കി.
അതേ സമയം അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, മുകുൾ വാസ്‌നിക്, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ് എന്നിവരടങ്ങുന്ന കോൺഗ്രസ് പാനൽ സമാജ്‌വാദി പാർട്ടി (എസ്പി), ശിവസേന (യുബിടി), എൻസിപി, എഎപി, ആർജെഡി തുടങ്ങിയ പാർട്ടികളുമായി ഒരു റൗണ്ട് ചർച്ച പൂർത്തിയാക്കി. എന്നാൽ തൃണമൂലുമായി സംഘം ചർച്ച നടത്തുന്നതിന് മുമ്പ് തന്നെ ബംഗാളിലെ മാൾഡ ദക്ഷിണും ബഹരംപൂരും കോൺഗ്രസിന് വാഗ്ദാനം ചെയ്തതായി ടിഎംസി വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇവ രണ്ടും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്.
2019ൽ ടിഎംസിക്കും ബി.ജെ.പിക്കും എതിരെ പോരാടിയാണ് പാർട്ടി ഒറ്റയ്ക്ക് ആ സീറ്റുകൾ നേടിയതെന്നും കോൺഗ്രസിന് മമതയിൽ നിന്ന് ഒരു ദയയും ഔദാര്യവും ആവശ്യമില്ലെന്നും പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ബാനർജിക്കും ബി.ജെ.പിക്കും എതിരെ തങ്ങൾക്ക് ഒറ്റയ്ക്ക് പോരാടാൻ കഴിയും, പാർട്ടി അത് തെളിയിച്ചിട്ടുണ്ട്. എനിക്കും എന്റെ സഹപ്രവർത്തകനും രണ്ട് സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാം. രണ്ട് സീറ്റുകൾ നിലനിർത്താൻ ഞങ്ങൾക്ക് ബാനർജിയിൽ നിന്ന് ഒരു കൃപയും ആവശ്യമില്ല, ”ചൗധരി ഈ ആഴ്ച ആദ്യം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കോൺഗ്രസ് ഉന്നത തല നേതൃത്വവുമായി കൂടുതൽ ചർച്ച നടത്തിയാൽ സീറ്റുകൾ വിട്ട് നൽകേണ്ടി വരുമെന്ന ചിന്തയിലാണ് തൃണമൂൽ നേതൃത്വം സീറ്റ് ചർച്ച നടത്താതെ തന്നെ രണ്ട് സീറ്റുകൾ കോൺഗ്രസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
“ഞങ്ങൾ അവർക്ക് രണ്ട് സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ബംഗാളിലെ 42 സീറ്റുകളിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് 30 ശതമാനത്തിലധികം വോട്ടുകൾ ലഭിച്ചത്. അവർക്ക് എങ്ങനെ കൂടുതൽ സീറ്റുകൾ അവകാശപ്പെടാനാകും? ഉന്നത കോൺഗ്രസ് നേതൃത്വം മമത ബാനർജിയുമായി നേരിട്ട് സംസാരിച്ചാൽ ഒരു സീറ്റ് കൂടി അവർ വിട്ടുകൊടുത്തേക്കും. അതിനാല് കോണ് ഗ്രസ് സഖ്യ സമിതിയെ കണ്ടിട്ട് കാര്യമില്ല. ഞങ്ങളുടെ ഓഫർ വളരെ വ്യക്തമാണ്, ” ടി എം സി നേതൃത്വം വ്യക്തമാക്കി.
റായ്ഗഞ്ച്, മാൾഡ ഉത്തർ, ജംഗിപൂർ, മുർഷിദാബാദ് തുടങ്ങിയ സീറ്റുകൾക്കാണ് കോൺഗ്രസ് അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ തൃണമൂൽ കോൺഗ്രസ് ചർച്ച നടത്താൻ വിസമ്മതിച്ചതോടെ ഇരുപാർട്ടികളും തമ്മിലുള്ള ധാരണയുടെ സാധ്യത മങ്ങിയ നിലയാണ്. സഖ്യ സമിതി യോഗത്തിനായി തൃണമൂൽ കോൺഗ്രസുമായി ബന്ധപ്പെട്ടെങ്കിലും പ്രതിനിധികളെ ചർച്ചയ്ക്ക് അയക്കാൻ താൽപ്പര്യമില്ലെന്ന് തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നു. തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ഇടതുപക്ഷം നേരത്തെ തന്നെ സൂചന നൽകിയിട്ടുണ്ട്.
അതേ സമയം ദേശീയ സഖ്യ സമിതി വെള്ളിയാഴ്ച എഎപിയുടെയും സമാജ്‌വാദി പാർട്ടിയുടെയും (എസ്‌പി) നേതാക്കളുമായും ജനതാദൾ (യുണൈറ്റഡ്) നേതാക്കളുമായും രണ്ടാം ഘട്ട കൂടിക്കാഴ്ച നടത്തും. കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള ആദ്യ യോഗത്തിൽ പഞ്ചാബിനും ഡൽഹിക്കും പുറമെ ഗുജറാത്ത്, ഗോവ, ഹരിയാന എന്നിവിടങ്ങളിലും സീറ്റുകൾ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. അതിഷി, സന്ദീപ് പഥക്, സൗരഭ് ഭരദ്വാജ് എന്നിവരടങ്ങുന്ന ആം ആദ്മി പ്രതിനിധി സംഘമാണ് കോൺഗ്രസ് ഉന്നതതല സമിതിയുമായി ചർച്ച നടത്തിയത്.
ഡൽഹിയിൽ ആകെയുള്ള ഏഴ് സീറ്റിൽ നാലിലും മത്സരിക്കാനാണ് എഎപിയുടെ ലക്ഷ്യം. പഞ്ചാബിൽ സഖ്യത്തിന് അനുകൂലമാണെങ്കിലും ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ കോൺഗ്രസ് സംസ്ഥാന ഘടകം ശക്തമായി എതിർക്കുന്നത് മുന്നണിക്ക് തലവേദന സൃഷ്ടിക്കുന്നു. പശ്ചിമ ബംഗാളിന് പുറമേ മറ്റ് ചില സംസ്ഥാനങ്ങളിലും മത്സരിക്കാൻ ടിഎംസിയും താൽപ്പര്യപ്പെടുന്നു എന്നാണ് വിവരം. മേഘാലയയിൽ ഒരു സീറ്റിലും അസമിൽ രണ്ടു സീറ്റിലെങ്കിലും സ്ഥാനാർഥികളെ നിർത്താനാണ് ടി എം സി ഉദ്ദേശിക്കുന്നത്.
Read More
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
- മോദി സ്തുതി: കാർത്തി ചിദംബരത്തിന് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസ്
- ഇന്ത്യാ വിരുദ്ധ വിവാദങ്ങൾ ടൂറിസം സാധ്യതകളെ ബാധിക്കുമോ? കരുതലോടെ മാലി ഭരണകൂടം
- മോദിയുടെ ലക്ഷദ്വീപ് സന്ദർശനം മാലിദ്വീപിനെ പിണക്കുന്നതെങ്ങനെ? സോഷ്യൽ മീഡിയ യുദ്ധം എന്തിന്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.