/indian-express-malayalam/media/media_files/2025/04/01/GwvRlPk4QEC8C67zega4.jpg)
വഖഫ് നിയമ ഭേദഗതി നാളെ ലോക്‌സഭയിൽ
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ നാളെ പാർലമെന്റിൽ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ ലോക്സഭയിൽ അവതരിപ്പിക്കുക. ഇന്നു നടന്ന കാര്യോപദേശക സമിതി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ബില്ലിന്മേൽ എട്ട് മണിക്കൂർ ചർച്ച നടക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.
കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. വഖഫ് ഭേദഗതി ബിൽ അവതരണം പരിഗണിച്ച് എല്ലാ എംപിമാർക്കും വിപ്പ് നൽകാൻ ഭരണപക്ഷം തീരുമാനിച്ചിട്ടുണ്ട്. എൻഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും ടിഡിപിയും ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ബിൽ പാർലമെന്റിലെത്തുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു നേതൃത്വം പറയുന്നത്.
അതേസമയം ബില്ലിനെ എതിർക്കുമെന്ന് ഇന്ത്യ മുന്നണിയിലെ കക്ഷിയായ സമാജ് വാദി പാർട്ടി അറിയിച്ചിട്ടുണ്ട്. വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നതിനാൽ ചർച്ചയിൽ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ച് നാല് സിപിഎം എംപിമാർ ലോക്സഭ സ്പീക്കർക്ക് കത്തു നൽകി.
നേരത്തെ ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു. തുടർന്ന് എൻഡിഎ അംഗങ്ങൾ നിർദേശിച്ച 14 മാറ്റങ്ങൾ ജെപിസി അംഗീകരിച്ചിരുന്നു. തിരക്കിട്ട് ബിൽ പാസ്സാക്കാനാണ് സർക്കാരിന്റെ നീക്കം. കെസിബിസിയും സിബിസിഐയും വഖഫ് ബില്ലിനെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബില്ലിനെ പിന്തുണച്ച് കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വങ്ങളും ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയത് സംസ്ഥാനത്ത് നിന്നുള്ള കോൺഗ്രസ് എംപിമാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മുനമ്പം വിഷയം മുൻനിർത്തിയാണ് ബില്ലിന് പിന്തുണയുമായി ക്രൈസ്തവ സഭാ നേതൃത്വം രംഗത്തെത്തിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.