/indian-express-malayalam/media/media_files/2025/02/01/rpT6GpSAUDho8GCrjmtk.jpg)
കേന്ദ്ര ബജറ്റ് 2025: പുതിയ പദ്ധതികളില്ല, ലക്ഷ്യം തിരഞ്ഞെടുപ്പ്
ന്യൂഡൽഹി: മധ്യവർഗത്തിനെ ലക്ഷ്യമിട്ടുള്ള ബജറ്റ് എന്ന് നിർമലാ സീതാരാമന്റെ എട്ടാമെത്തെ ബജറ്റിനെപ്പറ്റി ഒറ്റവാക്കിൽ പറയാം. ഒറ്റയടിക്ക് ആദായനികുതി പരിധി ഉയർത്തിയതാണ് ബജറ്റിലെ വമ്പൻ പ്രഖ്യാപനം. മധ്യവർഗത്തിനൊപ്പം കർഷകർ, സ്ത്രീകൾ എന്നിവരെയും ബജറ്റ് പരിഗണിച്ചിട്ടുണ്ട്.
പുതിയ പ്രഖ്യാപനങ്ങളില്ല
വമ്പൻ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടായിരുന്നെങ്കിലും പുതിയ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടില്ല എന്നത് ശ്രദ്ധേയം. നിലവിലെ പദ്ധതികളുടെ തുടർച്ചയാണ് ഉണ്ടായിട്ടുള്ളത്. ജൽജീവൻ മിഷൻ, ഉഠാൻ, ധൻ ധാന്യ കൃഷി യോജന, കിസാൻ ക്രഡിറ്റ് കാർഡ് എന്നിവയാണ് പ്രഖ്യാപിക്കപ്പെട്ടത്. കാർഷിക മേഖലയിലാണ് ഉള്ളതിൽ കൂടുതൽ പദ്ധതികൾ എന്നത് പ്രധാനമാണ്.
ഇക്കൊല്ലത്തെ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്നാണ് ധൻ ധാന്യ കൃഷി യോജന. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജലസേചന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുസ്ഥിര കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ ഉത്പാദനമുള്ള 100 ജില്ലകളിലെ കാർഷിക ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിൽ ധൻ ധാന്യ കൃഷി യോജന ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യയിലെ 1.7 കോടി കർഷകർക്ക് പദ്ധതി പ്രയോജനം ചെയ്യും.
വർധിച്ചുവരുന്ന കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും കർഷകർക്ക് കൂടുതൽ സാമ്പത്തിക ഭദ്രത നൽകുന്നതിനുമാണ് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) പദ്ധതി. ഇതുപ്രകാരമുള്ള വായ്പാ പരിധി മൂന്ന് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി വർധിപ്പിച്ചു. 1.4 കോടി മധ്യവർഗക്കാർക്ക് വേഗത്തിലുള്ള യാത്ര സാധ്യമാക്കിയ പദ്ധതിയാണ് ഉഠാൻ. 120 സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പരിഷ്‌കരിച്ച ഉഠാൻ പദ്ധതി. പരിഷ്‌കരിച്ച പദ്ധതി അടുത്ത 10 വർഷത്തിനുള്ളിൽ ഏകദേശം നാല് കോടി അധിക യാത്രക്കാർക്ക് സഹായകമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
2016 ൽ ആരംഭിച്ച ഉഡാൻ പദ്ധതി 1.4 കോടിയിലധികം യാത്രക്കാർക്ക് പ്രയോജനപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. പദ്ധതി പ്രകാരം, രണ്ട് ജല വിമാനത്താവളങ്ങളും 13 ഹെലിപോർട്ടുകളും ഉൾപ്പെടെ 88 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 619 റൂട്ടുകൾ ഇതുവരെ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
ഇതിനുപുറമേ ഇന്ത്യയെ കളിപ്പാട്ട നിർമാണത്തിൻറെ ആഗോള ഹബാക്കാൻ പ്രഖ്യാപിച്ച പദ്ധതിയാണ് മേഡ് ഇൻ ഇന്ത്യ. പ്രത്യേക ക്ലസ്റ്ററുകളുടെ വികസനം, നൈപുണ്യ വർദ്ധനവ്, ഉയർന്ന നിലവാരമുള്ളതും നൂതനവും സുസ്ഥിരവുമായ കളിപ്പാട്ടങ്ങളുടെ ഉത്പാദനം സുഗമമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം
ബജറ്റിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയ സംസ്ഥാനം ബീഹാറാണ്. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഹാറിനായുള്ള വമ്പൻ പദ്ധതികൾ വോട്ടായി മാറുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ.
ഇതിനുപുറമേ ആദായ നികുതിയിലെ ഇളവ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഇതിനുപുറമേ ബിജെപിയുടെ പരമ്പരാഗത വോട്ടർമാരെ നിലനിർത്തുന്നതിനും ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നു.
Read More
- കേന്ദ്ര ബജറ്റ് 2025; വില കൂടുന്നവയും കുറയുന്നവയും
- ബഡാ ബീഹാർ; ഇത്തവണയും ബജറ്റിൽ വാരിക്കോരി
- അടിച്ചുമോനേ... 12 ലക്ഷം വരെ ആദായ നികുതി ഇളവ്
- കർഷകർക്ക് കൈതാങ്; കിസാൻ ക്രെഡിറ്റ് കാർഡ് പരിധി ഉയർത്തി
- ബജറ്റ് അവതരണം ; റെക്കോർഡുകൾ തിരുത്തി നിർമലാ സീതാരാമൻ
- Budget 2025 Live Updates: പൊതു ബജറ്റ് ഇന്ന്, പുതിയ പ്രഖ്യാപനങ്ങളിൽ ഉറ്റുനോക്കി രാജ്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.