/indian-express-malayalam/media/media_files/ZdQzXIQNnc18ZracqtXJ.jpg)
ടിഡിപി നേതാവ് ലോകേഷ് നായിഡു
ഡൽഹി: അതിർത്തി നിർണയം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ തർക്ക വിഷയങ്ങളിൽ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് എൻഡിഎ സർക്കാരിനെ പിന്തുണയ്ക്കുന്ന തെലുങ്ക് ദേശം പാർട്ടി. ഒരു സമുദായത്തിന്റെയും സംവരണം എടുത്തുകളയില്ലെന്ന് ടിഡിപി ഉറപ്പാക്കുമെന്ന് പാർട്ടി നേതാവും എൻ ചന്ദ്രബാബു നായിഡുവിന്റെ മകനുമായ എൻ ലോകേഷ് നായിഡു ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് സഖ്യത്തിലെ തങ്ങളുടെ നിലപാടുകളും അദ്ദേഹം വ്യക്തമാക്കി.
'ടിഡിപി എക്കാലവും മതേതര പാർട്ടിയായി തുടരും. ആരുടെയും ക്വാട്ട ഞങ്ങൾ എടുത്തുകളയില്ല. അതിൽ ആരും ആശങ്കപ്പെടേണ്ടതില്ല. കൂട്ടുകക്ഷി സർക്കാരായിരിക്കുമ്പോഴല്ല, സ്വന്തം നിലയിൽ അധികാരത്തിൽ വന്നാൽ മാത്രം മതപരമായ ക്വോട്ട എടുത്തുകളയുമെന്നതാണ് ബിജെപിയുടെ നിലപാട്. എന്നാൽ ടിഡിപി ഒരു സമുദായത്തിന്റേയും ക്വാട്ട പിൻവലിക്കില്ലെന്ന് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് മതമോ ജാതിയോ പരിഗണിക്കാതെ ദാരിദ്ര്യത്തെ നേരിടാൻ ആനുകൂല്യങ്ങൾ ലഭിക്കണമെന്ന് ചന്ദ്രബാബു നായിഡു എപ്പോഴും വാദിക്കുന്നു, അത് തുടരും, ”അദ്ദേഹം പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നീട്ടി മുസ്ലീങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നു. 2004-ൽ കോൺഗ്രസ് കേന്ദ്രത്തിൽ സർക്കാർ രൂപീകരിച്ചയുടൻ അവരുടെ ആദ്യ ദൗത്യങ്ങളിലൊന്ന് ആന്ധ്രാപ്രദേശിലെ എസ്‌സി/എസ്ടി സംവരണം കുറയ്ക്കുകയും മുസ്ലീങ്ങൾക്ക് നൽകുകയും ചെയ്യുകയായിരുന്നുവെന്ന് രാജസ്ഥാനിൽ സംസാരിക്കവെ മോദി പറഞ്ഞിരുന്നു.
2026-ഓടെ ബി.ജെ.പി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഡീലിമിറ്റേഷൻ എന്ന ഹോട്ട്-ബട്ടൺ വിഷയത്തിൽ, ഒറ്റപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് ടി.ഡി.പി ഉറപ്പാക്കുമെന്നും ആന്ധ്രാപ്രദേശിന്റെ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളുടെയും താൽപ്പര്യങ്ങളും പ്രാതിനിധ്യവും നിലനിർത്തുമെന്നും ലോകേഷ് പറഞ്ഞു. “ഡീലിമിറ്റേഷൻ, യൂണിഫോം സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങൾ ദീർഘമായി ചർച്ച ചെയ്യുകയും രമ്യമായി പരിഹരിക്കുകയും ചെയ്യും. സഖ്യത്തിലെ പങ്കാളികളുമായി ഞങ്ങൾ ഒരുമിച്ച് ഇരുന്ന് ഈ വിഷയങ്ങളിലെല്ലാം ഒരു സമവായം കൈവരിക്കാൻ ശ്രമിക്കും. ഒരുപാട് ചർച്ച ചെയ്യാനുണ്ട്,” അദ്ദേഹം പറഞ്ഞു.
തങ്ങളുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തതുപോലെ 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നിക്ഷേപം കൊണ്ടുവരികയുമാണ് ഞങ്ങളുടെ മുൻഗണന. എസ്‌സിഎസ് തീർച്ചയായും ഇതിന് സഹായിക്കും, വരും ദിവസങ്ങളിൽ ഞങ്ങൾ ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യുകയും പുതിയ ധനകാര്യ കമ്മീഷനെ കാണുകയും ചെയ്യും. ഇപ്പോൾ, എൻഡിഎയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഞങ്ങളുടെ പിന്തുണ നിരുപാധികമാണ്, കാരണം അദ്ദേഹത്തെപ്പോലെ ശക്തനായ ഒരു നേതാവിനെ രാജ്യത്തിന് ആവശ്യമാണ്, ”ലോകേഷ് പറഞ്ഞു.
വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഭരണകാലത്ത് ചന്ദ്രബാബു നായിഡുവിന്റേയും ലോകേഷിന്റേയും ഫോണുകൾ ചോർത്താൻ പെഗാസസ് ഉപയോഗിച്ചിരുന്നോ എന്നതിനെക്കുറിച്ച് ആന്ധ്രാപ്രദേശ് നിയുക്ത മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read More
- ഷെയ്ഖ് ഹസീന എത്തി, മുയിസു സന്ദർശനം സ്ഥിരീകരിച്ചു; മോദിയുടെ സത്യപ്രതിജ്ഞയിലെ വിദേശ മുഖങ്ങൾ
- സത്യപ്രതിജ്ഞയിൽ നിന്നും വിട്ടുനിൽക്കും; മോദി സർക്കാർ അധികകാലം തുടരില്ലെന്ന് മമത ബാനർജി
- മൂന്നാം മോദി സർക്കാർ; സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ മാലദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലെത്തിയേക്കും
- കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സിഐഎസ്എഫ് കോൺസ്റ്റബിളിനെതിരെ കേസെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.