/indian-express-malayalam/media/media_files/0FYAZOnPQE4iQKjQMxUG.jpg)
(Express Photo by Partha Paul)
കൊൽക്കത്ത; നാളെ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ പാനർജി. ഈ സർക്കാരിന് അധികകാലം തുടരാൻ കഴിയില്ലെന്നും എനഡിഎയിലുള്ള സഖ്യകക്ഷികളുടെ സ്ഥിതി കണ്ടറിയണമെന്നും മമത പ്രതികരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മമതയുടെ പരാമർശങ്ങൾ.
“ഞങ്ങൾക്ക് ഇതുവരെ ഒരു ക്ഷണവും ലഭിച്ചിട്ടില്ല. ഇനി അഥവാ ഞങ്ങൾ പോയാലും ചടങ്ങിൽ പങ്കെടുക്കില്ല. ഈ സർക്കാർ ജനാധിപത്യവിരുദ്ധമായും ഭരണഘടനാ വിരുദ്ധമായും രൂപീകരിക്കുകയാണ്..അതിനാൽ തന്നെ ഈ സർക്കാരിന് നമ്മുടെ ആശംസകൾ അറിയിക്കാൻ കഴിയില്ല. രാജ്യത്തിനും രാജ്യത്തെ ജനങ്ങൾക്കും ഞങ്ങൾ ആശംസകൾ നേരുന്നു" മമത പറഞ്ഞു.
യോഗത്തിന് ശേഷം പാർട്ടി എംപി സുദീപ് ബന്ദ്യോപാധ്യായയെ ലോക്‌സഭയിലെ നേതാവായി നിയമിച്ചതായും മമത ബാനർജി പറഞ്ഞു. ഡോ. കക്കോലി ഘോഷ് ദസ്തിദാർ ഉപനേതാവായും കല്യാൺ ബാനർജിയെ ലോക്‌സഭയിലെ ചീഫ് വിപ്പായും നിയമിച്ചതായും തൃണമൂൽ അദ്ധ്യക്ഷ വ്യക്തമാക്കി.
“ഇന്ന്, ഇന്ത്യ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചില്ല, എന്നാൽ അതിനർത്ഥം അവർ ഭാവിയിൽ ക്ലെയിം ചെയ്യില്ല എന്നുള്ളതല്ല. രാജ്യത്തിന് മാറ്റം ആവശ്യമാണ്. മോദിയെ ആർക്കും വേണ്ട. ഈ ഫലത്തിന് ശേഷം അദ്ദേഹം പടിയിറങ്ങണം. എൻഡിഎയിൽ സഖ്യകക്ഷികളെ എത്രത്തോളം തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് എനിക്കറിയില്ല. ഇന്ത്യാ മുന്നണിയിൽ കൊടുക്കലും വാങ്ങലും ഇല്ല. എന്നാൽ എൻഡിഎയിൽ ടീമംഗങ്ങളുടെ പ്രതീക്ഷകൾ കൂടുതലാണ്. ഇന്ത്യാ ബ്ലോക്ക് പങ്കാളികൾ സമർപ്പിതരും നിശ്ചയദാർഢ്യമുള്ളവരുമാണ്. ഈ സർക്കാർ അധികകാലം തുടരില്ലെന്ന് ഞാൻ കരുതുന്നു,” ബാനർജി പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ 29 സീറ്റുകൾ നേടിയത് ഒട്ടേറെ വെല്ലുവിളികൾ നേരിട്ടാണെന്നും മമത പറഞ്ഞു. “ഇസിഐ (ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ), സിഎപിഎഫ് (സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്) എന്നിവർ ചേർന്ന് സംയുക്തമായി അഞ്ച്-ആറ് സീറ്റുകളിൽ ഞങ്ങളെ പരാജയപ്പെടുത്തി. അല്ലായിരുന്നെങ്കിൽ 29 സീറ്റുകൾക്ക് പകരം 35 സീറ്റുകൾ ഞങ്ങൾ നേടുമായിരുന്നു" മമത പറഞ്ഞു.
തൃണമൂൽ എംപിമാർ വെറുതെ ഇരിക്കാനല്ല പാർലമെന്റിൽ പോകുന്നതെന്നും മമത പറഞ്ഞു. എൻആർസിയും സിഎഎയും തടയാൻ അവർ ശബ്ദമുയർത്തും. കർഷകരുടെ മുന്നേറ്റത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ടിഎംസിയുടെ നാലംഗ സംഘം - ഡെറക് ഒബ്രയാൻ, സാഗരിക ഘോഷ്, ഡോല സെൻ, നദിമുൽ ഹക്ക് എന്നിവർ പഞ്ചാബിലേക്ക് പോകുമെന്നും മമത ബാനർജി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.