/indian-express-malayalam/media/media_files/5WxsQdHKddVtN8ZldCHW.jpg)
രാഹുൽ ഗാന്ധി ലോക്സഭയിൽ (ഫയൽ ചിത്രം)
ഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായ ശേഷം നടത്തിയ തന്റെ കന്നി പ്രസംഗത്തിലെ പരമാർശങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കിയ നടപടിക്കെതിരെ സ്പീക്കർ ഓം ബിർളയ്ക്ക് കത്തെഴുതി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോകത്ത് സത്യത്തെ പുറന്തള്ളാൻ കഴിയുമെന്നും പക്ഷേ യാഥാർത്ഥ്യം അതാവില്ലെന്നും സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് രാഹുൽ പ്രതകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം സംബന്ധിച്ച് സ്പീക്കർക്കെഴുതിയ കത്തും അദ്ദേഹം പുറത്തുവിട്ടത്.
രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ ഹിന്ദു സമൂഹവുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങളാണ് സ്പീക്കർ സഭാ രേഖകളിൽ നിന്നും നീക്കിയത്. ഈ നീക്കത്തിനെതിരായാണ് രാഹുലിന്റെ കത്ത്. “മോദി ജിയുടെ ലോകത്ത് സത്യത്തെ തുടച്ചുനീക്കാം, എന്നാൽ വാസ്തവത്തിൽ സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല,” ചൊവ്വാഴ്ചത്തെ നടപടികൾക്ക് മുന്നോടിയായി പാർലമെന്റ് സമുച്ചയത്തിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു.“എനിക്ക് പറയാനുള്ളത്, ഞാൻ പറഞ്ഞു, അതാണ് സത്യം. അവർക്ക് എത്ര പരാമർശങ്ങൾ വേണമെങ്കിലും നീക്കം ചെയ്യാം, പക്ഷേ സത്യം വിജയിക്കും, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച സ്പീക്കർ ഓം ബിർളയെ അഭിസംബോധന ചെയ്ത കത്തിൽ തന്റെ പ്രസംഗത്തിന്റെ ഭാഗങ്ങൾ വ്യവഹാരത്തിന്റെ മറവിൽ സഭാ രേഖകളിൽ നിന്ന് ഒഴിവാക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്ന് രാഹുൽ പറഞ്ഞു. "സഭയുടെ നടപടികളിൽ നിന്ന് ചില പരാമർശങ്ങൾ ഒഴിവാക്കാനുള്ള അധികാരം ചെയറിനുണ്ട്, പക്ഷേ അത് ഒഴിവാക്കേണ്ടതാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്, വ്യവസ്ഥകൾ അത്തരം വാക്കുകൾ മാത്രമാണ്, അവയുടെ സ്വഭാവം ലോക്സഭയിലെ നടപടിക്രമങ്ങളുടെയും പെരുമാറ്റത്തിന്റെയും ചട്ടം 380 ൽ വ്യക്തമാക്കിയിട്ടുണ്ട്," കത്തിൽ രാഹുൽ എഴുതി.
“എന്നാൽ, എന്റെ പ്രസംഗത്തിന്റെ ഗണ്യമായ ഭാഗം വ്യവഹാരത്തിന്റെ മറവിൽ സഭയുടെ നടപടിക്രമങ്ങളിൽ നിന്നും എടുത്തുകളഞ്ഞ രീതി ശ്രദ്ധയിൽപ്പെട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ സഭയിൽ പറയാൻ ശ്രമിച്ചത് അടിസ്ഥാന പരമായ യാഥാർത്ഥ്യങ്ങൾ മാത്രമാണ്, ഇത് തീർത്തും വസ്തുതാപരമായ നിലപാടാണ്..." അദ്ദേഹം കത്തിൽ ആവർത്തിച്ചു.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ ആദ്യ പ്രസംഗത്തിൽ, ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ ഗവൺമെന്റിനെതിരെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി വളരെ ശക്തമായ കടന്നാക്രമണമാണ് രാഹുൽ നടത്തിയത്. "മോദി", "ഭാരത്" എന്നീ മുദ്രാവാക്യങ്ങൾക്കിടയിൽ "ജയ് സംവിധാൻ" എന്ന് പറഞ്ഞുകൊണ്ടായിരുന്നു ലോക്സഭയിൽ രാഹുൽ ഗാന്ധി തന്റെ പ്രസംഗം ആരംഭിച്ചത്. തന്റെ പ്രസംഗത്തിൽ, ട്രഷറി ബെഞ്ചിനെ നോക്കി രാഹുൽ ഗാന്ധി, "സ്വയം ഹിന്ദുക്കളെന്ന് വിളിക്കുന്നവർ അക്രമത്തെക്കുറിച്ച് സംസാരിക്കുന്നു" എന്ന് പറഞ്ഞത് ഭരണപക്ഷത്തെ ചൊടിപ്പിച്ചു. നിർഭയത്വത്തെയും അഹിംസയെയും സൂചിപ്പിക്കുന്നുവെന്ന് പറഞ്ഞ വിവിധ മത ചിത്രങ്ങളിൽ ശിവന്റെ "അഭയ് മുദ്രകൾ" - കോൺഗ്രസിന്റെ ചിഹ്നത്തെ സൂചിപ്പിക്കുന്നതാണെന്നും രാഹുൽ പറഞ്ഞു.
ഇതിനെതിരെ സഭയിൽ രാഹുലിന്റെ പ്രസംഗം നടക്കുന്നതിനിടയിൽ തന്നെ ഭരണപക്ഷം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടിറങ്ങി രാഹുലിനെ പ്രതിരോധിക്കുന്ന കാഴ്ച്ചയും ഇന്നലെ പാർലമെന്റിൽ കാണാനായി. തൊട്ടുപിന്നാലെ തന്നെ പരാമർശങ്ങളിൽ രാഹുൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് രാഹുലിന്റെ പരാമർശങ്ങൾ സ്പീക്കർ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തത്.
Read More
- നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകിയേക്കും
- ബംഗാളിൽ നടക്കുന്നത് 'താലിബാൻ' ഭരണം; തൃണമൂൽ കോൺഗ്രസിനെതിരെ ബിജെപി
- 'മോദിയും ബിജെപിയുമല്ല രാജ്യത്തെ ഹിന്ദു സമൂഹം'; ബിജെപിയെ കടന്നാക്രമിച്ച് ലോക്സഭയിൽ രാഹുൽ ഗാന്ധി
- പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിൽ രാഷ്ട്രീയം കാണരുത്; പ്രതിപക്ഷത്തോട് അമിത് ഷാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.