/indian-express-malayalam/media/media_files/2025/10/16/india-export-2025-10-16-07-34-20.jpg)
ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 6.74 ശതമാനം വളർച്ച രേഖപ്പെടുത്തി
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിനുശേഷം, സെപ്റ്റംബറിൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 12 ശതമാനം രേഖപ്പെടുത്തി. അതേസമയം, യുഎഇ, ചൈനീസ് വിപണികളിലെ നേട്ടങ്ങൾ കാരണം ഇന്ത്യയുടെ മൊത്തം കയറ്റുമതിയിൽ 6.74 ശതമാനം വളർച്ച രേഖപ്പെടുത്തി. എന്നിരുന്നാലും, സ്വർണ്ണം, വെള്ളി, വളം എന്നിവയുടെ ഇറക്കുമതിയിൽ കുത്തനെയുള്ള കുതിച്ചുചാട്ടം വ്യാപാര കമ്മി 31.15 ബില്യൺ ഡോളറായി ഉയർത്തിയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന 50 ശതമാനം യുഎസ് താരിഫുകളുടെ ആഘാതം എങ്ങനെയായിരിക്കുമെന്ന് സെപ്റ്റംബറിലെ ഡാറ്റകൾ കാണിക്കുന്നു. യുഎഇയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയിൽ 24.33 ശതമാനം വർധനവും ചൈനയിലേക്കുള്ള കയറ്റുമതിയിൽ 34.18 ശതമാനം വർധനവും ഉണ്ടായതായി ഡാറ്റ കാണിക്കുന്നു. യുഎഇയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഇറക്കുമതി യഥാക്രമം 16.35 ശതമാനവും 32.83 ശതമാനവും വർധിച്ചു.
Also Read: ബിഹാർ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപിയും ജെഡിയുവും
സെപ്റ്റംബറിൽ മൊത്തം കയറ്റുമതി 6.74 ശതമാനം വർധിച്ച് 36.38 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 34.08 ബില്യൺ ഡോളറായിരുന്നു. അതേസമയം, ഇറക്കുമതി 16.6 ശതമാനം വർധിച്ച് 68.53 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 58.74 ബില്യൺ ഡോളറായിരുന്നു. വിലയേറിയ ലോഹങ്ങളുടെ വില കഴിഞ്ഞ മാസം റെക്കോർഡ് ഉയരത്തിലെത്തിയതോടെയാണിത്. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, സേവന കയറ്റുമതി 5 ശതമാനം ഇടിഞ്ഞ് 30.82 ബില്യൺ ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 32.60 ബില്യൺ ഡോളറായിരുന്നു.
"ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസങ്ങളിൽ, ഇന്ത്യയുടെ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വർധിച്ചുവെന്നത് നല്ല കാര്യമാണ്. വ്യാപാര കമ്മി പോലും കുറവാണ്," വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. യുഎസ് തീരുവകൾ കയറ്റുമതിയിൽ ചെലുത്തുന്ന സ്വാധീനം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പ്രകടമാകുമെന്നും അതിന്റെ ഫലം മനസിലാക്കാൻ വാണിജ്യ മന്ത്രാലയം ചരക്ക് തിരിച്ചുള്ള ഡാറ്റ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: പാക്-അഫ്ഗാൻ അതിർത്തി സംഘർഷത്തിന് താത്കാലിക വിരാമം; 48 മണിക്കൂർ വെടിനിർത്തൽ
സെപ്റ്റംബറിൽ ഇറക്കുമതി കുത്തനെ ഉയരാൻ ഏറ്റവും കൂടുതൽ സംഭാവന നൽകിയത് സ്വർണവും വളങ്ങളുമാണ്. സ്വർണ ഇറക്കുമതി ഇരട്ടിയിലധികം വർധിച്ച് 9.6 ബില്യൺ ഡോളറിലെത്തി, 106.93 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ, വളം ഇറക്കുമതി 202 ശതമാനം വർധിച്ച് 2.3 ബില്യൺ ഡോളറിലെത്തി. അതേസമയം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി 5.85 ശതമാനം ഇടിഞ്ഞ് 14.03 ബില്യൺ ഡോളറിലെത്തി. റഷ്യയിൽ നിന്നുള്ള ഇറക്കുമതി 16.69 ശതമാനം കുറഞ്ഞപ്പോൾ യുഎസിൽ നിന്നുള്ള ഇറക്കുമതി 11.78 ശതമാനം വർധിച്ചതായും ഡാറ്റ വ്യക്തമാക്കുന്നു.
തുണിത്തരങ്ങൾ, ചണം, കാർപെറ്റ്, കരകൗശല വസ്തുക്കൾ എന്നിവയുടെ കയറ്റുമതി 5 മുതൽ 13 ശതമാനം വരെ കുറഞ്ഞു. എന്നിരുന്നാലും, ഇലക്ട്രോണിക് വസ്തുക്കളുടെ കയറ്റുമതി 58 ശതമാനം വർധിച്ചു. ചൈനയിലേക്കുള്ള ഇരുമ്പയിര് കയറ്റുമതിയിൽ വർധനവുണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഈ ചരക്കിൽ 60 ശതമാനം വർധനവ് പ്രകടമായി.
Also Read: തെറ്റ് അംഗീകരിക്കണം; കരൂർ ദുരന്തത്തിൽ ടിവികെയെ വിമർശിച്ച് കമൽഹാസൻ
ഇന്ത്യയുടെ ടെക്സ്റ്റൈൽ, വസ്ത്ര ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് യുഎസ്. ഇന്ത്യയുടെ ആഗോള ടി ആൻഡ് എ കയറ്റുമതിയുടെ ഏകദേശം 28 ശതമാനം അമേരിക്കയിലേക്കാണ്. ജൂലൈ 31 നാണ് ട്രംപ് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം താരിഫ് ചുമത്തിയത്. ഓഗസ്റ്റ് 6 ന്, ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ ചൂണ്ടിക്കാട്ടി 25 ശതമാനം അധിക താരിഫ് കൂടി ചുമത്തി. ഈ അധിക താരിഫുകൾ ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്നു.
2024–25 ൽ ഇന്ത്യ യുഎസിലേക്ക് 87 ബില്യൺ ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്തു. യുഎസ് പുതിയ താരിഫ് ഈ കയറ്റുമതിയുടെ 55 ശതമാനത്തെ ബാധിക്കുമെന്ന് ധനകാര്യ മന്ത്രാലയം കണക്കാക്കിയിട്ടുണ്ട്.
Read More: ഇന്ത്യക്ക് പ്രിയങ്കരനായ വ്യക്തി; റെയ്ല ഒഡിങ്കെയുടെ വിയോഗത്തിൽ അനുശോചിച്ച് മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.