/indian-express-malayalam/media/media_files/2025/01/24/K43Wnf4pZ0fhL0HvtF1O.jpg)
ഡൊണാൾഡ ട്രംപ്
ന്യൂയോർക്ക്: വിദേശ രാജ്യങ്ങൾക്ക് ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയ്ക്ക് 26ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉല്പന്നങ്ങൾക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്തുന്ന രാജ്യങ്ങൾക്ക് കൂടുതൽ നികുതിയും ചുമത്തിയിട്ടുണ്ട്.
ചൈന ഉൾപ്പടെയുള്ള എഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയ്ക്ക് കുറഞ്ഞ നികുതിയാണ് ചുമത്തിയിരിക്കുന്നത്. ചൈനയ്ക്ക് 36 ശതമാനവും തായലൈന്റിന് 36 ശതമാനവും നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്തോനേഷ്യക്ക് 32 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്.
എന്നാൽ ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളേക്കാൾ കുടുതൽ നികുതിയാണ് ഇന്ത്യയ്ക്ക് ചുമത്തിയിരിക്കുന്നത്. ജപ്പാൻ 24 ശതമാനം, ദക്ഷിണ കൊറിയ 25ശതമാനം, മലേഷ്യ 20 ശതമാനം എന്നിങ്ങനെയാണ് നികുതി നിരക്കുകൾ.
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അന്യായ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. യൂറോപ്യൻ യൂണിയന് 20 ശതമാനവും തായ് വാന് 32ശതമാനവും നികുതിയാണ് ചുമത്തിയത്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്.
ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതി
വിദേശ നിർമിത ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തി. യുഎസ് വ്യവസായിക ശക്തിയുടെ പുനർജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും യുഎസ് ഒരിക്കൽ കൂടി സമ്പന്നമാകുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"വിദേശികൾ നമ്മുടെ സ്വപ്നങ്ങൾ നശിപ്പിച്ചു. ജോലി അവസരങ്ങൾ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച് കൊടുക്കില്ല.നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ചു ചെയ്യും. തിരിച്ചടിത്തീരുവ ആ രാജ്യങ്ങൾക്ക് മേൽ ചുമത്തും. യുഎസിനെ മഹത്തരമാക്കും. ജോലി അവസരങ്ങൾ തിരിച്ചുവരും. വിദേശ വ്യാപാര പ്രതിബന്ധങ്ങൾ മറികടക്കും. യുഎസിന്റെ സുവർണ നാളുകൾ തിരിച്ചുവരും".- ട്രംപ് പറഞ്ഞു.
ഇന്ത്യക്ക് ഡിസ്‌കൗണ്ട് തീരുവയെന്ന് ട്രംപ്
ഇന്ത്യക്ക് ഡിസ്‌കൗണ്ട് തീരുവയാണ് നാൻ പ്രഖ്യാപിക്കുന്നതതെന്ന് ഡൊണാൾഡ് ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "ഇന്ത്യ, അവിടത്തെ പ്രധാനമന്ത്രി കുറച്ചു നാളുകൾക്ക് മുൻപാണ് എന്നെ സന്ദർശിച്ചത്.അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. എന്നാൽ 52 ശതമാനം തീരുവയാണ് യുഎസ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത്. പക്ഷേ അവർക്ക് 26 ശതമാനം എന്ന ഡിസ്‌കൗണ്ട് തീരുവ പ്രഖ്യാപിക്കുന്നു".- ട്രംപ് പറഞ്ഞു.
10 ശതമാനമുള്ള തീരുവ ഏപ്രിൽ അഞ്ച് മുതലും രാജ്യങ്ങൾക്കുള്ള കൂടിയ തീരുവ ഏപ്രിൽ ഒൻപതിനുമാണ് പ്രാബല്യത്തിൽ വരിക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.