/indian-express-malayalam/media/media_files/RavDHRkuG6L5UvxFYmzj.jpg)
കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 140 പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്
ചെന്നൈ: തമിഴ്നാട്ടിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 53 ആയി. കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 140 പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് വിവിധ സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിൽ പ്രവേശിപ്പിച്ച 193 പേരിൽ 140 ഓളം പേർ നിലവിൽ സുരക്ഷിതരാണെന്ന് കള്ളക്കുറിച്ചി ജില്ലാ കളക്ടർ എം എസ് പ്രശാന്ത് അറിയിച്ചു.
“ഇതുവരെ 53 പേരാണ് മരിച്ചിരിക്കുന്നത്. വ്യാജ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ”കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സന്ദർശിച്ച ശേഷം കളക്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിഷമദ്യം ആളുകൾക്ക് വിതരണം ചെയ്തയാളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നദുരൈ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മദ്യദുരന്തമുണ്ടായ കരുണപുരത്ത് ഇയാളാണ് വിഷ മദ്യം വിതരണം ചെയ്തതെന്നാണ് പൊലീസിന്റെ നി​ഗമനം.
ദുരന്തത്തിൽ മരിച്ച 29 പേരുടെ മൃതദേഹങ്ങൾ ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിഷമദ്യ ദുരന്തത്തിൽ സ്റ്റാലിൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഇന്നലെ മദ്രാസ് ഹൈക്കോടതി നടത്തിയത്. കള്ളക്കുറിച്ചി പോലെയുള്ള വിഷമദ്യ ദുരന്തങ്ങൾ ഇതാദ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോർട്ടുകൾ പൂഴ്ത്തി സർക്കാരിന് രക്ഷപ്പെടാനാകില്ലെന്നും വിമർശിച്ചു. സംഭവത്തിൽ അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം ഡിഎംകെ സർക്കാരിനെതിരായ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. പ്ലക്കാർഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തിൽ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കർ പുറത്താക്കിയെങ്കിലും ചർച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചതോടെ അംഗങ്ങളെ തിരിച്ച് വിളിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us